സർവകാല റിക്കാർഡിൽ ഓഹരി വിപണി
ഓഹരി അവലോകനം / സോണിയ ഭാനു
Monday, September 2, 2024 12:43 AM IST
നിഫ്റ്റി സൂചിക മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും മികച്ച പ്രകടനത്തിന്റെ തിളക്കത്തിലാണ്. ആഭ്യന്തര-വിദേശ ധനകാര്യസ്ഥാപനങ്ങൾ ഓഹരി വിപണിക്ക് നൽകിയ ശക്തമായ പിന്തുണയിൽ സൂചിക സർവകാല റിക്കാർഡ് തലത്തിലാണ്. അനുകൂല വാർത്തകളുടെ പിന്തുണ വരും ദിനങ്ങളിലും ഉണർവിന് അവസരം ഒരുക്കും. അന്താരാഷ്ട്ര ക്രൈഡിറ്റ് റേറ്റിംഗ് ഏജൻസിയായ മൂഡിസ് ഇന്ത്യയുടെ വളർച്ചയെക്കുറിച്ച് ശുഭപ്രതീക്ഷ നിലനിർത്തിയതും മുന്നേറ്റ സാധ്യതകൾക്ക് ശക്തിപകരുന്നു.
റിക്കാർഡിട്ട് നിഫ്റ്റി
നിഫ്റ്റി തുടർച്ചയായ പന്ത്രണ്ടാം ദിവസവും നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ പുതിയ ഒരു റിക്കാർഡ് പിറന്നു. അതേ, വിപണിയുടെ 31 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരം ഒരു റാലിക്ക് നിക്ഷേപകർ സാക്ഷ്യം വഹിക്കുന്നത്.
പിന്നിട്ടവാരം സൂചിക 412 പോയിന്റ് ഉയർന്നപ്പോൾ സെൻസെക്സ് 1279 പോയിന്റ് വർധിച്ചു. നിഫ്റ്റി മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളിലും ഉണർവ് ദൃശ്യമായി. ഇന്ത്യാ വോളാറ്റിലിറ്റി ഇൻഡക്സ് ഒരു ശതമാനത്തിലധികം കുറഞ്ഞ് 13.39ലേക്ക് താഴ്ന്നത് വിപണി നിക്ഷേപകർക്ക് കൂടുതൽ അനുകൂലമായി മാറിയെന്ന സൂചന നൽകി. 15ൽ താഴ്ന്നുനീങ്ങുന്ന അവസരങ്ങളിൽ ഫണ്ടുകൾ വിൽപ്പനയേക്കാൾ നിക്ഷേപങ്ങൾക്കാണ് മുൻതൂക്കം നൽകുക.
ദീപാവലിക്ക് തയാറെടുപ്പ്
ആഭ്യന്തര-വിദേശ ധനകാര്യസ്ഥാപനങ്ങൾ ബ്ലൂചിപ്പ് ഓഹരികളിൽ നിക്ഷേപിക്കാൻ മത്സരിച്ചു. നിക്ഷേപകരുടെ പ്രതീക്ഷയ്ക്കൊത്ത് നിഫ്റ്റി 25,000 പോയിന്റിന് മുകളിൽ വാരാന്ത്യം ഇടം പിടിച്ചത് ദീപാവലി വരെയുള്ള റാലിക്കുള്ള തയാറെടുപ്പായി വിലയിരുത്താം. തുടർച്ചയായ മൂന്നാം മാസമാണ് ഓഹരി സൂചിക തളർച്ച അറിയാതെ കുതിക്കുന്നത്. ഈ വർഷം നിഫ്റ്റി 16 ശതമാനം വർധിച്ചു, പിന്നിട്ട എട്ട് മാസത്തിൽ സൂചിക 3504 പോയിന്റ് കയറി.
മുൻവാരത്തിലെ 24,854ൽ നിന്നും വാരത്തിന്റെ ആദ്യ ദിനത്തിൽതന്നെ നിർണായകമായ കാൽ ലക്ഷം പോയിന്റിന് മുകളിൽ സൂചിക ഇടം പിടിച്ചു. പിന്നീട് കാഴ്ചവച്ച പ്രകടനങ്ങൾ ചരിത്രമായി. വാരാന്ത്യ ദിനത്തിൽ എക്കാലത്തെയും ഉയർന്ന നിലവാരമായ 25,268.35 വരെ കയറി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിവാര ക്ലോസിംഗായ 25,235 പോയിന്റിലാണ് നിഫ്റ്റി.
വിപണിയുടെ സാങ്കേതിക വശങ്ങൾ മുൻവാരങ്ങളിൽ സൂചിപ്പിച്ചതുപോലെ ബുള്ളിഷായി നിലകൊള്ളുന്നു. അതേസമയം അമിത വാങ്ങൽ മൂലം ഇൻഡിക്കേറ്റുകൾ പലതും ഡെയ്ലി-വീക്കിലി ചാർട്ടുകളിൽ ഓവർ ബ്രോട്ടായി. ഈ ഒരു ഘട്ടത്തിൽ ഫണ്ടുകൾ ഉയർന്ന തലത്തിൽ ലാഭമെടുപ്പിന് നീക്കം നടത്തിയാൽ അത്ഭുതപ്പെടാനില്ല. പ്രതിദിന ചാർട്ട് വിലയിരുത്തിയാൽ ഈവാരം 25,353ൽ ആദ്യ പ്രതിരോധമുണ്ട്, ഇത് മറികടന്നാൽ 25,491നെ കൈപ്പിടിയിൽ ഒതുക്കും. ഹ്രസ്വകാലയളവിലേക്ക് വീക്ഷിച്ചാൽ നിഫ്റ്റിക്ക് 25,842വരെ സഞ്ചരിക്കാനുള്ള കരുത്ത് കണ്ടെത്താനാവും. വിപണി തിരുത്തലിന് മുതിർന്നാൽ 25,012ൽ ആദ്യ സപ്പോർട്ടുണ്ട്. ഇത് നഷ്ടപ്പെടുന്ന പക്ഷം 24,789-24,842 റേഞ്ചിലേക്ക് പരീക്ഷണങ്ങൾ നടത്താം.
