ലോക സന്പന്നരിൽ രണ്ടാമൻ; ജെഫ് ബെസോസിനെ പിന്തള്ളി മാർക്ക് സക്കർബർഗ്
Saturday, October 5, 2024 3:52 AM IST
കലിഫോർണിയ: ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനെന്ന പട്ടം സ്വന്തമാക്കി മാർക്ക് സക്കർബർഗ്. മെറ്റ പ്ലാറ്റ്ഫോമുകളുടെ ഓഹരിയിലുണ്ടായ കുതിപ്പാണ് സക്കർബർഗിന് നേട്ടമായത്.
ബ്ലുംബർഗ് സൂചിക പ്രകാരം ടെസ്ല സിഇഒ ഇലോൺ മസ്ക് ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 256 ബില്യൺ ഡോളറിന്റെ ആസ്തിയാണ് മസ്കിനുള്ളത്. 206.2 ബില്യൺ ഡോളറാണ് സക്കർബർഗിന്റെ ആസ്തി. തൊട്ടുപിന്നിലുള്ള ജെഫ് ബെസോസിന് 205 ബില്യൺ ഡോളറാണ് സന്പാദ്യം. നാലാമതുള്ള ബെർനാർഡ് അർനോട്ടിന് 193 ബില്യൺ ഡോളർ, അഞ്ചാം സ്ഥാനത്തുള്ള ലാറി എല്ലിസണിന് 179 ബില്യൺ ഡോളർ എന്നിങ്ങനെയാണ് പട്ടികയിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
കലിഫോർണിയ ആസ്ഥാനമായ മെൻലോ പാർക്കിൽ 13 ശതമാനം ഓഹരിയുടമയായ മാർക്ക് സക്കർബർഗിന്റെ സന്പത്ത് ഈ വർഷം ഇതുവരെ 78 ബില്യൺ ഡോളർ വർധിച്ചു. ഇത് ബ്ലൂംബർഗ് സൂചിക ട്രാക്ക് ചെയ്യുന്ന 500 സന്പന്നരിലെ ഏതൊരു അംഗത്തേക്കാളും കൂടുതലാണ്.
എഐ ചാട്ട് ബോട്ടുകളിൽ കൂടുതൽ ഭാഷാ മോഡലുകൾ അവതരിപ്പിച്ചതോടെ മെറ്റ പ്ലാറ്റ്ഫോമുകൾക്ക് ഉപയോക്താക്കൾക്കിടയിൽ കൂടുതൽ സ്വീകാര്യത ലഭിച്ചത് ഓഹരികൾ കുതിച്ചുയരാൻ കാരണമായി. നിലവിൽ വെർച്വൽ ഓഗ്മെന്റ് റിയാലിറ്റി സാങ്കേതികവിദ്യകൾക്കായി മെറ്റ കോടിക്കണക്കിന് ഡോളർ ചെലവഴിക്കുന്നുണ്ട്. ഇതേ രീതിയിൽ വളർച്ച കൈവരിക്കുകയാണെങ്കിൽ വൈകാതെ മസ്തിനെ പിന്തള്ളി സക്കർബർഗ് ലോകസന്പന്നൻ എന്ന പദവി സ്വന്തമാക്കുമെന്നും നിരീക്ഷണങ്ങളുണ്ട്.
10,700 കോടി ഡോളറുമായി 14-ാം സ്ഥാനത്തുള്ള റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ് പട്ടികയിൽ മുന്നിലുള്ള ഇന്ത്യക്കാരൻ. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയാണ് മലയാളികളിൽ ഏറ്റവും സന്പന്നൻ. 646 കോടി ഡോളർ ആസ്തിയുള്ള യൂസഫലി 483-ാം സ്ഥാനത്താണ്.