പന്തീരാങ്കാവ് കേസ്: രാഹുലിനെ കണ്ടെത്താന്‍ റെഡ് കോർണർ നോട്ടീസ് പുറത്തിറക്കാൻ പോലീസ്
Tuesday, May 21, 2024 11:00 AM IST
കോഴിക്കോട്: ജർമനിയിലേക്ക് കടന്ന പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി. ഗോപാലിനെ കണ്ടെത്താനായി റെഡ് കോർണർ നോട്ടീസ് പുറത്തിറക്കും. ഇതിനായി ക്രൈംബ്രാഞ്ച് എഡിജിപി സിബിഐ ഡയറക്ടർക്ക് അപേക്ഷ നല്കി. അപേക്ഷ സിബിഐ ഡയറക്ടർ വ്യാഴാഴ്ച ഇന്റർപോളിനു കൈമാറും.
രാഹുലിനെ കണ്ടെത്താനായി നേരത്തെ ഇന്റർപോൾ മുഖേന പോലീസ് ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചതിൽ ഫലമില്ലാതായതോടെയാണ് പുതിയ നീക്കം.
രണ്ടു ദിവസത്തിനകം റിപ്പോർട്ട് ഫ്രാൻസിലെ ഇന്റർപോൾ ആസ്ഥാനത്ത് എത്തിക്കും. ഈ റിപ്പോർട്ടിൽ സംസ്ഥാന ആഭ്യന്തര വകുപ്പിനു വിശദ മറുപടി ലഭിച്ച ശേഷമേ പ്രതിക്കെതിരെ റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിക്കൂ.
നേരത്തെ രാഹുലിന്റെ കാറിൽ രക്തക്കറ കണ്ടെത്തി. നവവധുവിന്റെ ചോരപ്പാടുകളാണിതെന്ന സംശയത്തെത്തുടർന്ന് പോലീസ് ഈ കാർ കസ്റ്റഡിയിൽ എടുത്തു. ഫോറൻസിക് വിദഗ്ധർ കാർ പരിശോധിച്ചു. മർദനം സംബന്ധിച്ച നവവധുവിന്റെയും വീട്ടുകാരുടെയും പരാതിക്കു ശാസ്ത്രീയമായ തെളിവുകൾകൂടി ശേഖരിക്കാനുള്ള നീക്കത്തിലാണു പോലീസ്.
കേസിൽ പന്തീരാങ്കാവ് പോലീസ് ആദ്യം സ്വീകരിച്ച നടപടികൾ പോലീസ് സേനയ്ക്കാകെ നാണക്കേട് സൃഷ്ടിച്ച സാഹചര്യത്തിൽ, കേസിന്റെ വിശദാംശങ്ങൾ പ്രതിക്കു ചോർത്തിക്കൊടുത്തുവെന്ന് ആരോപണമുയർന്ന പന്തീരാങ്കാവ് സ്റ്റേഷനിലെ സീനീയർ സിവിൽ പോലീസ് ഓഫീസർ ശരത് ലാലിനെ സിറ്റി പോലീസ് കമ്മീഷണർ സസ്പെൻഡ് ചെയ്തിരുന്നു. പ്രതിയുടെയും ശരത് ലാലിന്റെയും ഫോണ്‍വിളികളുടെ അടക്കം വിശദാംശങ്ങൾ പരിശോധിച്ചശേഷമാണ് സസ്പെൻഷൻ ഉത്തരവു പുറപ്പെടുവിച്ചത്.
സ്റ്റേഷനിൽ എത്തിയ പ്രതിയെ വിളിക്കുന്പോൾ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ആദ്യം പോലീസ് വിട്ടയയ്ക്കുകയായിരുന്നു. പിന്നീട് കൂടുതൽ ഗൗരവകരമായ വകുപ്പുകൾ പ്രകാരം കേസെടുക്കാൻ പോലീസ് നിർബന്ധിതമായപ്പോൾ ശരത് ലാലിന്റെ ഉപദേശം സ്വീകരിച്ചാണു പ്രതി ബംഗളൂരു വഴി ജർമനിയിലേക്കു കടന്നതെന്ന് ആരോപണം ഉയർന്നിരുന്നു.