സ്വര്‍ണവില വീണ്ടും ഉയരങ്ങളിലേക്ക്; പവന് 82,080 രൂപ
Tuesday, September 16, 2025 11:09 PM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയരങ്ങളിലേക്ക്. ഇന്നലെ ഗ്രാമിന് 80 രൂപയും പവന് 640 രൂപയും വര്‍ധിച്ച് സര്‍വകാല റിക്കാര്‍ഡില്‍ തുടരുകയാണ്. ഇതോടെ ചരിത്രത്തില്‍ ആദ്യമായി ഗ്രാമിന് 10,260 രൂപയും പവന് 82,080 രൂപയുമായി.
അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3681 ഡോളറാണ്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപ വര്‍ധിച്ച് 8,425 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6,560 രൂപയും 9 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 4,230 രൂപയുമാണ് വിപണിവില.
വെള്ളിവില വര്‍ധനയും തുടരുകയാണ്. ട്രോയ് ഔണ്‍സിന് 42.54 ഡോളറിലാണ് അന്താരാഷ്ട്ര വില. ഒരു പവന് സ്വര്‍ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ 90,000 രൂപയ്ക്ക് അടുത്ത് നല്‍കേണ്ടിവരും.
ദീപാവലി അടുക്കുന്നതിനാല്‍ വില ഇനിയും ഉയരുമെന്ന സൂചനകളാണ് പുറത്തുവരുന്നതെന്ന് ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ്. അബ്ദുള്‍ നാസര്‍ പറഞ്ഞു.