ജീവനക്കാരുടെ എണ്ണം കുറഞ്ഞു;ടിസിഎസിൽ കൂട്ടപ്പിരിച്ചുവിടലെന്ന് ആരോപണം
Saturday, October 11, 2025 4:53 AM IST
ബംഗളൂരു: ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കന്പനിയായ ടാറ്റാ കണ്‍സൾട്ടൻസി സർവീസസിന്റെ രണ്ടാം പാദത്തിലെ ഫലങ്ങൾക്കൊപ്പം പുറത്തുവന്ന ജീവനക്കാരുടെ എണ്ണം സംബന്ധിച്ച റിപ്പോർട്ട് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തുന്നു.
ഈ പാദത്തിൽ കന്പനിയിലെ ജീവനക്കാരുടെ എണ്ണത്തിൽ ഏകദേശം 20,000ത്തോളം പേരുടെ കുറവുണ്ടായതായാണ് റിപ്പോർട്ട് കാണിക്കുന്നത്. കന്പനി കൂട്ട പിരിച്ചുവിടലാണ് നടത്തിയിരിക്കുന്നതെന്ന് ഐടി ജീവനക്കാരുടെ യൂണിയനായ നാസന്റ് ഇൻഫർമേഷൻ ടെക്നോളജി എംപ്ലോയീസ് സെനറ്റ് (എൻഐടിഇഎസ്) ആരോപിച്ചു.
2025-26 സാന്പത്തികവർഷത്തിന്റെ രണ്ടാം പാദത്തിൽ ടിസിഎസ് 1,135 കോടി രൂപയുടെ ഒറ്റത്തവണ പുനഃസംഘടനാ ചെലവാണ് രേഖപ്പെടുത്തിയത്. പ്രധാനമായും പിരിച്ചുവിടലിനും സ്ഥാപനത്തിലുടനീളം ജോബ് റോളുകൾ പുനഃക്രമീകരിക്കുന്നതിനുമുള്ള പദ്ധതിയാണ് കന്പനി മുന്നോട്ടു കൊണ്ടുപോയത്. വരും പാദത്തിൽ കൂടുതൽ പിരിച്ചുവിടലുകൾ ഉണ്ടാകുമെന്ന് സൂചന നൽകുന്നു.
കന്പനി നേരത്തേ ആസൂത്രണം ചെയ്തതിനേക്കാൾ 66 ശതമാനം കൂടുതലാണ് പിരിച്ചുവിടൽ നിരക്ക്. ഈ കണക്കുകൾ ചൂണ്ടിക്കാട്ടി ടിസിഎസ് കൂട്ടപിരിച്ചുവിടലുകൾ നടത്തുകയാണെന്ന് എൻഐടിഇഎസ്ആരോപിച്ചു. 2025-26 സാന്പത്തിക വർഷത്തിന്റെ ജൂണ്‍ മുതൽ സെപ്റ്റംബർ വരെയുള്ള പാദത്തിൽ ടിസിഎസിന്റെ മൊത്തം ജീവനക്കാരുടെ എണ്ണം 19,755 കുറഞ്ഞ് 5,93,314 ആയതായി കണക്കുകൾ വ്യക്തമാക്കുന്നു.
ജൂണ്‍ പാദത്തിൽ 6,13,069 ജീവനക്കാരാണുണ്ടായിരുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപുലീകരണം കണക്കിലെടുത്ത് കന്പനി ജീവനക്കാരുടെ എണ്ണം പുനഃക്രമീകരിക്കുന്നതായി ജൂലൈയിൽ അറിയിച്ചിരുന്നു. 2025-26 സാന്പത്തിക വർഷത്തിൽ ആഗോളതലത്തിൽ ഏകദേശം 12,000 ജീവനക്കാരെ (ഏകദേശം രണ്ടു ശതമാനം ജീവനക്കാരെ) പിരിച്ചുവിടുമെന്നായിരുന്നു കന്പനി വ്യക്തമാക്കിയത്. ഇതൊരു ചെറിയ വ്യത്യാസമല്ല. ടിസിഎഎസ് പ്രഖ്യാപിച്ചതിലും കൂടുതലായി 8000ത്തോളം ജീവനക്കാർ അപ്രത്യക്ഷരായിട്ടുണ്ടെന്ന് എൻഐടിഇഎസ് പ്രസിഡന്റ് ഹർപ്രീത് സിംഗ് സലൂജ പറഞ്ഞു.
20,000 പേരുടെ എണ്ണം കുറഞ്ഞത് സ്വമേധയാ ഉള്ളതും അല്ലാത്തതുമായ പിരിച്ചുവിടലാണെന്ന് ടിസിഎസ് പുതിയതായ നിയമിച്ച ചീഫ് ഹ്യൂമൻ റിസോഴ്സ് ഓഫീസർ സന്ദീപ് കുന്നുമൽ പറഞ്ഞു. സ്വമേധയാ അല്ലാതെ 6000 പേരെ പിരിച്ചുവിട്ടതായി അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ടാംപാദ സാന്പത്തിക വർഷം ടിസിഎസിന്റെ ലാഭം 1.4 ശതമാനം വാർഷിക വളർച്ചയോടെ 12,075 കോടി രൂപയായി.