റബർ ശക്തമായ നിലയിൽ
വിപണിവിശേഷം / കെ.ബി. ഉദയഭാനു
Monday, August 5, 2024 12:08 AM IST
ഇന്തോനേഷ്യയിൽ കുരുമുളക് വിളവെടുപ്പ് മന്ദഗതിയിൽ, ഉത്തരേന്ത്യയിൽ വിദേശചരക്ക് പിന്തള്ളപ്പെടുന്നതുകണ്ട് അന്തർസംസ്ഥാന വാങ്ങലുകാർ കേരളത്തിൽ. ചിങ്ങത്തിനു മുന്നേ വെളിച്ചെണ്ണ ചൂടുപിടിച്ചു. റബർ ശക്തമായ നിലയിൽ, ഇറക്കുമതി ചരക്ക് വില്ലനാകുമോ? ഒസാക്കയിൽ പുൾബാക്ക് റാലി പ്രതീക്ഷിക്കാം. ആഭരണകേന്ദ്രങ്ങളിൽ വിവാഹപ്പാർട്ടികൾ സജീവം.
ഉത്പാദനം കുറയും
ഇന്തോനേഷ്യയിൽ കുരുമുളക് വിളവെടുപ്പ് പുരോഗമിച്ചെങ്കിലും ഉത്പാദനം കാർഷികമേഖല നേരത്തേ കണക്കുകൂട്ടിയതിലും കുറയുമെന്ന അവസ്ഥയിലാണ്. വിപണി നിയന്ത്രണം പൂർണമായി കയറ്റുമതിക്കാരുടെ കരങ്ങളിലായതിനാൽ താഴ്ന്ന വിലയ്ക്കു കർഷകരിൽനിന്ന് ഉത്പന്നം ഗോഡൗണുകളിൽ നിറയ്ക്കാനുള്ള ശ്രമത്തിലാണവർ. ഉത്പാദനം കുറവായതിനാൽ വിളവെടുപ്പ് തിരക്കിട്ട് പൂർത്തിയാക്കാൻ വൻകിട വാങ്ങലുകാർ കർഷകരോട് അഭ്യർത്ഥിക്കുന്നുണ്ട്.
ഇന്തോനേഷ്യൻ കർഷകർ ചൈനീസ് വംശജരായ കയറ്റുമതി ലോബിയുടെ വാക്കിൽ വിശ്വാസം അർപ്പിക്കുന്നു. വലിയപങ്ക് മുളക് കൈക്കലാക്കിക്കഴിഞ്ഞാൽ അവർ രാജ്യാന്തര മാർക്കറ്റിൽ ചരക്ക് ഇറക്കാനുള്ള നീക്കത്തിലാണ്. ക്രിസ്മസ് ഓർഡറുകൾ എത്തുന്നതോടെ കുരുമുളക് വില ഉയർത്തി ന്യൂയോർക്കുമായി കച്ചവടങ്ങൾ ഉറപ്പിക്കാൻ ചർച്ചകൾ നടക്കുന്നു. രാജ്യാന്തര വിപണിയിൽ ടണ്ണിന് 7400 ഡോളറാണ്, ഇന്ത്യൻ നിരക്ക് രാജ്യാന്തര വിപണിയിൽ ടണ്ണിന് 8320 ഡോളർ.
ഉത്തരേന്ത്യയിൽ നാടൻ കുരുമുളകിന് ആവശ്യം വർധിച്ചു. ഒരു മാസത്തോളം വില ഇടിച്ച് ഉത്പാദകരെ പരിഭ്രാന്തരാക്കാൻ അന്തർസംസ്ഥാന വ്യാപാരികളും ചില വൻകിട സ്റ്റോക്കിസ്റ്റുകളും സംഘടിതമായി കളിച്ച ഫലമായി ഉയർന്ന തലത്തിൽ നിന്നും ഉത്പന്നത്തെ തളർത്തി.
