നവീന പദ്ധതികളുമായി ധനലക്ഷ്മി ഹയർ പർച്ചേസ് ആൻഡ് ലീസിംഗ്; യുവരാജ് സിംഗ് ബ്രാൻഡ് അംബാസഡർ
Saturday, October 11, 2025 11:44 PM IST
തൃശൂർ: ധനകാര്യമേഖലയിൽ അതിവേഗ വളർച്ച കൈവരിച്ച് ജനശ്രദ്ധനേടി മുന്നേറുന്ന ധനലക്ഷ്മി ഹയർ പർച്ചേസ് ആൻഡ് ലീസിംഗ് ലിമിറ്റഡ്, സേവനത്തിന്റെ അഞ്ചാംവർഷത്തിലേക്കു കടക്കുന്പോൾ വിവിധ നവീനപദ്ധതികൾ ആവിഷ്കരിച്ചതായി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. വിപിൻദാസ് കടങ്ങോട്ട് അറിയിച്ചു.
2026 ജനുവരി മുതൽ പ്രശസ്ത ക്രിക്കറ്റ് താരമായ യുവരാജ് സിംഗ് കന്പനിയുടെ പുതിയ ബ്രാൻഡ് അംബാസഡറായി ചുമതലയേൽക്കും. കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമായ യുവരാജ് സിംഗിനെ ബ്രാൻഡിന്റെ മുഖമാക്കുന്നതിലൂടെ കന്പനി വളർച്ചയുടെ പുതിയ പാതകൾ തുറക്കുകയാണെന്നു ചെയർമാൻ പറഞ്ഞു.
കേരളം, കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, ന്യൂഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ശക്തമായ സാന്നിധ്യത്തിനുപുറമേ കന്പനി അഞ്ച് സംസ്ഥാനങ്ങളിലേക്കുകൂടി സേവനങ്ങൾ വ്യാപിപ്പിക്കും.
ഗോൾഡ് ലോണുകൾക്കായി മാത്രം പ്രവർത്തിക്കുന്ന എൻബിഎഫ്സി ആയി കന്പനി മാറുകയാണ്. മികച്ച സേവനവും കുറഞ്ഞ പലിശനിരക്കും ഉറപ്പാക്കി സ്വർണത്തിന്റെ സാധ്യതകൾ ജനങ്ങൾക്കു പരമാവധി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.
2026 മുതൽ കന്പനി എൻസിഡി പബ്ലിക് ഇഷ്യു (നോൺ കൺവെർട്ടബിൾ ഡിബഞ്ചേഴ്സ്) അവതരിപ്പിക്കും. നിക്ഷേപകർക്കു വിശ്വസ്തമായ വളർച്ചാമാർഗം നൽകുന്നതിനോടൊപ്പം പദ്ധതിയിലൂടെ കന്പനി സേവനമേഖലയിലും സാമൂഹികരംഗത്തും കൂടുതൽ വിപുലീകരണം ലക്ഷ്യമിടുകയാണ്.
തൃശൂരിൽ 50 പേരുടെയും 216 ആദിവാസി യുവതീയുവാക്കളുടെയും സമൂഹവിവാഹം നടത്തി സാമൂഹികപ്രതിബദ്ധത തെളിയിച്ച കന്പനി, 2030ൽ ആയിരം പേരുടെ സമൂഹവിവാഹം സംഘടിപ്പിക്കുമെന്നും ചെയർമാൻ ഡോ. വിപിൻദാസ് കടങ്ങോട്ട് പ്രഖ്യാപിച്ചു.