ലോകം കൊതിക്കുന്നത് ഇന്ത്യയില്‍ നിര്‍മിക്കാന്‍
Friday, September 27, 2024 10:54 PM IST
പീയൂഷ് ഗോയല്‍ (കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി)
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിച്ചും നിരവധി സാധാരണ പൗരന്മാര്ക്കു സമ്പത്തു സൃഷ്ടിക്കുന്നവരാകാനുള്ള ആത്മവിശ്വാസം നല്‍കിയും ഇന്ത്യയുടെ വ്യാവസായിക ഭൂപ്രകൃതിയെ മാറ്റിമറിച്ച ‘മേക്ക് ഇന്‍ ഇന്ത്യ’ സംരംഭത്തിനു പത്തുവര്‍ഷം തികഞ്ഞു.
വ്യാവസായിക മേഖലകളെ വളര്‍ച്ചായന്ത്രങ്ങളാക്കി മാറ്റുന്നതിനും ആഭ്യന്തര ആവശ്യകത നിറവേറ്റുന്നതിനും കയറ്റുമതിക്കു സംഭാവന നല്‍കുന്നതിനും പുതിയ ഊര്‍ജം നല്കിയ ശ്രദ്ധേയമായ പത്തുവര്‍ഷത്തെ യാത്രയാണിത്.
പത്തുവര്‍ഷത്തെ യാത്ര ശ്രദ്ധേയമായ ഒന്നാണ്; പക്ഷേ, മോദി ഗവൺമെന്റ് നടത്തിയ ബഹുമുഖവും പരിവര്‍ത്തനപരവുമായ മാറ്റങ്ങളില്ലാതെ അതു സാധ്യമാകുമായിരുന്നില്ല. ജിഎസ്ടി, പാപ്പരത്ത കോഡ്, മറ്റു നിരവധി പരിഷ്കാരങ്ങള്‍ എന്നിവ ഈ മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നു. വ്യവസായനടത്തിപ്പു സുഗമമാക്കുന്നതിന് 42,000ത്തോളം നിബന്ധനകള്‍ ഒഴിവാക്കി.
ചെറുകിട വ്യവസായങ്ങളുടെ വേവലാതികള്‍ ഒഴിവാക്കാന്‍ ചെറിയ കുറ്റകൃത്യങ്ങള്‍ക്കു ക്രിമിനല്‍ ശിക്ഷ നല്കുന്ന 3700 വ്യവസ്ഥകള്‍ വിവിധ ചട്ടങ്ങളില്‍നിന്നു നീക്കം ചെയ്തു. വ്യവസായനടത്തിപ്പു സുഗമമാക്കുന്നതുമായി ബന്ധപ്പെട്ട ലോകബാങ്കിന്റെ റിപ്പോര്‍ട്ടില്‍ 2014ല്‍ 142-ാം സ്ഥാനത്തായിരുന്ന ഇന്ത്യ 2019ല്‍ 63-ാം സ്ഥാനമെന്ന നിലയിലേക്കു കുതിച്ചുയര്‍ന്നു.
ഗവൺമെന്റിന്റെ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സംരംഭം നിരവധി തൊഴിലന്വേഷകരെ തൊഴില്‍ സ്രഷ്ടാക്കളാകാന്‍ പ്രോത്സാഹിപ്പിച്ചു. ഇത് ഈ വര്‍ഷം ജൂണില്‍ അംഗീകൃത സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 1,40,803 ആയി വര്‍ധിപ്പിക്കാനും നിക്ഷേപം കൊണ്ടുവരാനും 15 ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സഹായിച്ചു.
ശുചിത്വം, ബഹിരാകാശ ഗതിനിയന്ത്രണം, ഭക്ഷണം പാഴാക്കല്‍ കുറയ്ക്കല്‍, ആരോഗ്യപരിരക്ഷയിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തല്‍, സ്ത്രീശക്തീകരണം തുടങ്ങിയ മേഖലകളിലെ പ്രശ്നങ്ങള്‍ക്കുള്ള പ്രതിവിധികള്‍ കണ്ടെത്താന്‍ പ്രവര്‍ത്തിക്കുന്ന ഈ സ്റ്റാര്‍ട്ടപ്പുകള്‍ രാജ്യത്തെ നൂതനാശയ ആവാസവ്യവസ്ഥയെ മുന്നോട്ടു നയിക്കുന്നു.
