നിക്ഷേപകർക്ക് കണ്ണീർ
ഓഹരി അവലോകനം / സോണിയ ഭാനു
Monday, October 7, 2024 1:05 AM IST
സാമ്പത്തിക മേഖലയ്ക്ക് ഉത്തേജനം പകരാൻ ബീജിംഗ് സ്വീകരിച്ച നിർണായക നിലപാട് ഇന്ത്യൻ നിക്ഷേപകരെ മുൾമുനയിലാക്കി. ഇൻഡക്സുകൾ സെപ്റ്റംബറിൽ വാരിക്കൂട്ടിയ അഞ്ച് ശതമാനം നേട്ടം ഒക്ടോബറിന്റെ ആദ്യ വാരത്തിൽ അലിഞ്ഞ് ഇല്ലാതായത് ആഭ്യന്തര നിക്ഷേപകരെ ആശങ്കയിലാക്കുന്നു. സൂചിക നാലര ശതമാനമാണ് അഞ്ച് ദിവസത്തിൽ ഇടിഞ്ഞത്. സെൻസെക്സ് 3883 പോയിന്റും നിഫ്റ്റി സൂചിക 1164 പോയിന്റും താഴ്ന്നു. വിപണിക്ക് രണ്ട് വർഷത്തിനിടയിൽ ഇത്ര കനത്ത പ്രഹരം ആദ്യം.
കണ്ണ് റിസർവ് ബാങ്കിൽ
ഓഹരി നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് റിസർവ് ബാങ്ക് വായ്പാ അവലോകനത്തെ. പലിശ നിരക്ക് സംബന്ധിച്ച് നിശബ്ദത പാലിക്കുകയാണെങ്കിലും ചൈന വരുത്തിയ പരിഷ്കാരങ്ങൾ കണ്ടില്ലെന്ന് നടിച്ചാൽ നാം ഒരു ചുവട് പിന്നാക്കം പോകും. അടുത്ത ആർബിഐ യോഗം ഡിസംബർ ആദ്യവാരമാണ്. ഇതിനിടയിൽ സ്ഥിതിഗതികൾ കൈവിട്ട് പോകാം.
പശ്ചിമേഷ്യൻ സംഘർഷാവസ്ഥയും ക്രൂഡ് ഓയിൽ വില ഉയർത്തുന്നതും ഇന്ത്യൻ സമ്പദ്ഘടനയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കാം. ചൈന പലിശ കുറച്ചത് വിദേശ ഓപ്പറേറ്റർമാരുടെ ദൃഷ്ടി ഷാങ്ഹായിലേയ്ക്ക് തിരിച്ചു. നാലര ശതമാനം ഇടിവ് മാത്രമേ നിലവിൽ ഇന്ത്യൻ മാർക്കറ്റിന് സംഭവിച്ചിട്ടുള്ളു. ഒരു ബുൾ റാലയിൽ ഇത്തരം സാങ്കേതിക തിരുത്തലുകൾ സ്വാഭാവികം. എന്നാൽ, ഇടിവ് 1820 ശതമാനത്തിലേയ്ക്ക് തിരിയാനുള്ള സാധ്യതകൾ തടയേണ്ടതും അനിവാര്യം.
