ടിസിഎസ് യുകെയിൽ പ്രവർത്തനം വിപുലീകരിക്കും
Saturday, October 11, 2025 4:53 AM IST
മുംബൈ: ഇന്ത്യയിലെ ഐടി ഭീമന്മാരായ ടാറ്റ കണ്‍സൾട്ടൻസി സർവീസസ് (ടിസിഎസ്) യുകെയിൽ പ്രവർത്തനം വിപുലീകരണം പ്രഖ്യാപിച്ചു. അടുത്ത മൂന്ന് വർഷങ്ങൾക്കുള്ളിൽ പുതിയ 5,000 തൊഴിലവസരങ്ങൾ യുകെയിൽ സൃഷ്ടിക്കും.
ഇതിന്റെ ഭാഗമായി ലണ്ടനിൽ എഐ എക്സ്പീരിയൻസ് സോണും ഡിസൈൻ സ്റ്റുഡിയോയും ആരംഭിക്കുന്നതായും ടിസിഎസ് പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബറിൽ ന്യൂയോർക്കിൽ ആദ്യ ഡിസൈൻ സ്റ്റുഡിയോ സ്ഥാപിച്ച ശേഷം രണ്ടാമത്തെ സ്റ്റുഡിയോയാണ് ലണ്ടൻ സ്റ്റുഡിയോ.
യുകെയുമായി ദീർഘകാലത്തെ ബിസിനസ് പങ്കാളിത്തം ഇന്ത്യൻ ഐടി സേവനദാതാക്കളായ ടാറ്റ കണ്‍സൾട്ടൻസി സർവീസസിനുണ്ട്. യുകെയിൽ അന്‍പത് വർഷത്തിലേറെയായി ടിസിഎസ് പ്രവർത്തിക്കുന്നു.
2024 സാന്പത്തിക വർഷത്തിൽ 3.3 ബില്യണ്‍ പൗണ്ടാണ് (ഏകദേശം 38,000 കോടി രൂപ) യുകെയുടെ സാന്പത്തിക വ്യവസ്ഥയിലേക്ക് ടിസിഎസ് കൂട്ടിച്ചേർത്തതെന്ന് ഓക്സ്ഫോർഡ് ഇക്കണോമിക്സ് റിപ്പോർട്ട് പറയുന്നു. ഇതേ 2024 സാന്പത്തിക വർഷത്തിൽ 780 മില്യണ്‍ പൗണ്ട് (ഏകദേശം 9000 കോടി രൂപ) നികുതി ഇനത്തിലും ടിസിഎസ് നൽകി. യുകെയിൽ കഴിഞ്ഞ സാന്പത്തിക വർഷത്തിൽ എൻജിനിയറിംഗ്, ഡാറ്റ അനലിറ്റിക്സ് എന്നിവയിലെ 15300 ജോബ് റോളുകൾ ഉൾപ്പെടെ നേരിട്ടും അല്ലാതെയും 42,700 തൊഴിലവസരങ്ങളുടെ ഭാഗമാവുകയും ചെയ്തു ടിസിഎസ് എന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നു.
ആഗോളതലത്തിൽ ടിസിഎസിന്റെ രണ്ടാമത്തെ വലിയ വിപണിയാണ് യുകെ എന്നും പ്രദേശത്തെ നാല് രാജ്യങ്ങളിലും (ഇംഗ്ലണ്ട്, സ്കോട്ലൻഡ്, വെയ്ൽസ്, ഉത്തര അയർലൻഡ്) നിക്ഷേപം തുടരുമെന്നും ടിസിഎസിന്റെ യുകെ, അയർലൻഡ് തലവനായ വിനയ് സിംഗ്വി പ്രതികരിച്ചു.