ജിഎസ്ടി പരിഷ്കാരത്തിലൂടെ രണ്ടു ലക്ഷം കോടിയുടെ നേട്ടം: ധനമന്ത്രി
Thursday, September 18, 2025 1:20 AM IST
വിശാഖപട്ടണം: ജിഎസ്ടി പരിഷ്കാരങ്ങൾ സന്പദ് വ്യവസ്ഥയിലേക്ക് രണ്ട് ലക്ഷം കോടി രൂപയാണ് നിക്ഷേപിക്കാൻ പോകുന്നതെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇതോടെ നികുതിയായി മാറേണ്ടിയിരുന്ന പണം ജനങ്ങളുടെ കൈകളിൽ തന്നെയെത്തുമെന്നും മന്ത്രി പറഞ്ഞു.
12 ശതമാനം ജിഎസ്ടി സ്ലാബിനു കീഴിൽ വന്നിരുന്ന 99 ശതമാനം ഉത്പന്നങ്ങളും അഞ്ച് ശതമാനത്തിലേക്ക് എത്തിയിരിക്കുന്നു. ഈ മാസം 22ന് പരിഷ്കാരങ്ങൾ പ്രാബല്യത്തിൽ വരുന്നതിനു മുൻപ് തന്നെ കൺസ്യൂമർ ഉൽപന്ന നിർമാണ കന്പനികൾ നിരക്കുകൾ കുറച്ച് ഉപയോക്താക്കൾക്ക് പ്രയോജനങ്ങൾ കൈമാറുന്ന തലത്തിലേക്ക് എത്തിയിട്ടുണ്ടെന്ന് അടുത്ത തലമുറ ജിസ്ടി പരിഷ്കാരങ്ങളെ സംബന്ധിച്ചുള്ള സംവാദ പരിപാടിയിൽ സംസാരിക്കവേ അവർ പറഞ്ഞു.
കഴിഞ്ഞ എട്ടു വർഷത്തിനിടെ ജിഎസ്ടി വരുമാനം കൂടിയതും നികുതിദായകരുടെ എണ്ണം വർധിപ്പിതും അവർ വീണ്ടും ചൂണ്ടിക്കാട്ടി. അതോടൊപ്പം, യുപിഎ സർക്കാരിനെ വിമർശിച്ച നിർമല സീതാരാമൻ, അവരുടെ ഭരണകാലത്ത് നിലനിന്നിരുന്ന നികുതി ഘടനയെ ‘നികുതി ഭീകരവാദം’ എന്നും വിശേഷിപ്പിച്ചു.