11 വ്യാവസായിക ഇടനാഴികളുടെ വികസനമാണു ഗവൺമെന്റിന്റെ മറ്റൊരു ശ്രദ്ധാകേന്ദ്രം. ഈ ഇടനാഴികളെ ഇന്ത്യയുടെ ഉത്പാദനവളര്ച്ചയുടെ നട്ടെല്ലാക്കി മാറ്റാന്‍ സഹായിക്കുന്ന 20 വ്യാവസായിക സ്മാര്‍ട്ട് സിറ്റികളാണ് പദ്ധതിക്കു കീഴില്‍ വികസിപ്പിക്കുന്നത്. ഈ സ്മാര്‍ട്ട് സിറ്റികളില്‍ നാലെണ്ണം ഇതിനകം നിക്ഷേപത്തിന്റെ ആകര്‍ഷണകേന്ദ്രങ്ങളായി മാറിയിട്ടുണ്ട്.
നിര്‍മാണ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള അനുമതിയും അടിസ്ഥാനസൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. 80,000 പേര്‍ക്കു നേരിട്ടും അതിലധികംപേര്‍ക്കു പരോക്ഷമായും തൊഴില്‍ നല്കുന്ന 1.7 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഇതിനകം പ്രതിജ്ഞാബദ്ധമാണ്.
ഇലക്ട്രോണിക്സ്, ഔഷധമേഖല, വാഹനമേഖല, വസ്ത്രമേഖല, വൈദ്യശാസ്ത്ര ഉപകരണങ്ങള്‍ തുടങ്ങിയ നിര്‍ണായകരംഗങ്ങളില്‍ ഗവൺമെന്റിന്റെ ഉത്പാദനബന്ധിത ആനുകൂല്യ (പിഎല്‍ഐ) പദ്ധതികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും സുസ്ഥിരവളര്‍ച്ചയ്ക്കായി ഈ മേഖലകളില്‍ പരിസ്ഥിതിസംവിധാനങ്ങള്‍ സൃഷ്ടിക്കുകയും അവയുടെ ആഗോള മത്സരക്ഷമത ഉറപ്പാക്കുകയും ചെയ്യുന്നു.
പിഎല്‍ഐ പദ്ധതികള്‍ 1.32 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിനും ഏകദേശം 11 ലക്ഷം കോടിരൂപയുടെ ഉത്പാദനത്തില്‍ ഗണ്യമായ ഉത്തേജനത്തിനും കാരണമായി. ഈ സംരംഭത്തിലൂടെ നേരിട്ടും അല്ലാതെയും 8.5 ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു.
ലോകം ഇപ്പോള്‍ ഇന്ത്യയെ ഉത്പാദന ഇടമായാണു കാണുന്നത്. ഈ താത്പര്യത്തിന്റെ പ്രധാന കാരണം ഇന്ത്യയുടെ സ്വന്തം മത്സരാധിഷ്ഠിത മുന്‍തൂക്കവും കരുത്തുറ്റ സാമ്പത്തിക അടിസ്ഥാനവുമാണ്. ഇന്ന്, പണപ്പെരുപ്പം നിയന്ത്രണത്തിലാണ്; സാമ്പത്തിക വളര്‍ച്ച ശക്തമാണ്.
കേന്ദ്ര ഗവൺമെന്റ് കര്‍ശനമായ സാമ്പത്തിക അച്ചടക്കമാണ് പിന്തുടരുന്നത്. സംഘര്‍ഷവും അനിശ്ചിതത്വവും നിറഞ്ഞ നിലവിലെ ആഗോള സാഹചര്യത്തില്‍ ഇത് ഏറെ പ്രശംസനീയമാണ്.
2014ല്‍ ലോകത്തെ ‘ദുര്‍ബലമായ അഞ്ചിലൊന്നാ’യി കണക്കാക്കപ്പെട്ടിരുന്ന പരിതാപകരമായ സാഹചര്യത്തില്‍നിന്നു ലോകത്തെ മികച്ച അഞ്ചിലൊന്നായി ഇന്ത്യയെ ഉയര്‍ത്താന്‍ പ്രധാനമന്ത്രി മോദിയുടെ സംരംഭങ്ങള്‍ സഹായിച്ചു.