വിപണിയിൽ തിരിച്ചുവരവ്
Tuesday, September 16, 2025 11:09 PM IST
മുംബൈ: ഒരു ദിവസത്തിനുശേഷം ഇന്ത്യൻ ഓഹരിവിപണി വീണ്ടും നേട്ടത്തിൽ തിരിച്ചെത്തി. ഇന്ത്യ-യുഎസ് വ്യാപാരചർച്ചകളിൽ പുരോഗതി ഉണ്ടാകുമെന്ന പ്രതീക്ഷകൾക്കും യുഎസ് ഫെഡറൽ റിസർവ് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകൾക്കും ഇടയിൽ ഓട്ടോ, റിയൽറ്റി ഓഹരികളിലെ നേട്ടമാണ് വിപണിക്ക് കരുത്തായത്. ഐടി, മെറ്റൽ, കണ്‍സ്യൂമർ ഡ്യൂറബിൾസ,് മീഡിയ ഓഹരികളും നേട്ടത്തിലെത്തി.
സെൻസെക്സ് 594.95 പോയിന്റ് (0.73%) ഉയർന്ന് 82,380.69ലും നിഫ്റ്റി 169.90 പോയിന്റ് (0.68%) നേട്ടത്തിൽ 25,239.10ലും ക്ലോസ് ചെയ്തു.
നിഫ്റ്റി മിഡ്കാപ്, നിഫ്റ്റി സ്മോൾകാപ് സൂചികകൾ യഥാക്രമം 0.54 ശതമാനം, 0.95 ശതമാനം വരെ മുന്നേറ്റം നടത്തി.
ഇന്ന് സമാപിക്കുന്ന യുഎസ് ഫെഡ് നയ തീരുമാനത്തിൽ 25 ബേസിസ് പോയിന്റ് നിരക്കു കുറയ്ക്കുമെന്ന ആഗോള സൂചനകളാണുള്ളത്. ഇന്ത്യ-യുഎസ് വ്യാപാരകരാറുകളെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ പുനരാരംഭിക്കുകയും ഇന്ത്യക്കുമേൽ ചുമത്തിയ അധിക തീരുവ എടുത്തുകളയുമെന്ന ശുഭാപ്തി വിശ്വാസവും വിപണിക്ക് കരുത്താകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
നിഫ്റ്റി മേഖലാ സൂചികകളിൽ എഫ്എംസിജി (0.27%) ഒഴികെ എല്ലാ മേഖലകളും മുന്നേറ്റം നടത്തി. നിഫ്റ്റി ഓട്ടോ (1.44%), റിയൽറ്റി (1.07%) എന്നിവയാണ് വൻ നേട്ടമുണ്ടാക്കിയത്. മെറ്റൽ (0.83%), ഐടി (0.86%), മീഡിയ (0.86%), കണ്‍സ്യൂമർ ഡ്യൂറബിൾസ് (0.80%), പ്രൈവറ്റ് ബാങ്ക് (0.78%), നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ്, ബാങ്ക്, പൊതുമേഖല ബാങ്ക് എന്നിവയുടെ ഓഹരികളും മുന്നേറ്റം നടത്തി.