മൂന്നാഴ്ച നീണ്ട ബുൾ റാലിക്കു ശേഷം സെൻസെക്സിനും തളർച്ച. സൂചിക 82,365 പോയിന്റിൽനിന്നും മികവ് കാണിച്ചുകൊണ്ട് 82,637ലെ റിക്കാർഡ് തകർത്ത് ഒരവസരത്തിൽ 82,725 വരെ ഉയർന്നു. ഇതിനിടയിൽ ഉടലെടുത്ത ലാഭമെടുപ്പും വില്പനയും വിപണി അല്പം ആടിയുലയാൻ കാരണമായതോടെ സൂചിക 80,981ലേക്ക് താഴ്ന്നങ്കിലും വ്യാപാരാന്ത്യം കരുത്തു തിരിച്ചുപിടിച്ച് 81,183 പോയിന്റിൽ ക്ലോസിംഗ് നടന്നു. സെൻസെക്സിന് ഈ വാരം ആദ്യതാങ്ങ് 80,534 പോയിന്റിലാണ്. വില്പന സമ്മർദം ശക്തമായാൽ സൂചിക 79,885 വരെ തിരുത്തലിനു മുതിരാം. അനുകൂല വാർത്തകൾ പുറത്തുവന്നാൽ സൂചിക 82,278-83,373 റേഞ്ചിലേക്ക് തിരിച്ചുവരവ് കാഴ്ചവയ്ക്കും.
ആകാംക്ഷയോടെ വിദേശ ഫണ്ടുകൾ യുഎസ് ഫെഡ് റിസർവ് നീക്കങ്ങളെ ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് വിദേശ ഫണ്ടുകൾ. നാണയപ്പെരുപ്പം നിയന്ത്രണത്തിൽ വരുന്നതും തൊഴിലില്ലാമ നേരത്തേ കണക്കു കൂട്ടിയതിലും താഴ്ന്നതും പലിശ നിരക്കുകളിൽ ഭേദഗതികൾക്ക് കേന്ദ്രബാങ്കിനെ പ്രേരിപ്പിക്കാം. പിന്നിട്ടവാരം വിദേശ ഫണ്ടുകൾ വാരത്തിന്റെ ആദ്യപകുതിയിൽ 3740.17 കോടി രൂപ നിക്ഷേപിച്ചെങ്കിലും അവസാന രണ്ട് ദിവസങ്ങളിലായി അവർ 1309.64 കോടി രൂപയുടെ ഓഹരികൾ വിറ്റുമാറി. അതേസമയം, എല്ലാ ദിവസങ്ങളിലും ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപത്തിന് മത്സരിച്ചു. മൊത്തം 7442.20 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
രൂപയ്ക്ക് ഇടിവ് രൂപ വീണ്ടും ദുർബലാവസ്ഥയിൽ, വിനിമയനിരക്ക് 83.82ൽ നിന്നും 84.09ലേക്ക് ഇടിഞ്ഞശേഷം വാരാന്ത്യം 83.97ലാണ്. രൂപയുടെ ചലനങ്ങൾ വീക്ഷിച്ചാൽ വിപണി 83.60-84.45 റേഞ്ചിൽ നീങ്ങാം.
രാജ്യാന്തര വിപണിയിൽ സ്വർണത്തിന് 2,500 ഡോളറിലെ സപ്പോർട്ട് വാരാന്ത്യം നഷ്ടപ്പെട്ടങ്കിലും മഞ്ഞലോഹം ബുള്ളിഷ് ട്രന്റ് നിലനിർത്തുകയാണ്. മുൻവാരത്തിലെ 2502ൽ നിന്നും 2529 വരെ ഉയർന്ന അവസരത്തിൽ ഉടലെടുത്ത വില്പന സമ്മർദത്തിൽ 2485ലേക്ക് ഇടിഞ്ഞങ്കിലും ക്ലോസിംഗിൽ നിരക്ക് 2497 ഡോളറിലാണ്.