മികവ് നിലനിർത്തി സെൻസെക്സ്
ബോംബെ സെൻസെക്സ് തുടർച്ചയായ മൂന്നാം വാരവും നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സൂചിക 81,086 പോയിന്റിൽനിന്നും മികവോടെയാണ് ട്രേഡിംഗ് പുനരാരംഭിച്ചത്. ഒരവസരത്തിൽ ലാഭമെടുപ്പും വിൽപ്പനയും മൂലം 81,627ലേക്ക് താഴ്ന്നെങ്കിലും പിന്നീട് കരുത്ത് നേടി എക്കാലത്തെയും ഉയർന്ന നിലവാരമായ 82,637.03 പോയിന്റിലേക്ക് കയറി റിക്കാർഡ് സ്ഥാപിച്ചു.
വാരാന്ത്യം സൂചിക 82,365 ലാണ്. ഈവാരം ആദ്യ പ്രതിരോധമായ 82,792നെ ലക്ഷ്യമാക്കിയാകും ഇടപാടുകൾക്ക് തുടക്കം കുറിക്കുക. ഈ തടസം ഭേദിച്ചാൽ 83,219 റേഞ്ചിലേക്ക് ചുവടുവയ്ക്കാം. സെൻസെക്സ് തിരുത്തലിന് ശ്രമം നടത്തിയാൽ 81,782 പോയിന്റിൽ ആദ്യ താങ്ങുണ്ട്. ഇത് നഷ്ടപ്പെട്ടാൽ വിപണി 81,199-80,189 റേഞ്ചിൽ പിടിച്ചു നിൽക്കും.
വിദേശ ഫണ്ടുകൾക്ക് വാങ്ങൽ താത്പര്യം
വിദേശ ഫണ്ടുകൾ വാങ്ങൽ താത്പര്യം ശക്തമാക്കിയെന്ന് പണപ്രവാഹം വ്യക്തമാക്കുന്നു. കഴിഞ്ഞവാരം അവർ 10,564.85 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചു, 1347.53 കോടി രൂപയുടെ വിൽപ്പനയും നടത്തി. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 5000.42 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചു. രണ്ട് ദിവസങ്ങളിൽ അവർ 3802.15 കോടി രൂപയുടെ വിൽപ്പനയും നടത്തി.
ഓഗസ്റ്റിലെ ആഭ്യന്തര ഫണ്ടുകളുടെ മൊത്തം നിക്ഷേപം 52,080 കോടി രൂപയിലെത്തി. വിദേശ ഫണ്ടുകൾ പിന്നിട്ടമാസം 31,933 കോടി രൂപയുടെ വിൽപ്പന നടത്തി. അതേസമയം ഓഗസ്റ്റിൽ വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ 7320 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചു.
യുഎസ് ഫെഡ് റിസർവ് നീണ്ട ഇടവേളയ്ക്കുശേഷം പലിശ നിരക്കുകളിൽ ഭേദഗതികൾ വരുത്തുമെന്ന പ്രതീക്ഷയിലാണ് സാന്പത്തിക മേഖല. മാസമധ്യം ഫെഡ് യോഗം ചേരും. ഇതിനിടയിൽ മൂഡീസ്, ഇന്ത്യയുടെ ജിഡിപി റേറ്റിംഗ് 6.6 ശതമാനത്തിൽനിന്നും 7.2 ശതമാനമായി ഉയർത്തി.
ആഗോള വിപണിയിൽ സ്വർണം ഒരു നിശ്ചിത ടാർജറ്റിലാണ് സഞ്ചരിക്കുന്നത്. മുൻവാരത്തിലെ 2512 ൽനിന്നും 2529 വരെ കയറിയെങ്കിലും 2532ലെ പ്രതിരോധം തകർക്കാനായില്ല. വീണ്ടും താഴ്ന്ന റേഞ്ചിലേക്ക് നീങ്ങിയതിനിടയിലെ 2500ലെ താങ്ങ് തകർത്ത് 2492 വരെ ഇടിഞ്ഞു, ക്ലോസിംഗിൽ 2502 ഡോളറിലാണ്. ഫെഡ് പലിശയിൽ ഭേദഗതി വരുത്തിയാൽ സ്വർണം താഴ്ന്ന റേഞ്ചിലേക്ക് ഒരു ശക്തിപരീക്ഷണത്തിന് ശ്രമിക്കാം. 2434 ഡോളറിലെ സപ്പോർട്ട് നിലനിർത്തിയാൽ സെപ്റ്റംബർ രണ്ടാം പകുതിയിൽ 2622 ഡോളറിലേക്ക് മുന്നേറാം.