ജനസമ്പര്‍ക്കവുമായി റബര്‍ ബോര്‍ഡ്
Tuesday, October 8, 2024 10:34 PM IST
റെജി ജോസഫ്
കോട്ടയം: റബര്‍കൃഷി വ്യാപനം, കൂടുതല്‍ ഉത്പാദനം, സ്വയംപര്യാപ്തത എന്നിവ ലക്ഷ്യമാക്കി റബര്‍ ബോര്‍ഡ് ആവിഷ്കരിക്കുന്ന സമഗ്ര ആവര്‍ത്തനകൃഷി പദ്ധതിക്ക് തുടക്കംകുറിച്ചു.
സുസ്ഥിര റബര്‍ കൃഷി മുന്നേറ്റത്തിലൂടെ സാമ്പത്തികനേട്ടം എന്ന പേരില്‍ 2025 ഫെബ്രുവരിവരെ വിവിധ സംസ്ഥാനങ്ങളില്‍ ആയിരം യോഗങ്ങള്‍ നടത്തി കര്‍ഷകരെ ബോധവത്കരിക്കും.
മെച്ചപ്പെട്ട കൃഷിരീതി, തൈ ഇനങ്ങള്‍, ടാപ്പിംഗ് രീതികള്‍, റബര്‍ സംസ്കരണം തുടങ്ങിയവ പരിചയപ്പെടുത്തും. യൂറോപ്യന്‍ യൂണിയനിൽ വനനശീകരണ നിയന്ത്രണ നയം വരാനിരിക്കെ റബര്‍കൃഷി സംബന്ധിച്ച അവബോധം കര്‍ഷകര്‍ക്ക് നല്‍കും. കേരളം ഉള്‍പ്പെടുന്ന പരമ്പരാഗത കൃഷിമേഖലയ്ക്കു പുറമെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വ്യാപനത്തിനും ഊന്നല്‍ നല്‍കും.
ഇന്ത്യയെ റബര്‍ ഉത്പാദനത്തില്‍ സ്വയംപര്യാപ്തമാക്കാനുള്ള ലക്ഷ്യത്തിലാണ് ഈ യജ്ഞം. ഉത്പാദനവും ഉപയോഗവും തമ്മില്‍ അന്തരം വര്‍ധിക്കുന്നതിനാല്‍ ചെറുകിട തോട്ടങ്ങളില്‍ പരമാവധി ഉത്പാദനം ലക്ഷ്യമിടുന്നു.
റബര്‍കൃഷിയില്‍നിന്ന് പിന്മാറിയവരെ തിരികെയെത്തിക്കാന്‍ ഹെക്ടറിന് നാല്പതിനായിരം രൂപയുടെ സബ്സിഡി സ്കീം വേഗത്തിലാക്കും. നിലവില്‍ പ്രതിവര്‍ഷം അഞ്ചു ലക്ഷം ടണ്ണോളം റബര്‍ ഇറക്കുമതി നടക്കുന്നുണ്ട്. ആഗോളതലത്തില്‍ ഉത്പാദനത്തില്‍ അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യ റബര്‍ ഉപയോഗത്തില്‍ ചൈനയ്ക്കു പിന്നില്‍ രണ്ടാം സ്ഥാനത്തുണ്ട്.
2023-24 സാമ്പത്തിക വര്‍ഷം ഉത്പാദനം 8.75 ലക്ഷം ടണ്ണും ഉപയോഗം 14.15 ലക്ഷം ടണ്ണുമായിരുന്നു. മോട്ടോര്‍ വാഹന നിര്‍മാണവും ഇതര വ്യവസായങ്ങളും അതിവേഗം മുന്നേറുമെന്നതിനാല്‍ 2030ല്‍ 17.7 ടണ്‍ റബറിന് ഡിമാന്‍ഡുണ്ടാകുമെന്നാണ് നിരീക്ഷണം. മെച്ചപ്പെട്ട ക്ലോണുകളും കൃഷിവ്യാപനവും വന്നതിനുശേഷവും വേണ്ടത്ര ഉത്പാദനലക്ഷ്യം കൈവരിക്കാനാകുന്നില്ല.
ഇതിനു പരിഹാരം അഭ്യന്തര ഉത്പാദനം പരാമാവധി വര്‍ധിപ്പിക്കുക മാത്രമാണെന്ന് റബര്‍ ബോര്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ വ്യക്തമാക്കി. സുസ്ഥിര വികസനത്തിന് പ്രകൃതിദത്ത റബര്‍ കൃഷി എന്ന സന്ദേശം കര്‍ഷക സമ്പര്‍ക്ക പരിപാടിയില്‍ പ്രചരിപ്പിക്കും. ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുകയും ഇറക്കുമതിയിലൂടെ വിദേശനാണ്യത്തിന്റെ ചോര്‍ച്ച തടയുകയുമാണ് ലക്ഷ്യം.