കയറ്റുമതി നിരോധനം നീക്കം ചെയ്ത് ഇന്ത്യ: യുഎഇയിലെ അരിവില കുത്തനെ ഇടിയും
Monday, September 30, 2024 12:34 AM IST
അബുദാബി: ബസ്മതി ഇതര അരിയുടെ കയറ്റുമതി നിരോധനം ഇന്ത്യ പിൻവലിച്ചതോടെ യുഎഇയിൽ ബസ്മതി ഇതര വെള്ള അരിയുടെ വിലയിൽ കാര്യമായ ഇടിവുണ്ടാകുമെന്ന് പ്രതീക്ഷ. വില 20 ശതമാനം വരെ കുറയാൻ കാരണമാകുമെന്നാണ് വിപണിയിൽനിന്നുള്ള വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇന്ത്യയിൽനിന്നാണ് യുഎഇയിലേക്ക് ഏറ്റവുമധികം അരി ഇറക്കുമതി ചെയ്യുന്നത്. ഇന്നലെയാണ് ഇന്ത്യ ബസുമതി ഇതര വെള്ള അരി കയറ്റുമതിക്കുള്ള നിരോധനം നീക്കം ചെയ്തത്.
ഒരു ടണ്ണിന് 490 ഡോളർ അഥവാ 1800 ദിർഹം എന്ന അടിസ്ഥാന വിലയിൽ ആയിരിക്കും ഇന്ത്യ ബസ്മതി ഇതര വെള്ള അരി കയറ്റി അയയ്ക്കുക. രാജ്യത്തെ മികച്ച വിളവ് കാരണം കയറ്റുമതി തീരുവയും നീക്കം ചെയ്തിട്ടുണ്ട്. തീരുമാനം ഉടനടി പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചിരുന്നു.
യുഎഇയിൽ, ഏറ്റവും വേഗത്തിൽ വിറ്റഴിയുന്ന ഇനങ്ങളിൽ ഒന്നാണ് ബസുമതി ഇതര അരി. ആകെയുള്ള വിപണി വിഹിതത്തിന്റെ ഏകദേശം 70 ശതമാനവും ബസ്മതി ഇതര അരിയാണ്.