ആയുഷ് മേഖലയിലെ ഐടി സൊലൂഷനുകള്‍
Thursday, September 18, 2025 1:20 AM IST
കോട്ടയം: ആയുഷ് മേഖലയിലെ ഐടി സൊലൂഷനുകള്‍ എന്ന വിഷയത്തില്‍ കോട്ടയം കുമരകത്ത് ഇന്നും നാളെയും ദ്വിദിന ദേശീയ ശില്പശാല സംഘടിപ്പിക്കും. രാവിലെ 10നു മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും.
സംസ്ഥാനം കൈവരിച്ച നേട്ടങ്ങളായ ആയുഷ് ഹോമിയോപ്പതി ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ് സിസ്റ്റം, ഭാരതീയ ചികിത്സാ വകുപ്പില്‍ നടപ്പിലാക്കുന്ന നെക്സ്റ്റ് ജെന്‍ ഇ- ഹോസ്പിറ്റല്‍ സംവിധാനം തുടങ്ങിയ സോഫ്റ്റ് വെയറുകള്‍ ശില്പശാലയില് അവതരിപ്പിക്കും.
കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ നേതൃത്വത്തിലും മറ്റ് സംസ്ഥാനങ്ങളിലും നടപ്പിലാക്കിവരുന്ന വിവിധ ഐടി സേവന മാതൃകകള്‍ ശില്പശാലയില് പ്രദര്‍ശിപ്പിക്കും.
ആയുഷ് മേഖലയ്ക്കായി സമഗ്രവും ഏകീകൃതവുമായ ഡിജിറ്റല്‍ മാതൃക രൂപപ്പെടുത്തല്‍, മികച്ച ഡാറ്റ സംയോജനത്തിലൂടെ തെളിവ് അടിസ്ഥിതമായ നയരൂപീകരണം എന്നിവ ലക്ഷ്യം വെക്കുന്ന ശില്പശാലയില് 29 സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കും.
തുടര്‍ന്ന് പ്രതിനിധി സംഘം സംസ്ഥാനത്തെ മികച്ച ആയുഷ് ചികിത്സാ കേന്ദ്രങ്ങളും ഹോംകോ, ഔഷധി തുടങ്ങിയ സര്‍ക്കാര്‍ ആയുഷ് മരുന്ന് നിര്‍മാണ കേന്ദ്രങ്ങളും സന്ദര്‍ശിക്കും.