രാജസ്ഥാനിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് അടിച്ചു കൊന്നു
Wednesday, May 22, 2024 1:04 AM IST
ജയ്പൂർ: രാജസ്ഥാനിലെ ജുൻജുനു ജില്ലയിൽ ഒരു സംഘം ആളുകൾ യുവാവിനെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് വടികൊണ്ട് അടിച്ച് കൊലപ്പെടുത്തി. പ്രതികൾ തന്നെ പകർത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
രാമേശ്വർ വാൽമീകി (27) എന്നയാളാണ് കൊല്ലപ്പെട്ടത്. സൂരജ്ഗഡ് പോലീസ് സ്റ്റേഷൻ പരിധിയിൽ വ്യാഴാഴ്ചയാണ് സംഭവം നടന്നതെന്ന് ഹുഞ്ജുനു പോലീസ് സൂപ്രണ്ട് രാജർഷി വർമ പറഞ്ഞു.
സംഭവത്തിൽ ചിന്തു എന്ന ദീപേന്ദ്ര, പികെ എന്ന പ്രവീൺ കുമാർ, ചിന്തു എന്ന സുഭാഷ്, സുഖ് എന്ന സതീഷ്, ബാബ എന്ന പ്രവീൺ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് വർമ പറഞ്ഞു. ദീപേന്ദ്ര നിരവധി കേസുകളിലെ പ്രതിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികൾ രാമേശ്വർ വാൽമീകിയെ വീട്ടിൽ നിന്നാണ് തട്ടിക്കൊണ്ടുപോയത്. തുടർന്ന് ആളുകൾ ഇല്ലാത്ത സ്ഥലത്ത് എത്തിച്ചതിന് ശേഷം കെട്ടിയിട്ട് ക്രൂരമായി മർദിക്കുകയായിരുന്നു.