സംസ്ഥാനതല കൈത്തറി കോൺക്ലേവ് 16ന് കണ്ണൂരിൽ
Monday, October 13, 2025 10:34 PM IST
കണ്ണൂർ: സമഗ്ര വികസനം ലക്ഷ്യമിട്ട് പ്രതിസന്ധികൾ ചർച്ച ചെയ്യുന്നതിനായി സംസ്ഥാനതല കൈത്തറി കോൺക്ലേവ് കണ്ണൂർ റബ്കോ ഓഡിറ്റോറിയത്തിൽ 16നു നടക്കും. രാവിലെ 10നു മന്ത്രി പി. രാജീവ് ഉദ്ഘാടനം നിർവഹിക്കും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും.
എംപിമാരായ കെ. സുധാകരൻ, വി. ശിവദാസൻ, പി. സന്തോഷ്കുമാർ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, എംഎൽഎമാർ, വ്യവസായ വകുപ്പ് സ്പെഷൽ ഡ്യൂട്ടി ഓഫീസർ ആനി ജൂല തോമസ്, കൈത്തറി തൊഴിലാളി യൂണിയൻ നേതാക്കളായ അരക്കൻ ബാലൻ, താവം ബാലകൃഷ്ണൻ, ജോസ് ജോർജ് തുടങ്ങിയവർ പ്രസംഗിക്കും. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് സ്വാഗതവും സംഘാടക സമിതി ചെയർമാൻ ടി.കെ. ഗോവിന്ദൻ നന്ദിയും പറയും.
വിവിധ വിഷയങ്ങളിൽ ഹാൻവീവ് ചെയർമാൻ ടി.കെ. ഗോവിന്ദൻ, ഹാൻടെക്സ് കൺവീനർ പി.വി. രവീന്ദ്രൻ, തുടങ്ങിയവർ വിഷയം അവതരിപ്പിക്കും. വൈകുന്നേരം മൂന്നിനു ചേരുന്ന സമാപന സമ്മേളനം സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും.
മൂല്യവർധിത ഉത്പന്ന നിർമാണത്തിലൂടെ കൈത്തറി മേഖലയെ ശക്തിപ്പെടുത്താനും തൊഴിലാളികളുടെ ജോലി ഭാരം ലഘൂകരിച്ച് ഉത്പാദനവും വിപണനവും വർധിപ്പിക്കുന്നതിനുമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ വിദഗ്ധർ തയാറാക്കിയ റിപ്പോർട്ടിന്റെ കരട് കോൺക്ലേവിൽ അവതരിപ്പിക്കും.
പത്രസമ്മേളനത്തിൽ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.എസ്. അജിമോൻ, കേരള ദിനേശ് ചെയർമാൻ എം.കെ. ദിനേശ് ബാബു, ഹാൻഡ് ലൂം വെൽഫെയർ ബോർഡ് ചെയർമാൻ അരക്കൻ ബാലൻ, എൻ. ശ്രീധരൻ, കൊല്ലോൺ മോഹനൻ, കെ.വി. സന്തോഷ്കുമാർ, വ്യവസായ വകുപ്പ് ഡെപ്യൂട്ടി രജിസ്ട്രാർ കെ.പി. ഗിരീഷ്കുമാർ എന്നിവർ പങ്കെടുത്തു.