വിധിയില്‍ സന്തോഷം, ഗുണ്ടാ നേതാവെന്ന കിരീടം തലയില്‍നിന്ന് പോയി: സുധാകരന്
Tuesday, May 21, 2024 1:34 PM IST
ന്യൂഡല്‍ഹി: ഇ.പി ജയരാജന് വധക്കേസില്‍നിന്ന് തന്നെ കുറ്റവിമുക്തനാക്കിയ കോടതി വിധിയില്‍ സന്തോഷമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. കേരള രാഷ്ട്രീയത്തില്‍ തന്നെ ക്രിമിനലായി ചിത്രീകരിക്കാന്‍ കെട്ടുകഥ ഉണ്ടാക്കി വേട്ടയാടിയ പാര്‍ട്ടിയാണ് സിപിഎമ്മെന്ന് സുധാകരന് പ്രതികരിച്ചു.
എല്‍ഡിഎഫിന്റെയും ബിജെപിയുടെയും രാഷ്ട്രീയ നയങ്ങള്‍ക്കെതിരെയുള്ള തിരിച്ചടിയാണ് കോടതി വിധി. തന്നെ എന്നും വേട്ടയാടാന്‍ ഉപയോഗിച്ച കേസാണ് അവസാനിച്ചത്.
തലയ്ക്ക് മുകളില്‍ വാള് കെട്ടിതൂക്കിയത് പോലെയായിരുന്നു തന്റെ മനസ്. ഗുണ്ടാ നേതാവെന്ന കിരീടം തലയില്‍നിന്ന് പോയെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.
വെടിയുണ്ട ശരീരത്തില്‍ ഉണ്ടെങ്കില്‍ അത് കാട്ടാന്‍ ഇ.പിയെ വെല്ലുവിളിച്ചതാണ്. അലിഞ്ഞു പോയി എന്നാണ് ഇ.പി പറഞ്ഞത്. അതിന് ഇത് തരിയുണ്ട അല്ലല്ലോ വെടിയുണ്ട അല്ലേയെന്നും സുധാകരന് പരിഹസിച്ചു. ഇ.പി സുപ്രീം കോടതിയില്‍ അപ്പീല്‍ പോയാലും നിയമപരമായി പോരാടുമെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.