ഇന്ത്യൻ എണ്ണവിപണി തിരിച്ചുപിടിക്കാൻ സൗദി
Friday, October 4, 2024 3:54 AM IST
മുംബൈ: ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി വർധിപ്പിക്കാൻ സൗദി അറേബ്യ ശ്രമം നടത്തി. ഇതിനു വേണ്ടി ചെറിയ തോതിൽ വിലക്കുറവ് നൽകാൻ സൗദി തയാറായി. സെപ്റ്റംബറിൽ ഇന്ത്യയുടെ എണ്ണ ആവശ്യം വർധിച്ചതോടെ രാജ്യം തങ്ങളുടെ പരന്പരാഗത വിതരണക്കാരായ സൗദി അറേബ്യ, ഇറാക്ക് തുടങ്ങിയ രാജ്യങ്ങളിൽനിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി വർധിപ്പിച്ചു.
സെപ്റ്റംബറിൽ സൗദിയിൽനിന്ന് 37 ശതമാനവും ഇറാക്കിൽനിന്ന് 16 ശതമാനവുമാണ് ഇറക്കുമതി ചെയ്തതെന്ന് എനർജി കാർഗോ ഏജൻസിയായ വോർടെക്സ റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യമായി റഷ്യ ഉയർന്ന് വന്നപ്പോൾ ഇറാക്കിന്റെയും സൗദി അറേബ്യയുടേയും വിഹിതം വലിയ തോതിൽ കുറഞ്ഞു. ഇതിൽ ഏറ്റവും വലിയ തിരിച്ചടിയുണ്ടായിരിക്കുന്നത് സൗദി അറേബ്യക്കുമാണ്. എന്നാൽ ദീർഘകാലത്തിന് ശേഷം ഇന്ത്യയിലേക്കുള്ള സൗദി അറേബ്യൻ ക്രൂഡ് ഓയിലിന്റെ ലഭ്യത വർധിക്കാൻ പോകുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
ഇറാക്കിൽനിന്ന് കഴിഞ്ഞ മാസം പ്രതിദിനം 8,94,000 ബാരൽ (ബാരൽസ് പെർ ഡേ-) ക്രൂഡ് ഓയിലാണ് ഇറക്കുമതി ചെയ്ത്. ഇത് ഓഗസ്റ്റിൽ 7,71,000 ബിപിഡിയായിരുന്നു. സൗദിയിൽനിന്ന് ഓഗസ്റ്റിൽ 5,01,000 ബിപിഡി ക്രൂഡ് ഓയിലാണ് ഇറക്കുമതി ചെയ്തതെങ്കിൽ കഴിഞ്ഞ മാസം 6,88,000 ബിപിഡിയായി ഉയർന്നു.
നിലവിൽ റഷ്യയിൽനിന്നാണ് ഇന്ത്യ ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത്. സെപ്റ്റംബറിൽ 1.79 മില്യണ് ബാരൽസ് പെർ ഡേയാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. രാജ്യത്തേക്കുള്ള ഓയിൽ ഇറക്കുമതിയുടെ 38 ശതമാനവും റഷ്യയിൽനിന്നാണ്. ഓഗസ്റ്റിൽ പ്രതിദിനം 1.61 മില്യണ് ബാരൽ കണക്കിലാണ് റഷ്യയിൽനിന്ന് ഇറക്കുമതി ചെയ്തത്.
സെപ്റ്റംബറിൽ ഇന്ത്യ ഇറക്കുമതി ചെയ്ത് ക്രൂഡ് ഓയിൽ 12.7 ശതമാനമായി ഉയർന്നിരുന്നു. രാജ്യത്തെ ഉത്സവ സീസണ് ആരംഭിക്കുന്നതോടെ എണ്ണ ആവശ്യം വരും മാസങ്ങളിലും ഉയർന്നേക്കും. ഇതിനാൽ രാജ്യത്തെ പ്രധാന റിഫൈനറികൾ കൂടുതൽ ക്രൂഡ് ഓയിൽ സംഭരിച്ചിരിക്കുകയാണ്.
ഈ വർഷം പകുതിയോടെ ക്രൂഡ് ഓയിൽ വില കുറച്ചത് ഇന്ത്യയിലെ എണ്ണ കന്പനികൾക്ക് ആശ്വാസമായി; പ്രത്യേകിച്ച് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഓയിൽ മാർക്കറ്റിംഗ് കന്പനികൾക്ക് (ഒഎംസി). ഇതിൽ പൊതുമേഖല എണ്ണ കന്പനികളായ ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡ് (ഐഒസിഎൽ), ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) കന്പനികൾ ഉൾപ്പെടുന്നു.
റഷ്യ-യുക്രെയിൻ യുദ്ധമാണ് കാര്യങ്ങൾ മാറ്റി മറിച്ചത്. യൂറോപ്യൻ രാജ്യങ്ങൾ റഷ്യൻ ഇന്ധനത്തിന് നിരോധനം ഏർപ്പെടുത്തി. ഇതോടെ ഇന്ത്യ, ചൈന പോലുള്ള ഏഷ്യൻ രാജ്യങ്ങൾക്ക് ക്രൂഡ് ഓയിൽ ഡിസ്കൗണ്ട് നിരക്കിൽ നൽകാൻ റഷ്യ നിർബന്ധിതമായി. ഇതോടെ ഇന്ത്യ വൻ തോതിലാണ് റഷ്യൻ ഇന്ധനം വാങ്ങിക്കൂട്ടിയത്. ഇത് ഇന്ത്യയുടെ മൊത്തം ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ മോസ്കോയുടെ പങ്ക് 40 ശതമാനമാക്കി ഉയർത്തി. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനു മുന്പ് ഇത് 0.2 ശതമാനമായിരുന്നു. ഇന്ത്യൻ ഓയിൽ മാർക്കറ്റിൽ റഷ്യയിൽനിന്നുള്ള വരവ് വർധിച്ചതോടെ ഇറാക്കിന്റെയും സൗദി അറേബ്യയുടെയും വിഹിതം ഇടിഞ്ഞു. എന്നാലിപ്പോൾ യുദ്ധത്തിന്റെ തീവ്രത കുറഞ്ഞതോടെ റഷ്യ വിപണി വിപുലീകരിച്ചു. ഇതോടെ ഇന്ത്യക്കു ഡിസ്കൗണ്ട് നൽകുന്നതും കുറച്ചു.