ടൈഗേഴ്സ് ഡേ...
Sunday, August 24, 2025 3:37 AM IST
കാര്യവട്ടം: പേരിനെ അന്വര്‍ഥമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സിന് കേരള ക്രിക്കറ്റ് ലീഗ് (കെസിഎല്‍) ട്വന്റി-20യില്‍ തുടര്‍ച്ചയായ രണ്ടാം ജയം. സാംസണ് സഹോദരന്മാര് അണിനിരക്കുന്ന കൊച്ചി ബ്ലൂ ടൈഗേഴ്സ് ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ 34 റണ്‍സിന് ആലപ്പി റിപ്പിള്‍സിനെ തകര്‍ത്തു.
നാലു വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് ആഷിക്കും (4/17) കെ.എം. ആസിഫുമാണ് (4/23) ആലപ്പിയെ എറിഞ്ഞിട്ട് ടൈഗേഴ്സിന്റെ ജയമൊരുക്കിയത്. ആഷിക്കാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. കളിച്ച രണ്ടു മത്സരവും ജയിച്ച കൊച്ചിയുടെ പോയിന്റ് സമ്പാദ്യം നാലായി. സ്കോര്‍: കൊച്ചി ബ്ല്യൂ ടൈഗേഴ്സ് 20 ഓവറില്‍ 183/8. ആലപ്പി റിപ്പിള്‍സ് 19.2 ഓവറില്‍ 149.
തകര്‍പ്പന്‍ വിനൂപ്
ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തിയ കൊച്ചിക്കു മിന്നും തുടക്കമായിരുന്നു ലഭിച്ചത്. വിനൂപ് മനോഹര്‍- വിപുല്‍ ശക്തി ഓപ്പണിംഗ് കൂട്ടുകെട്ട് 3.2 ഓവറില്‍ 49 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. വിഗ്നേഷ് പുത്തൂരിന്റെ പന്തില്‍ വിപുല്‍ ശക്തി (11) മുഹമ്മദ് അസ്ഹറുദ്ദീനു ക്യാച്ച് നല്കി മടങ്ങി.
വിനൂപ് മനോഹര്‍ നേരിട്ട 21-ാം പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു.31 പന്തില്‍ അഞ്ചു ബൗണ്ടറിയും അഞ്ചു സിക്സും ഉള്‍പ്പെടെ 66 റണ്‍സായിരുന്നു വിനൂപിന്റെ സമ്പാദ്യം.
സഞ്ജു നിരാശപ്പെടുത്തി
കെസിഎല്ലിലെ റിക്കാര്‍ഡ് തുകയ്ക്കു കൊച്ചി സ്വന്തമാക്കിയ ഇന്ത്യന്‍ താരം സഞ്ജു സാംസണിനു തിളങ്ങാന്‍ സാധിച്ചില്ല. കെസിഎല്ലില്‍ തന്റെ ആദ്യ ഇന്നിംഗ്സില്‍ 11 പന്തില്‍ 12 റണ്‍സ് നേടാനേ സഞ്ജുവിനു സാധിച്ചുള്ളൂ. ജലജ് സക്സേനയുടെ പന്തില്‍ അക്ഷയ് ചന്ദ്രന് പിടിച്ചാണ് സഞ്ജു പുറത്താക്കിയത്. വാലറ്റത്ത് ആല്‍ഫി ഫ്രാന്‍സിസും (13 പന്തില്‍ 31 നോട്ടൗട്ട്) മുഹമ്മദ് ആഷിക്കും (3 പന്തില്‍ 12) തകര്‍ത്തടിച്ചാണ് കൊച്ചിയുടെ സ്കോര്‍ 183ല്‍ എത്തിച്ചത്.
തീപ്പൊരി ഏറ്
184 റണ്‍സിന്റെ വിജയലക്ഷ്യവുമായി ക്രീസില്‍ എത്തിയ ആലപ്പി അഞ്ച് ഓവറില്‍ വിക്കറ്റ് നഷ്ടമാകാതെ 40 റണ്‍സ് നേടി. ആറാം ഓവറില്‍ ഓപ്പണര്‍ ജലജ് സക്സേനയെ (15 പന്തില്‍ 16) കെ.എം. ആസിഫ് ബൗള്‍ഡ് ആക്കി. 10-ാം ഓവറിലെ അഞ്ചാം പന്തില്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദീനെ (9 പന്തില്‍ 11) ആല്‍ഫി ഫ്രാന്‍സീസ് സഞ്ജു സാംസണിന്റെ കൈകളിലെത്തിച്ചു.
11-ാം ഓവറില്‍ അക്ഷയ് ചന്ദ്രനെ (36 പന്തില്‍ 33) വിനൂപ് മനോഹരന് സ്വന്തം പന്തില്‍ പിടിച്ച് പുറത്താക്കി. അക്ഷയാണ് ആലപ്പിയുടെ ടോപ് സ്കോറര്‍. അഭിഷേക് പി. നായര്‍ (13 പന്തില്‍ 29), അര്ജുന് സുരേഷ് (14 പന്തില്‍ 16)എന്നിവരും ചെറുത്തു നില്‍പ്പ് നടത്തി.