ജിഎസ്ടി റിട്ടേൺ ഫയൽ ചെയ്യാൻ പുതിയ സോഫ്റ്റ്വേർ
Saturday, August 10, 2024 12:05 AM IST
തിരുവനന്തപുരം: കേരള മൂല്യവർധിത നികുതി നിയമം 2003, കേരള പൊതുവില്പന നികുതി നിയമം 1963, കേന്ദ്ര വില്പന നികുതി നിയമം 1956 എന്നിവയ്ക്ക് കീഴിലുള്ള റിട്ടേണുകൾ ഫയൽ ചെയ്യുന്നതിന് സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ പുതിയ സോഫ്റ്റ്വേറായ കേരള ഇൻഡയറക്റ്റ് ടാക്സ് ഇൻഫർമേഷൻ സിസ്റ്റം (KITIS) പ്രവർത്തനക്ഷമമായി.
നിലവിലുണ്ടായിരുന്ന കേരള വാല്യൂ ആഡഡ് ടാക്സ് ഇൻഫർമേഷൻ സിസ്റ്റം (KVATIS) സോഫ്റ്റ്വേറിന് പകരമായാണ് പുതിയത് നടപ്പാക്കിയത്. KVATIS ൽ നിലവിലുണ്ടായിരുന്ന VAT ഫോം 10 റിട്ടേണിനു പകരം ഫോം 9ൽ ആണ് വ്യാപാരികൾ ഇനി മുതൽ റിട്ടേൺ ഫയൽ ചെയ്യേണ്ടത്.
മുൻ സാമ്പത്തിക വർഷത്തിലെ വാർഷിക നികുതി ബാധ്യത പത്തു ലക്ഷം രൂപയോ അതിൽ കൂടുതലോ ഉള്ള എണ്ണക്കമ്പനികൾ ഒഴികെയുള്ള വ്യാപാരികൾക്ക് പ്രതിമാസ റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതി റിട്ടേൺ പിരീഡിന് ശേഷമുള്ള മാസത്തിലെ 10-ാം തീയതി ആയിരിക്കും. എണ്ണക്കമ്പനികൾക്കും മറ്റ് വ്യാപാരികൾക്കും പ്രതിമാസ റിട്ടേൺ ഫയൽ ചെയ്യുവാനുള്ള അവസാന തീയതി റിട്ടേൺ പിരീഡിന് ശേഷമുള്ള മാസത്തിലെ 15-ാം തീയതി ആയിരിക്കും.
മേൽപ്പറഞ്ഞ മൂന്ന് നിയമങ്ങൾക്ക് കീഴിലുള്ള വാർഷിക റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി എല്ലാ വർഷവും ഏപ്രിൽ 30 ആയിരിക്കും.
പുതിയ സോഫ്റ്റ്വേർ വഴി റിട്ടേൺ ഫയൽ ചെയ്യുന്നതിനും പണമടയ്ക്കുന്നത്തിനും www.kitis. keralataxes.gov.in വ്യാപാരികൾക്ക് ഉപയോഗിക്കാം. വിശദ വിവരങ്ങൾ www.keralataxes.gov.inൽ ലഭ്യമാണ്. ജിഎസ്ടി നിയമ പ്രകാരമുള്ള റിട്ടേൺ ഫയലിംഗിനും പേയ്മെന്റിനും ഇത് ബാധകമല്ല.