ഓണം വില്പന: മിൽമ എറണാകുളം മേഖലാ യൂണിയനു ചരിത്രനേട്ടം
Tuesday, September 17, 2024 11:22 PM IST
കൊച്ചി: ഓണത്തോടനുബന്ധിച്ച് മിൽമ എറണാകുളം മേഖലാ യൂണിയന്റെ കീഴിൽ 56 ലക്ഷം ലിറ്റര്‍ പാലും 3.53 ലക്ഷം കിലോഗ്രാം തൈരും വില്പന നടത്തി. എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി ജില്ലകളിലായി അത്തം മുതൽ തിരുവോണം വരെയുള്ള കണക്കാണിത്.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് തൈര്, ഐസ്ക്രീം, പേഡ, പനീര്‍, വിവിധയിനം പായസക്കൂട്ടുകള്‍ തുടങ്ങിയ ഉത്പന്നങ്ങളുടെ വില്പനയിലും വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയതെന്ന് മേഖലാ യൂണിയന് ചെയര്മാന് എം.ടി. ജയന് അറിയിച്ചു.
ഉത്രാടദിനത്തിൽ 10.56 ലക്ഷം ലിറ്റര്‍ പാലും 88,266 കിലോ തൈരും വിറ്റഴിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പാൽ വില്പനയിൽ 3.06 ശതമാനവും തൈര് വില്പനയിൽ 7.40 ശതമാനവും വര്‍ധനയുണ്ടായി.
ഇക്കാലയളവിൽ 200 ടണ്‍ നെയ്യും വില്പന നടത്തി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് അഞ്ച് ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. സിവിൽ സപ്ലൈസ് കോര്പറേഷന് 1,62,000 ബോട്ടിൽ നെയ്യും 1,62,000 പായ്ക്കറ്റ് പായസം മിക്സും വിതരണത്തിനായി നൽകിയെന്നും എം.ടി. ജയൻ അറിയിച്ചു.