തീരമേഖലയുടെ സാധ്യതകളിൽ മതിപ്പുമായി കേരള-യൂറോപ്യൻ യൂണിയൻ കോണ്‍ക്ലേവ് പ്രതിനിധികൾ
Thursday, September 18, 2025 11:43 PM IST
തിരുവനന്തപുരം: കേരളത്തിന്റെ തീരമേഖലയുടെ സാധ്യതകളിൽ മതിപ്പ് പ്രകടിപ്പിച്ച് കേരള-യൂറോപ്യൻ യൂണിയൻ കോണ്‍ക്ലേവ് പ്രതിനിധികൾ. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവും കോവളം ബീച്ചും സന്ദർശിച്ച യൂറോപ്യൻ സംഘമാണ് സംസ്ഥാനത്തെ തീരസന്പത്തിനെയും പരന്പരാഗത മത്സ്യബന്ധനത്തെയും കുറിച്ച് സന്തുഷ്ടി പ്രകടിപ്പിച്ചത്.
കോണ്‍ക്ലേവിന്റെ ഭാഗമായി ഇന്ത്യയിലെ യൂറോപ്യൻ യൂണിയൻ അംബാസഡർ ഹെർവ് ഡെൽഫിന്റെ നേതൃത്വത്തിലായിരുന്നു സന്ദർശനം. സംസ്ഥാന ഫിഷറീസ് വകുപ്പ്, കേന്ദ്ര സർക്കാർ, യൂറോപ്യൻ യൂണിയൻ സഹകരണത്തോടെയാണ് രണ്ട് തീരങ്ങൾ, ഒരേ കാഴ്ചപ്പാട് എന്ന പ്രമേയത്തിൽ ബ്ലൂ ടൈഡ്സ്: കേരള-യൂറോപ്യൻ യൂണിയൻ ദ്വിദിന കോണ്‍ക്ലേവ് കോവളം ലീല റാവിസിൽ സംഘടിപ്പിക്കുന്നത്.
കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ചരക്കുനീക്കവും ദൈനംദിന പ്രവർത്തനങ്ങളും നിരീക്ഷിച്ച പ്രതിനിധികൾ പദ്ധതിപ്രദേശത്തും സമയം ചെലവിട്ടു. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് എംഡി ഡോ. ദിവ്യ എസ്. അയ്യർ, അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ പ്രദീപ് ജയരാമൻ എന്നിവർ തുറമുഖത്തിന്റെ പ്രവർത്തനങ്ങളെയും വികസന സാധ്യതകളെയും കുറിച്ച് പ്രതിനിധികൾക്ക് വിശദീകരിച്ചു.
കന്പവല ഉപയോഗിച്ച് പരന്പരാഗത മത്സ്യത്തൊഴിലാളികൾ മീൻ പിടിക്കുന്നത് വീക്ഷിച്ചു. ചില വിദേശ പ്രതിനിധികൾ മത്സ്യത്തൊഴിലാളികൾക്കൊപ്പം പങ്കുചേർന്നു. ഫിഷറീസ് ഉദ്യോഗസ്ഥരും മത്സ്യത്തൊഴിലാളികളും പ്രതിനിധികൾക്ക് പരന്പരാഗത മത്സ്യബന്ധന രീതിയെക്കുറിച്ച് വിശദീകരിച്ചു.