ആമസോണ്‍ വഴിയുള്ള കയറ്റുമതി 13 ബില്യണ്‍ ഡോളറിലേക്ക്
Tuesday, September 17, 2024 11:22 PM IST
കൊച്ചി: ഇന്ത്യയില്‍നിന്ന് ആമസോണ്‍ വഴിയുള്ള കയറ്റുമതി 2024 അവസാനത്തോടെ 13 ബില്യണ്‍ ഡോളര്‍ കടക്കുമെന്നു കണക്കുകൾ.
ഈ വർഷം മൊത്തം ഇ-കൊമേഴ്സ് കയറ്റുമതിയില്‍ പതിനായിരക്കണക്കിന് ഇന്ത്യന്‍ ബിസിനസുകൾ പങ്കാളികളാകുമെന്നും ഇതുസംബന്ധിച്ച പഠനമായ എക്സ്പോര്‍ട്സ് ഡൈജസ്റ്റ് 2024 വ്യക്തമാക്കുന്നു.
ആമസോണിന്റെ ഇ-കൊമേഴ്സ് കയറ്റുമതി പദ്ധതി 2015ലാണ് ആരംഭിച്ചത്. ഒമ്പതു വര്‍ഷത്തിനിടെ 1.50 ലക്ഷം കയറ്റുമതിക്കാര്‍ പദ്ധതിയുടെ ഭാഗമായി. ഇവര്‍ 40 കോടിയിലധികം ഇന്ത്യന്‍ നിര്‍മിത ഉത്പന്നങ്ങള്‍ ലോകമൊട്ടാകെയുള്ള ഉപയോക്താക്കള്‍ക്കായി കയറ്റുമതി ചെയ്തു.
ഈ പദ്ധതിയിലൂടെയുള്ള ആകെ വില്പന അടിത്തറ കഴിഞ്ഞ വര്‍ഷം 20 ശതമാനം വളര്‍ന്നു. ആമസോണ്‍ ആഗോള വില്പനയ്ക്ക് രാജ്യത്തുടനീളം മികച്ച സ്വീകരണമാണു ലഭിച്ചതെന്ന് അധികൃതർ പറഞ്ഞു.
200ലധികം ഇന്ത്യന്‍ നഗരങ്ങളില്‍നിന്ന് ആമസോൺ വഴി വില്പനക്കാരുണ്ടായി. യുഎസ്, യുകെ, യുഎഇ, സൗദി അറേബ്യ, കാനഡ, മെക്സിക്കോ, ജര്‍മനി, ഇറ്റലി, ഫ്രാന്‍സ്, സ്പെയിന്, ഓസ്ട്രേലിയ, സിംഗപ്പൂര്‍ തുടങ്ങി 18ലധികം വിപണികളിൽ ഇന്ത്യൻ ഉത്പന്നങ്ങൾ ഇതുവഴി വിറ്റഴിക്കുന്നുണ്ട്. ഇന്ത്യൻ വിപണിയിൽനിന്ന് ആഗോള ബ്രാന്‍ഡുകള്‍ രൂപപ്പെടുത്താൻ ഇതു സഹായിച്ചെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.