അമേരിക്കന്‍ വെല്ലുവിളികൾ നേരിടാൻ സമുദ്രോത്പന്ന കയറ്റുമതി മേഖല
Sunday, September 14, 2025 2:07 AM IST
അജി വള്ളിക്കീഴ്
കൊല്ലം: സമുദ്രോത്പന്നങ്ങളുടെ കയറ്റുമതിക്ക് 102 പുതിയ ഫിഷറീസ് സ്ഥാപനങ്ങള്‍ക്കുകൂടി യൂറോപ്യന്‍ യൂണിയന് (ഇയു) അംഗീകാരം നല്‍കിയതോടെ അമേരിക്കന്‍ ചുങ്കം അടക്കമുള്ള കടുത്ത വെല്ലുവിളികളെ നേരിടാൻ രാജ്യത്തെ സമുദ്രോത്പന്ന കയറ്റുമതി മേഖലയ്ക്ക് വഴി തുറക്കും.
യൂറോപ്യന്‍ യൂണിയന് അംഗീകാരമുള്ള ഇന്ത്യന്‍ സമുദ്രോത്പന്ന കയറ്റുമതി സ്ഥാപനങ്ങളുടെ എണ്ണം പുതിയ തീരുമാനത്തോടെ 538ല്‍നിന്ന് 604 ആയി ഉയര്‍ന്നിരിക്കുകയാണ്. യൂറോപ്യന്‍ യൂണിയനിലേക്ക് പ്രധാനമായും രാജ്യം കയറ്റുമതി ചെയ്തു വരുന്ന ഇനങ്ങള്‍ ശീതീകരിച്ച ചെമ്മീന്‍, കണവ, കൂന്തല്‍ എന്നിവയാണ്. ശീതീകരിച്ച ചെമ്മീന്‍, ഫ്രോസണ്‍ സെഫലോപോഡുകള്‍, മൂല്യവര്‍ധിത ഉത്പന്നങ്ങളായ ചെമ്മീന്‍, ട്യൂണ എന്നിവയുടെ കയറ്റുമതി വര്‍ധിപ്പിക്കാന്‍ ഇന്ത്യക്ക് വലിയ സാധ്യതയാണ് ഉണ്ടായിരിക്കുന്നത്.
സമുദ്രോത്പന്നങ്ങളുടെ ഉത്പാദനം മുതല്‍ വിപണനം വരെയുള്ള എല്ലാ ഘട്ടങ്ങളിലും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള സമുദ്രോത്പന്ന കയറ്റുമതി വികസന അഥോറിറ്റിയുടെയും എക്സ്പോര്‍ട്ട് ഇന്സ്പെക്ഷന് കൗണ്‍സിലിന്റെയും ശ്രമങ്ങളാണ് ഇക്കാര്യത്തിൽ സഹായകമായത്. സമുദ്രോത്പന്നങ്ങളുടെ ഉത്പാദനം മുതല്‍ കയറ്റുമതി വരെയുള്ള എല്ലാ ഘട്ടങ്ങളിലും ഇന്ത്യ പാലിക്കുന്ന ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ ഇക്കാര്യത്തിൽ ഗുണകരമായെന്ന് എംപിഇഡിഎ ചെയര്മാന് ഡി.വി. സ്വാമി പറയുന്നു.
വലിയ ലാഭസാധ്യതകളുള്ള യൂറോപ്യന്‍ സമുദ്രോത്പന്ന വിപണിയില്‍ ഇന്ത്യയുടെ സാന്നിധ്യം വര്‍ധിക്കാനിടയാക്കുന്ന പുതിയ തീരുമാനം വിദേശനാണ്യ വര്‍ധനയ്ക്ക് വാതായനങ്ങൾ തുറക്കുന്നതും മത്സ്യത്തൊഴിലാളി സമൂഹത്തിനു പ്രതീക്ഷകൾ നൽകുന്നതുമാണ്.
യൂറോപ്യന്‍ യൂണിയന് അംഗീകാരമുള്ള ഫിഷറീസ് സ്ഥാപനങ്ങളുടെ കുറവ് മത്സ്യ കയറ്റുമതിക്കാര്‍ക്ക് ഇന്നലെ വരെ കടുത്ത പ്രതിബന്ധങ്ങളാണ് ഉണ്ടാക്കിയിരുന്നത്. പുതിയ കരാര്‍, ഗുണമേന്മയുള്ള ഉത്പന്നങ്ങളിലൂടെ യൂറോപ്യന്‍ വിപണിയില്‍ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ രാജ്യത്തെ കയറ്റുമതിക്കാര്‍ക്ക് വലിയ അവസരം നൽകും.
