വനിതകള്‍ക്കായി ‘ഇടം’ ഒരുക്കി വി ഗാര്‍ഡ്
Saturday, October 11, 2025 11:44 PM IST
കൊച്ചി: വനിതകള്‍ക്കായി സൗജന്യ കൗണ്‍സലിംഗ് സെന്റര്‍ സംവിധാനം സജ്ജമാക്കി വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്.
കമ്പനിയുടെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ഇടം എന്ന ഈ പദ്ധതി വെല്‍ഫെയര്‍ സര്‍വീസസ് എറണാകുളവുമായി (സഹൃദയ) ചേര്‍ന്നാണ് നടപ്പാക്കുന്നത്. ഹൈബി ഈഡന് എംപി സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഡോ. റീന മിഥുന് ചിറ്റിലപ്പള്ളി അധ്യക്ഷത വഹിച്ചു.
മാനസിക സമ്മര്‍ദം, വിഷാദം, ഉത്കണ്ഠ തുടങ്ങിയവ സ്ത്രീകളെ വലിയ രീതിയില്‍ ബാധിക്കുന്ന ഈ സാഹചര്യത്തില്‍ സുരക്ഷിതവും എളുപ്പത്തില്‍ ലഭ്യമാകുന്നതുമായ കൗണ്‍സലിംഗ് സംവിധാനം ഒരുക്കുകയാണ് ഇടത്തിലൂടെ വി ഗാര്‍ഡ് ചെയ്യുന്നത്.
പൊന്നുരുന്നി വെല്‍ഫെയര്‍ സര്‍വീസസിന്റെ (സഹൃദയ) കാന്പസിലാണ് ഇടം കൗണ്‍സലിംഗ് സെന്റര്‍. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ കൗണ്‍സലിംഗ് സേവനങ്ങള്‍ക്കായി 9847610707 എന്ന നമ്പറില്‍ ബന്ധപ്പെടണം.
സ്കൂളുകള്‍, കോളജുകള്‍, കമ്യൂണിറ്റി സെന്ററുകള്‍ എന്നിവിടങ്ങളില്‍ മാനസികാരോഗ്യ അവബോധ ശില്പശാലകള് നടത്തുകയും മാനസിക പ്രശ്നങ്ങള്‍ നേരത്തേ തിരിച്ചറിഞ്ഞ് പിന്തുണ നല്‍കുകയും കോളജുകള്‍, കുടുംബശ്രീ തുടങ്ങിയവയുമായി സഹകരിച്ച് ഇടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുകയും ബോധവത്കരണ പരിപാടികള്‍ നടത്തുകയും ചെയ്യാൻ തയാറെടുക്കുകയാണ് വി ഗാര്‍ഡ്.
വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് വൈസ് പ്രസിഡന്റ് എ. ശ്രീകുമാര്‍, സിഎസ്ആര്‍ ചീഫ് ഓഫീസര്‍ കെ. സനീഷ്, സഹൃദയ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോസഫ് കൊളുത്തുവെള്ളില്‍, അസി. എക്സ്ക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സിബിന് തോമസ്, എറണാകുളം ഡിസ്ട്രിക്ട് സോഷ്യല്‍ ജസ്റ്റിസ് ഓഫീസര്‍ കെ.ജെ. ജോണ്‍ ജോഷി, തൃക്കാക്കര ഭാരത മാത കോളജ് അസിസ്റ്റന്റ് പ്രഫ. എ. ദൃശ്യ എന്നിവര്‍ പങ്കെടുത്തു.