ഇന്ത്യയിൽ നിരാശ; രാജ്യാന്തര റബറിന് നേട്ടം
വിപണിവിശേഷം / കെ.ബി. ഉദയഭാനു
Monday, September 30, 2024 12:34 AM IST
രാജ്യാന്തര റബർ വില കൂടുതൽ മികവിനുള്ള ശ്രമത്തിൽ, മാസാരംഭത്തിൽ സൂചിപ്പിച്ച ടാർജറ്റിലേക്ക് ജപ്പാനിൽ നിരക്ക് ഉയർന്നു. കൊപ്രയും ഉണ്ട കൊപ്രയും കാഴ്ചവച്ച കുതിച്ചുചാട്ടം നാളികേരോത്പാദന മേഖലയിൽ വൻ ആവേശം ഉളവാക്കി, വിളവെടുപ്പിന് ഉത്പാദകർ മത്സരിച്ചു. ആഭ്യന്തര ഡിമാൻഡിനിടയിലും വാങ്ങലുകാർ കുരുമുളകിനെ തളർത്തി. സ്വർണം പുതിയ ഉയരങ്ങൾ സ്വന്തമാക്കി.
ഏഷ്യൻ റബർ വിപണികൾ മികവിലാണ്. ജപ്പാൻ ഒസാക്ക എക്സ്ചേഞ്ചിൽ സെപ്റ്റംബർ അവധി വില ഈ മാസം 43 യെൻ മുന്നേറ്റി. താഴ്ന്ന നിലവാരത്തിൽനിന്നും 400 യെൻ വരെ ഉയർന്ന് വിപണി കരുത്ത് കാണിച്ചത് ഇതര അവധി വ്യാപാര കേന്ദ്രങ്ങളിലും റബറിനെ ശ്രദ്ധേയമാക്കി. മാസാരംഭത്തിൽ ഇതേ കോളത്തിൽ നൽകിയ ടാർജറ്റായ 338-399 യെന്നിൽ സഞ്ചരിച്ചാണ് സെപ്റ്റംബർ അവധി സെറ്റിൽമെന്റ് നടന്നത്. ഒക്ടോബർ 401 യെന്നിലാണ്.
ജപ്പാനിലെ മുന്നേറ്റം, സിംഗപ്പുർ എക്സ്ചേഞ്ചിലും ചൈനീസ് മാർക്കറ്റിലും വാങ്ങലുകാർ അടുത്ത വർഷത്തെ ചരക്കിനുപോലും ഇടപാടുകൾ ഉറപ്പിക്കാൻ പ്രദർശിപ്പിച്ച ആവേശം റബർ ഉത്പാദക രാജ്യങ്ങൾക്കും പ്രതീക്ഷ പകർന്നു. തായ്ലൻഡ്, ഇന്തോനേഷ്യ, മലേഷ്യ മാർക്കറ്റുകളിലെ ഉണർവ് വിയെറ്റ്നാം, കംബോഡിയൻ വിപണികളെയും സജീവമാക്കി. ബാങ്കോക്കിലെ കയറ്റുമതി സമൂഹം റബർ സംഭരണത്തിന് ഉത്സാഹിച്ചത് മൂന്നാം ഗ്രേഡ് ഷീറ്റ് വില കിലോ 245 രൂപ വരെ ഉയർത്തി.
തായ് മാർക്കറ്റിലെ ഈ വിലക്കയറ്റം കേരളത്തിലും പ്രതിഫലിക്കേണ്ടതായിരുന്നു. എന്നാൽ, ടയർ ലോബിയുടെ സംഘടിത നീക്കം മൂലം ഇന്ത്യൻ റബറിന് മുന്നേറാനായില്ല. വിപണി നിയന്ത്രണം കൈയിലാക്കിയ അവർ നാലാം ഗ്രേഡിനെ 232 രൂപയിൽനിന്ന് 225ലേക്ക് തളർത്തി. വില ഇടിവിൽ പരിഭ്രാന്തരായി സ്റ്റോക്കിസ്റ്റുകൾ ചരക്ക് ഇറക്കുമെന്ന് വ്യവസായ ലോബി കണക്ക് കൂട്ടിയെങ്കിലും വിൽപ്പനക്കാർ കുറവായിരുന്നു.
തെളിഞ്ഞ കാലാവസ്ഥ വരുംദിനങ്ങളിൽ ഉത്പാദനം ഉയർത്തുമെന്നതിനാൽ കന്പനികൾ വിപണിയെ തളർത്താൻ ശ്രമിക്കാം. ഒക്ടോബർ ആദ്യ പകുതിയിൽ മധ്യകേരളത്തിൽനിന്നും വൈകാതെ മറ്റ് ഭാഗങ്ങളിൽനിന്നും ഷീറ്റ് കൂടുതലായി എത്താം. ഉത്തരേന്ത്യൻ വാങ്ങലുകാർ നവരാത്രിയുടെ ഭാഗമായി വിപണിയിൽനിന്നും അകന്ന് ഉത്പാദകരെ കൂടുതൽ സമ്മർദത്തിലാക്കാൻ ഇടയുള്ളതിനാൽ കരുതലോടെ മാത്രം ചരക്ക് ഇറക്കുക.
