തമിഴ്നാട്ടിൽ വൻ നിക്ഷേപത്തിന് ഫോക്സ്കോണ്‍
Monday, October 13, 2025 10:34 PM IST
ചെന്നൈ: തായ്വാനീസ് ഇലക്ട്രോണിക്സ് കരാർ നിർമാതാക്കളായ ഫോക്സ്കോണ്‍ തമിഴ്നാട്ടിൽ വൻ നിക്ഷേത്തിനൊരുങ്ങുന്നു. 15,000 കോടി രൂപയുടെ നിക്ഷേപം നടത്തും. 14,000 തൊഴിലവസരങ്ങളാണ് കന്പനി വാഗ്ദാനം ചെയ്യുന്നത്.
സംസ്ഥാനത്തിന്റെ വ്യവസായ മേഖലയ്ക്ക് പുതിയ ഉണർവ് നൽകുന്നതാണ് നടപടി. മൊബൈൽ ഫോണ്‍ ഘടകങ്ങളുടെ ഉത്പാദന ശേഷി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സുപ്രധാന നീക്കം നടത്തുന്നത്.
14,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നതാണ് നിക്ഷേപത്തിന്റെ ഏറ്റവും വലിയ നേട്ടം. എൻജിനിയറിംഗ് ബിരുദധാരികളിലും ഉയർന്ന വൈദഗ്ധ്യമുള്ള യുവാക്കളെയും കേന്ദ്രീകരിച്ചാണ് പുതിയ ഉയർന്ന മൂല്യമുള്ള തൊഴിലവസരങ്ങൾ ഒരുങ്ങുന്നത്. പുതിയ പദ്ധതിയുടെ ഭാഗമായി ഫോക്സ്കോണ്‍ ചെന്നൈക്ക് സമീപമുള്ള കാഞ്ചീപുരം ജില്ലയിൽ പുതിയ പ്ലാന്റ് സ്ഥാപിക്കാനാണ് സാധ്യത.
സംസ്ഥാനത്തിന്റെ എൻജിനിയറിംഗ് വൈദഗ്ധ്യവും ശക്തമായ വ്യാവസായിക അടിത്തറയും കന്പനിയുടെ തീരുമാനത്തിന് പിന്നിലുള്ളതായി തമിഴ്നാട് വ്യവസായ മന്ത്രി ടി.ആർ.ബി. രാജ പറഞ്ഞു.