കുതിച്ച് ചൈനീസ് മാർക്കറ്റ്
സെപ്റ്റംബറിൽ ചൈനീസ് മാർക്കറ്റ് മുന്നേറിയത് 26 ശതമാനം. ഷാങ്ഹായിൽ ഓഹരികളുടെ മൂല്യം താഴ്ന്നുനിന്നതും നിക്ഷേപകരെ ആകർഷിച്ചു. രാജ്യം ദീപാവലിക്ക് ഒരുങ്ങുന്നതിനാൽ മാസത്തിന്റെ രണ്ടാം പകുതിയിൽ തിരിച്ചു വരവിന്റെ സൂചനകൾ പ്രകടമാകാം. വിപണി നിയന്ത്രണം ബുൾ ഓപ്പറേറ്റർമാർ നിലനിർത്തുമ്പോഴും വിദേശ ഫണ്ടുകൾ ബാധ്യതകൾ ഒഴിവാക്കുന്നത് കരുത്ത് ചോർത്താം. പശ്ചിമേഷ്യൻ സംഘർഷാവസ്ഥ ഉയർത്തിയാണ് അവർ വിൽപനയ്ക്ക് മത്സരിച്ചത്. എന്നാൽ, പിൻവലിച്ച പണം ചൈനയിൽ നിക്ഷേപിച്ചപ്പോൾ പശ്ചിമേഷ്യൻ വെടിയൊച്ച പാശ്ചാത്യ ഫണ്ടുകൾ കേട്ടില്ലേ? അപ്പോൾ യുദ്ധമല്ല വിഷയം, മികച്ച വിപണിയെയാണ് ഫണ്ടുകൾ ഉറ്റുനോക്കുന്നത്. നിക്ഷേപകരോട് പീപ്പിൾസ് ബാങ്ക് കാണിച്ച ഉദാരമസ്കത രാജ്യാന്തര ഫണ്ടുകളെ ഏറെ ആകർഷിച്ചു.
പ്രതിസന്ധിയായി ക്രൂഡ് ഓയിൽ
ഇനി പണപ്പെരുപ്പം നമുക്ക് പുതിയ ഭീഷണിയായി സമ്പദ്ഘടനയ്ക്ക് മുന്നിൽ തല ഉയർത്താം. ഇറാൻ-ഇസ്രയേൽ സംഘർഷം എണ്ണക്കപ്പലുകളുടെ ദിശ തിരിക്കും, ക്രൂഡ് ഓയിൽ ഇറക്കുമതി ചെലവ് ഉയർത്തും. ആഗോള എണ്ണ ഉത്പാദനത്തിന്റെ മൂന്നിൽ ഒന്ന് ഹോർമുസ് കടലിടുക്കിലൂടെയായതിനാൽ പ്രതിസന്ധി ക്രൂഡ് വിലയിൽ പ്രതിഫലിക്കും.
ക്രൂഡ് ഓയിൽ ബാരലിന് 70 ഡോളറിൽനിന്ന് 79 ഡോളറിലേയ്ക്ക് ഉയർന്നത് ബുൾ റാലിക്ക് അവസരം ഒരുക്കാം. ഇറാനിൽ ഇസ്രയേൽ ആക്രമണം തുടർന്നാൽ പ്രതിദിനം ഒരു ദശലക്ഷം ബാരൽ എണ്ണ ഉത്പാദനം കുറഞ്ഞാൽ എണ്ണ 84 ഡോളറിലെ പ്രതിരോധം തകർത്ത് 94-104 ഡോളറിനെ ലക്ഷ്യമാക്കും. ഉത്പാദനം ഉയർത്താൻ ഒപ്പെക്ക് അടിയന്തര നീക്കം നടത്താനും ഇടയുണ്ട്.
തകർന്ന് വിപണികൾ
നിഫ്റ്റി തുടക്കത്തിൽ മികവിലായിരുന്നെങ്കിലും റിക്കാർഡ് തകർക്കാനായില്ല. 26,178ൽനിന്ന് 26,277 പോയിന്റിലെ നിർണായക പ്രതിരോധം ഭേദിക്കാൻ ശ്രമിച്ചതിനിടയിലെ ലാഭമെടുപ്പ് പിന്നീട് വിൽപന സമ്മർദമായി. ഇതോടെ മുൻവാരം സൂചിപ്പിച്ച 25,672 സപ്പോർട്ട് തകർത്ത് നിഫ്റ്റി 24,969ലേയ്ക്ക് ഇടിഞ്ഞ ശേഷം ക്ലോസിംഗിൽ 25,014 ലാണ്.