നാളികേരം ഉയർന്നുതന്നെ
ഉത്സവകാല ആവശ്യങ്ങൾ മുൻനിർത്തി കൊപ്രയും ഉണ്ട കൊപ്രയും ശേഖരിക്കാൻ ഉത്തരേന്ത്യൻ വാങ്ങലുകാർ മത്സരിച്ചു. എന്നാൽ, ആവശ്യാനുസരണം ചരക്ക് കൈമാറാനാവാതെ വിപണി ക്ലേശിച്ചതോടെ നിരക്ക് കുതിച്ചുകയറി.
കൊച്ചിയിൽ കൊപ്രയ്ക്ക് 1200 രൂപ ഉയർന്ന് 13,100 രൂപയായി. പിന്നിട്ട നാല് വർഷത്തിൽ നിരക്ക് ഇത്തരത്തിൽ ഉയരുന്നത് ആദ്യമാണ്. കാങ്കയത്ത് കൊപ്രയ്ക്ക് ക്വിന്റലിന് 1950 രൂപ ഉയർന്ന് 14,200 വരെ കയറിയ ശേഷം ശനിയാഴ്ച 13,700ലാണ്. കാൽ നൂറ്റാണ്ടിനിടയിൽ ആദ്യമായാണ് കൊച്ചി മാർക്കറ്റിനെ മറികടന്ന് തമിഴ്നാട്ടിൽ കൊപ്ര വില ഇത്രമാത്രം അന്തരം സൃഷ്ടിക്കുന്നത്. സാധാരണ നമ്മുടെ നിരക്കിലും 800 രൂപ വരെ അവിടെ താഴ്ന്ന് നിൽക്കാറാണ് പതിവ്.
ഉത്തരേന്ത്യ മഹാനവമി, ദീപാവലി ഉത്സവങ്ങൾക്ക് ഒരുങ്ങുന്ന സന്ദർഭമായതിനാൽ ഉണ്ട കൊപ്രയ്ക്കും രാജാപുർ കൊപ്രയ്ക്കും ഡിമാൻഡുണ്ട്. അവരുടെ ചരക്ക് സംഭരണം ഉണ്ടക്കൊപ്ര 10,000 രൂപയിൽനിന്നും 19,000ലേയ്ക്ക് ഉയർത്തി, രാജാപ്പുർ കൊപ്ര വില 24,000 രൂപയായി. ഓണാഘോഷ വേളയിൽ സംസ്ഥാനത്ത് 45 രൂപയിൽ നീങ്ങിയ പച്ചത്തേങ്ങ വില നഗരങ്ങളിൽ വാരാന്ത്യം കിലോ 75 രൂപ വരെ ഉയർന്ന് ഇടപാടുകൾ നടന്നു.
വിലക്കയറ്റം കണ്ട് വിളവെടുപ്പിനും കർഷകർ ഉത്സാഹിച്ചു. ഇതിനിടയിൽ മലബാർ മേഖലയിൽ സ്റ്റോക്കിസ്റ്റുകൾ കൊപ്ര റിലീസിംഗിന് ഉത്സാഹിച്ചു. വടകരവരെയുള്ള ഒട്ടുമിക്ക വിപണികളിലും ഉയർന്ന അളവിൽ ചരക്ക് വിൽപ്പനയ്ക്ക് എത്തി. ശനിയാഴ്ച കാങ്കയത്ത് കിലോ 142 രൂപയിൽനിന്നും 135ലേക്ക് താഴ്ന്നത് നമ്മുടെ വിപണിയിലും ചെറിയതോതിൽ തിരുത്തലിന് ഇടയാക്കാം.
വില കുറയ്ക്കാൻ ഇടപാടുകാർ
കുരുമുളക് സംഭരണം നിയന്ത്രിച്ച് ഉത്പന്ന വില താഴ്ത്താനുള്ള തന്ത്രം പയറ്റുകയാണ് അന്തർസംസ്ഥാന ഇടപാടുകാർ. വിദേശ ചരക്ക് ഉത്തരേന്ത്യയിൽ താഴ്ന്ന വിലയ്ക്ക് യധേഷ്ടം ലഭ്യമായത് അവരെ നിരക്ക് താഴ്ത്താൻ പ്രേരിപ്പിച്ചു. വിളവെടുപ്പിന് ഇനിയും മാസങ്ങൾ കാത്തിരിക്കാനുള്ളതിനാൽ കാർഷിക മേഖല താഴ്ന്ന വിലയ്ക്ക് ചരക്ക് ഇറക്കിയില്ല.
ഡിസംബർ വരെയുള്ള ഓഫ് സീസണിൽ വില ഇടിയേണ്ട സാഹചര്യമില്ലെന്നാണ് കർഷകരുടെ പക്ഷം. കൊച്ചിയിൽ അൺഗാർബിൾഡ് കുരുമുളക് 800 രൂപ കുറഞ്ഞ് 64,400 രൂപയായി. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ മുളക് വില ടണ്ണിന് 8100 ഡോളർ.
കേരളത്തിൽ സ്വർണ വില പവന് 55,680 രൂപയിൽനിന്നും സർവകാല റിക്കാർഡായ 56,800 വരെ കയറിയ ശേഷം ശനിയാഴ്ച പവൻ 56,760 രൂപയിലാണ്. ഒരു ഗ്രാം സ്വർണ വില 7095 രൂപ.