പെരിയാറ്റിൽ മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണം പ്രഖ്യാപിച്ചു
Tuesday, May 21, 2024 7:39 PM IST
കൊച്ചി: പെരിയാറ്റില്‍ മത്സ്യങ്ങള്‍ ചത്തു പൊങ്ങിയ സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് എറണാകുളം ജില്ലാ കളക്ടർ. കഴിഞ്ഞ ദിവസമാണ് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു പൊങ്ങിയത്.
മലിനീകരണ നിയന്ത്രണ ബോര്‍ഡ് അടിയന്തര അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും കളക്ടർ നിർദേശം നൽകി. ഇന്ന് വിളിച്ചു ചേര്‍ത്ത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിര്‍ദേശം.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ ഫോര്‍ട്ട് കൊച്ചി സബ് കളക്ടറുടെ നേതൃത്വത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഇറിഗേഷന്‍, വ്യവസായ വകുപ്പ്, ആരോഗ്യ വകുപ്പ്, വാട്ടര്‍ അഥോറിറ്റി, ഫിഷറീസ് എന്നീ വകുപ്പ് പ്രതിനിധികളെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിച്ചു.
കമ്മിറ്റി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. പാതാളം റെഗുലേറ്റര്‍ ബ്രിഡ്ജിന്റെ ഷട്ടറുകള്‍ തുറന്നതിനാല്‍ ഉപ്പുവെള്ളവുമായി ചേര്‍ന്ന് ജലത്തില്‍ ഓക്സിജന്റെ അളവ് പെട്ടെന്ന് കുറഞ്ഞ സാഹചര്യത്തിലാകാം മത്സ്യങ്ങള്‍ ചത്തു പൊങ്ങാനിടയായത് എന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പ്രാഥമിക നിഗമനം.