ലണ്ടൻ വേൾഡ് ട്രാവൽ മാർക്കറ്റിൽ ശ്രദ്ധേയമായി കേരള പവലിയൻ
Thursday, November 7, 2024 12:20 AM IST
തിരുവനന്തപുരം: ലോകത്തിലെ പ്രമുഖ ട്രാവൽ ടൂറിസം വ്യാപാരമേളയായ ലണ്ടൻ വേൾഡ് ട്രാവൽ മാർക്കറ്റിൽ (ഡബ്ല്യുടിഎം) ശ്രദ്ധേയമായി കേരള ടൂറിസം പവലിയൻ. ഈ മാസം അഞ്ചിന് ആരംഭിച്ച ഡബ്ല്യുടിഎം2024 ൽ ടൂറിസം മേഖലയിലെ വ്യാപാരപങ്കാളികളായാണ് കേരളം പങ്കെടുക്കുന്നത്.
ലോകമെന്പാടുമുള്ള മികച്ച ഡെസ്റ്റിനേഷനുകളെയും ടൂറിസം ബയേഴ്സിനെയും സെല്ലേഴ്സിനെയും ആകർഷിക്കുന്ന വ്യാപാര മേളയാണ് ഡബ്ല്യുടിഎം. കേരള ടൂറിസത്തിന്റെ പ്രധാന വിപണികളിലൊന്നാണ് ലണ്ടൻ.
കേരളത്തിന്റെ സാംസ്കാരിക വൈവിധ്യവും കലാരൂപങ്ങളും പ്രകടമാക്കുന്ന പവലിയൻ 110 ചതുരശ്ര മീറ്റർ സ്ഥലത്താണ് ഒരുക്കിയിട്ടുള്ളത്. ‘എ വണ്ടർഫുൾ വേൾഡ് ’ എന്ന പ്രമേയത്തിലാണ് പവലിയൻ നിർമിച്ചിരിക്കുന്നത്.
തത്സമയ കഥകളി, മോഹിനിയാട്ടം പ്രകടനങ്ങൾ പവലിയനിലെ പ്രധാന ആകർഷണമാണ്. ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രനാണു മേളയിൽ കേരള പ്രതിനിധിസംഘത്തെ നയിക്കുന്നത്.
ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ വിക്രം കെ. ദൊരൈസ്വാമി പവലിയൻ ഉദ്ഘാടനം ചെയ്തു. കേരളത്തിൽനിന്ന് 11 ടൂറിസം വ്യവസായ പ്രതിനിധികളാണ് ഡബ്ല്യുടിഎമ്മിൽ പങ്കെടുക്കുന്നത്. വ്യാപാരമേള ഇന്നു സമാപിക്കും.