പ്രവാസിമലയാളികൾക്കുള്ള കെഎസ്എഫ്ഇ ഡ്യുവോ ഗ്ലോബൽ ലോഞ്ചിംഗ് ഇന്ന്
Friday, October 4, 2024 3:54 AM IST
തൃശൂർ: പ്രവാസിമലയാളികൾക്കായി കെഎസ്എഫ്ഇ അവതരിപ്പിക്കുന്ന പുതിയ പദ്ധതിയായ കെഎസ്എഫ്ഇ ഡ്യുവോയുടെ ഗ്ലോബൽ ലോഞ്ചിംഗ് ഇന്നു റിയാദിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കും. കെഎസ്എഫ്ഇ ചെയർമാൻ കെ. വരദരാജൻ, എംഡി ഡോ.എസ്.കെ. സനിൽ തുടങ്ങിയവർ പങ്കെടുക്കും. റിയാദിലെ ഹോട്ടൽ ഹോളിഡേ ഇൻ അൽ ക്വൈസറിൽ നടക്കുന്ന പ്രവാസിമലയാളി സമ്മേളനത്തിൽ സൗദി സമയം വൈകുന്നേരം ആറിനാണു പരിപാടി.
നിക്ഷേപവും ചിട്ടിയും ചേർത്ത് ഇരട്ടനേട്ടം ലഭ്യമാക്കാനുള്ള ചിട്ടി ലിങ്ക്ഡ് ഡെപ്പോസിറ്റ് പദ്ധതിയാണ് പേരു സൂചിപ്പിക്കുന്നതുപോലെ ഡ്യുവോ. പ്രവാസിച്ചിട്ടിയുമായി ബന്ധപ്പെടുത്തി പൂർണമായും ഓണ്‍ലൈനിലൂടെ ഇടപാടുകൾ നടത്താം.
ഡ്യുവോ പദ്ധതിയുടെയും പ്രവാസിച്ചിട്ടിയുടെയും വിശദവിവരങ്ങൾ പ്രവാസി മലയാളികൾക്കു ലഭ്യമാക്കാൻ കെഎസ്എഫ്ഇയുടെ പ്രത്യേക സംഘം ജിസിസി രാജ്യങ്ങളിൽ പര്യടനം നടത്തിവരികയാണ്.