സ്പെയിന്, ബെല്‍ജിയം, ഇറ്റലി എന്നിവയാണ് യൂറോപ്യന്‍ യൂണിയന് അംഗരാജ്യങ്ങളില്‍ ഇന്ത്യയുടെ പ്രധാന വിപണി. ഇന്ത്യയുടെ പുതിയ ഇഎഫ് ടിഎ വ്യാപാരക്കരാര്‍ 2025 ഒക്ടോബര്‍ ഒന്നുമുതൽ പ്രാബല്യത്തില്‍ വരുന്നതോടെ സ്വിറ്റ്സര്‍ലന്‍ഡ്, നോര്‍വേ, തുടങ്ങിയ ഇഎഫ് ടിഎ രാജ്യങ്ങളിലേക്ക് കൂടി വിപണിപ്രവേശനം സാധ്യമാവുകയാണ്.
ഇയു അംഗീകാരത്തിനായി നിരവധി നാളുകളായുള്ള ശ്രമത്തിന്റെ ഫലപ്രാപ്തിയില്‍ എംപിഇഡിഎയുടെയും ഇഐസിയുടെയും നിരന്തരമായ ശ്രമങ്ങള്‍ക്കു വലിയ പങ്കുണ്ടെന്ന് തമിഴ്നാട്ടിലെ തൂത്തുക്കുടിയിലുള്ള ഐലന്‍ഡ് എക്സ്പോര്‍ട്സിലെ സന്തോഷ് പ്രഭു പ്രതികരിച്ചിട്ടുള്ളത്. 102 കൊഞ്ച് സംസ്കരണ പ്ലാന്റുകള്ക്കുകൂടി ഇയു അംഗീകാരം നേടിയെടുക്കാന്‍ നടത്തിയ ശ്രമങ്ങൾക്ക് എംപിഇഡിഎക്ക് നന്ദി അറിയിച്ചുകൊണ്ട് മയങ്ക് അക്വാകള്‍ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എംഡി ഡോ. മനോജ് ശര്‍മ ട്വീറ്റ് ചെയ്തിട്ടുണ്ട്.
കോല്‍ക്കത്തയിലെ ബസു ഇന്റര്‍നാഷണലിലെ വിജയ് ഗോപാല്‍, തൂത്തുക്കുടിയിലെ ദേവ സീഫുഡ്സിലെ ജ്ഞാനരാജ, ഫ്രണ്ടൈന് എക്സ്പോര്‍ട്സിലെ നിയാസ് കോയ, ഗുജറാത്തിലെ വേരാവലിലുള്ള നിഷിന്ഡോ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍ ദുര്‍ഗേഷ് ഖൊരാവ തൂത്തുക്കുടിയിലെ എസ്.വി. സീഫുഡ്സിലെ കേശവന്, ഭുവനേശ്വറിലെ ആശാദീപ് അക്വാകള്‍ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡിലെ പവന് തിവാരി എന്നിവരും തങ്ങളുടെ കമ്പനികള്‍ക്ക് ഇയു ലിസ്റ്റിംഗില്‍ ഇടം നേടാന്‍ സഹായിച്ചതിന് എംപിഇഡിഎയുടെയും ഇഐസിയുടെയും ശ്രമങ്ങളെ പ്രശംസിച്ചിട്ടുണ്ട്.
പോയ വർഷം 62,408.45 കോടി രൂപയുടെ (7.45 ബില്യണ്‍ യുഎസ് ഡോളര്‍) മൂല്യമുള്ള 16,98,170 മെട്രിക് ടണ്‍ സമുദ്രോത്പന്നങ്ങളാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. യുഎസ്എയും ചൈനയുമാണ് ഇന്ത്യയില്‍നിന്നുള്ള സമുദ്രോത്പന്നങ്ങളുടെ പ്രധാന ഇറക്കുമതിക്കാര്‍. ഈ കാലയളവില്‍ അളവിലും മൂല്യത്തിലും മുന്നിട്ടു നിന്നത് ശീതീകരിച്ച ചെമ്മീനായിരുന്നു.