വിനോദസഞ്ചാര മേഖലയ്ക്ക് 800 കോടിയുടെ നിർദേശം
Thursday, October 9, 2025 11:19 PM IST
ന്യൂഡൽഹി: വിനോദസഞ്ചാര മേഖലയിൽ 800 കോടി രൂപയിലെറെ മുതൽമുടക്കുള്ള പദ്ധതികൾക്കായുള്ള പ്രൊപ്പോസൽ സംസ്ഥാന ടൂറിസം വകുപ്പ് കേന്ദ്രത്തിന് നല്കി.
ഏഷ്യയിലെതന്നെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ചായ കണ്ണൂർ ജില്ലയിലെ മുഴുപ്പിലങ്ങാട് ബീച്ചിന് 150 കോടി രൂപ, ഫോർട്ട് കൊച്ചിക്ക് 100 കോടി രൂപ, കോഴിക്കോട് സരോവരം ബയോപാർക്കിന് 50 കോടി രൂപ തുടങ്ങിയവ ഉൾപ്പെടുത്തിയുള്ള പ്രപ്പോസലാണ് സമർപ്പിച്ചത്.
കൂടരഞ്ഞിയിൽ ഉത്തരവാദിത്വ ടൂറിസം വില്ലേജ് 50 കോടി, കോവളം, കാപ്പിൽ ബീച്ചുകളുടെ വികസനം, വേങ്ങാട് ടൂറിസം വില്ലേജ് പദ്ധതി, കൊച്ചി ക്രൂയിസ് ടെർമിനൽ, കൊല്ലം പോർട്ട് ക്രൂയിസ് എന്നിവയും പദ്ധതികളിൽ ഉൾപ്പെടുന്നു. കോഴിക്കോട് ബേപ്പൂരിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സ് സ്ഥാപിക്കുന്നതിനുള്ള സഹായവും അഭ്യർഥിച്ചുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.
കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തുമായി അദ്ദഹത്തിന്റെ വസതിയിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയിൽ പദ്ധതിക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചതെന്നും ടൂറിസം പരിപാടിയിലേക്ക് കേന്ദ്രമന്ത്രിയെ ക്ഷണിച്ചതായും മന്ത്രി പറഞ്ഞു.
കേരളത്തിന്റെ വിനോദസഞ്ചാരമേഖലയ്ക്ക് ഇതിനോടകം 374 കോടി രൂപയുടെ ആറ് പദ്ധതികൾ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. ഈ പദ്ധതികൾ നല്ല രീതിയിൽ പൂർത്തീകരിച്ചുവരുന്നുണ്ട്. എല്ലാവരെയും കൂട്ടിപ്പിടിച്ച് മുന്നോട്ടുപോകുക എന്നതാണ് സർക്കാറിന്റെ ലക്ഷ്യമെന്നും മന്ത്രി പ്രതികരിച്ചു.