ഡെയ്ലി ചാർട്ടിൽ ബുള്ളിഷായി നീങ്ങിയ വിപണിയെ അടിമുടി ഉഴുതുമറിച്ച് ബിയറിഷാക്കാൻ ശ്രമം നടന്നു. എന്നാൽ വാരാന്ത്യം സാങ്കേതികമായി ഓവർ സോൾഡായതിനാൽ കൂടുതൽ വിൽപനകൾക്ക് ആദ്യദിനങ്ങളിൽ നീക്കം നടത്തില്ല. ഇൻഡിക്കേറ്ററുകൾ പലതും സെല്ലർമാർക്ക് അനുകൂലമായത് തളർച്ച വിട്ടുമാറാൻ ചെറിയ കാലതാമസം സൃഷ്ടിക്കാം. ഈവാരം 24,381-23,748 താങ്ങുണ്ട്. താഴ്ന്ന റേഞ്ചിൽ ബയിംഗ് നടന്നാൽ തിരിച്ചുവരവിൽ 25,911-26,908ലും പ്രതിരോധം തല ഉയർത്താം.
നിഫ്റ്റി ഒക്ടോബർ സീരീസ് ഓപ്പൺ ഇന്ററസ്റ്റിൽ വൻ ഇടിവ്. 26,345ൽനിന്നുള്ള തകർച്ചയ്ക്ക് ഇടയിൽ ലോംഗ് കവറിംഗിന് ഓപ്പറേറ്റർമാർ തിടുക്കം കാണിച്ചത് തകർച്ചയുടെ ആക്കം ഇരട്ടിപ്പിച്ചു. വാരാന്ത്യം 25,174ലാണ്. 25,000ലെ നിർണായക സപ്പോർട്ട് നഷ്ടപ്പെട്ടാൽ 24,350നെ ഉറ്റുനോക്കാം. ഒരു തിരിച്ചുവരവിന് ശ്രമിച്ചാൽ 25,500 വരെ ഉയരാം.
സെൻസെക്സ് 85,571ൽനിന്നും 85,972 വരെ കയറിയെങ്കിലും തൊട്ട് മുൻവാരം സൃഷ്ടിച്ച 85,987ലെ റിക്കാർഡ് ഭേദിക്കാനായില്ല. വിൽപ്പന സമ്മർദത്തിൽ ആടിയുലഞ്ഞ വിപണി 81,532ലേയ്ക്ക് ഇടിഞ്ഞങ്കിലും ക്ലോസിംഗിൽ 81,688ലാണ്. വിൽപന സമ്മർദം തുടർന്നാൽ 80,156-78,184 ലേയ്ക്ക് പരീക്ഷണത്തിന് ഇടയുണ്ട്. വിപണിയുടെ പ്രതിരോധം 84,569 പോയിന്റിലാണ്.
രൂപയ്ക്ക് ഇടിവ്
രൂപയുടെ മൂല്യം 83.66ൽനിന്നും 84.13ലേയ്ക്ക് ദുർബലമായ ശേഷം വാരാന്ത്യം 83.97ലാണ്. സാങ്കേതികവശങ്ങൾ വിലയിരുത്തിയാൽ 84.19ലേയ്ക്കും 84.27ലേയ്ക്കും സഞ്ചരിക്കാം, രൂപയുടെ താങ്ങ് 83.01 ലാണ്. വിദേശ ഓപ്പറേറ്റർമാർ 41,720 കോടി രൂപയുടെ ഓഹരികൾ പോയവാരം വിറ്റു, ആഭ്യന്തര ഫണ്ടുകൾ 39,962 കോടി രൂപ നിക്ഷേപിച്ചു.
ന്യൂയോർക്ക് എക്സ്ചേഞ്ചിൽ സ്വർണത്തിന് തിളക്കം നഷ്ടപ്പെടുന്നു. ട്രോയ് ഔൺസിന് 2658 ഡോളറിൽ നിന്നു 2670 ഡോളർ വരെ ഉയർന്ന ശേഷം വാരാന്ത്യം 2658 ലേയ്ക്ക് താഴ്ന്നു.