കോ വർക്കിംഗ് സ്പേസ് ഹിറ്റ്
Thursday, September 18, 2025 11:43 PM IST
കൊച്ചി: ഒന്നിലധികം സ്റ്റാർട്ടപ്പുകൾക്കും വിവിധ സംരംഭങ്ങൾക്കും ഒരേയിടത്തിൽ ഓഫീസ് സംവിധാനങ്ങൾ സജ്ജമാക്കി നൽകുന്ന കോ വർക്കിംഗ് സ്പേസ് ആശയം ശ്രദ്ധേയമാകുന്നു.
വലിയ മുതൽമുടക്കില്ലാതെ അത്യാധുനികസൗകര്യങ്ങളോടെ ഓഫീസ് സൗകര്യം ലഭിക്കുന്നതിനാൽ സ്റ്റാർട്ടപ്പുകൾ വലിയതോതിൽ ഈ വഴി തിരിയുകയാണ്.
സ്ഥാപനങ്ങൾ സ്വന്തമായി ഓഫീസ് എടുക്കുകയും അതിന്റെ പരിപാലനത്തിനായി സുരക്ഷാജീവനക്കാർ, ശുചീകരണ തൊഴിലാളികൾ, കാന്റീൻ എന്നിവയ്ക്കായി പണം മുടക്കുകയും ചെയ്യുന്നതിലൂടെയുണ്ടാകുന്ന സാമ്പത്തികബാധ്യത കോ വർക്കിംഗ് സ്പേസ് എടുക്കുന്നതിലൂടെ ഒഴിവാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കോവിഡിനുശേഷമാണ് കോ വർക്കിംഗ് സ്പേസ് എന്ന ആശയം കൂടുതൽ പ്രചാരത്തിലായത്. സ്വന്തം ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കമ്പനികളെ സഹായിച്ചുകൊണ്ട്, ഓഫീസ് സംബന്ധമായ കാര്യങ്ങൾ കോ വർക്കിംഗ് സ്പേസ് സേവനദാതാക്കൾക്ക് വിട്ടുനൽകുന്ന രീതിക്ക് സംരംഭകർക്കിടയിലും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്.
മലയാളി സംരംഭകരായ സിജോ ജോസും ജയിംസ് തോമസും ചേർന്നു കൊച്ചിയിൽ തുടക്കമിട്ട സ്പേസ് വൺ എന്ന കോ വർക്കിംഗ് സ്പേസ് സംരംഭം ഐടി, സംരംഭക ലോകത്തു ശ്രദ്ധ നേടിയത് വേഗത്തിലാണ്. കേരളത്തിനുപുറമെ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ വിവിധ നഗരങ്ങളിലായി 5.5 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള ഓഫീസ് സ്പേസാണ് ഇവർ ഇപ്പോൾ കൈകാര്യം ചെയ്യുന്നത്. ഇതിനോടകം സ്വന്തമാക്കിയത് 70 കോടിയിലധികം രൂപയുടെ നിക്ഷേപം.
കോർപറേറ്റുകൾ, വളരുന്ന സംരംഭങ്ങൾ, സ്റ്റാർട്ടപ്പുകൾ, ഫ്രീലാൻസർമാർ തുടങ്ങി വലിയൊരുവിഭാഗം ഇപ്പോൾ തങ്ങളുടെ സേവനം തേടുന്നുണ്ടെന്ന് സ്പേസ് വൺ സഹസ്ഥാപകരും ഡയറക്ടർമാരുമായ സിജോ ജോസും ജയിംസ് തോമസും പറയുന്നു.
ബാങ്കിംഗ്, ഐടി, മീഡിയ സേവനദാതാക്കൾ തങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നു. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കോയമ്പത്തൂർ, ബംഗളൂരു എന്നിവിടങ്ങളിൽ ഇപ്പോൾ സ്പേസ് വൺ സജീവമാണ്. വൈകാതെ ചെന്നൈ, ഹൈദരാബാദ്, മധുര ഉൾപ്പെടെയുള്ള നഗരങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുമെന്നും അവർ പറഞ്ഞു.
എന്താണ് കോ വർക്കിംഗ് സ്പേസ്?
സ്റ്റാർട്ടപ്പുകൾ, കമ്പനികൾ, ഫ്രീലാൻസ് ജോലികൾ ചെയ്യുന്ന പ്രഫഷണലുകൾ എന്നിവർ ഒരുമിച്ച് ഒരു പൊതുപശ്ചാത്തലത്തിൽ ജോലി ചെയ്യുന്ന ഓഫീസ് സ്ഥലമാണു കോ വർക്കിംഗ് സ്പേസ്. പരമ്പരാഗത ഓഫീസുകളിൽനിന്നു വ്യത്യസ്തമായി സ്വകാര്യ ഓഫീസുകൾ, മീറ്റിംഗ് റൂമുകൾ തുടങ്ങി വിവിധ വർക്ക്സ്റ്റേഷനുകളും വാഗ്ദാനം ചെയ്യുന്നു.