എന്നാൽ ഇതുകണ്ട് കുലുങ്ങരുതെന്ന് ഇതേ കോളത്തിൽ കർഷകർക്ക് നൽകിയ മുന്നറിയിപ്പ് ചരക്ക് പിടിക്കാൻ പ്രേരിപ്പിച്ചതിനാൽ ഹൈറേഞ്ച്, വയനാടൻ മുളക് അവർക്ക് ചുളു വിലയ്ക്ക് സംഘിപ്പിക്കാനായില്ല. കർഷകർ മുളക് നീക്കം നിയന്ത്രിച്ചതോടെ പിന്നിട്ടവാരം വാങ്ങലുകാർ വില ഉയർത്തി.
കൊച്ചിയിൽ അണ് ഗാർബിൾഡ് കുരുമുളക് 66,700 രൂപയിൽനിന്നു 67,800 ലേയ്ക്ക് കയറി. ഉത്സവദിനങ്ങൾ അടുത്തതിനാൽ തിരക്കിട്ട് ചരക്ക് സംഭരിക്കുകയാണ്. സീസണിൽ താഴ്ന്ന വിലയ്ക്കു വാങ്ങിയ ചരക്ക് ഉത്തരേന്ത്യയിൽ സ്റ്റോക്കുണ്ട്. ഇനി വില ഉയർത്തി സ്റ്റോക്കിന് വൻ വില ഉറപ്പ് വരുത്താനുള്ള നീക്കത്തിലാണവർ.
കളിച്ച് ലോബി
ചിങ്ങത്തിലെ ബംബർ വിൽപ്പന മുന്നിൽ കണ്ട് തമിഴ്നാട് ലോബി വെളിച്ചെണ്ണ വില ഉയർത്തി. വരും ആഴ്ച്ചകളിൽ നിരക്ക് ഇനിയും ഉയർത്താമെന്ന നിഗനമത്തിലാണ് കാങ്കയത്തെ കൊപ്രയാട്ട് മില്ലുകാർ. കൊപ്ര സംഭരണത്തിന് അവർ ഉത്സാഹിക്കുന്നില്ല. മുന്നിലുള്ള ഒരു മാസം വെളിച്ചെണ്ണയ്ക്ക് പ്രാദേശിക ആവശ്യം ഉയരും.
വെളിച്ചെണ്ണയുടെ വിലക്കയറ്റത്തിന് അനുസൃതമായി കൊപ്ര വില ഉയരേണ്ടതാണ്. എന്നാൽ പല അവസരത്തിലും എണ്ണ വില മാത്രം ഉയർത്തി വിപണിയുടെ സന്തുലിതാവസ്ഥ അട്ടിമറിക്കുന്നു. ഈ നീക്കത്തിനു പിന്നിൽ കേരളത്തിലെ ലോബിയും കൂട്ടുനിൽക്കുന്നത് അപമാനകരം. താങ്ങുവിലയുടെ അനുകുല്യം ലഭിക്കാഞ്ഞ കൊപ്ര ഉത്പാദകന് ഉത്സവവേളയിലും അൽപ്പം മെച്ചപ്പെട്ട വിലയുള്ള അവസരം തട്ടിത്തെറിപ്പിക്കുകയാണ്. കൊച്ചിയിൽ വെളിച്ചെണ്ണയ്ക്ക് 500 രൂപ കയറി 16,000 രൂപയായി. കൊപ്രയ്ക്ക് ഉയർന്നത് 200 രൂപ മാത്രം.
റബറിനു നല്ലകാലം
കാലാവസ്ഥ വില്ലനായപ്പോൾ റബർ ഉത്പാദനം കുറഞ്ഞത് വിലക്കയറ്റത്തിന് അവസരം ഒരുക്കി. എന്നാൽ ഉയർന്ന വിലയ്ക്ക് മുന്നിൽ ഇറക്കുമതി ചരക്ക് വില്ലനാവുമോ ? കാത്തിരുന്ന് കാണാം. ടയർ കയറ്റുമതിക്ക് അനുകൂലമായി നികുതിരഹിത റബർ ഇറക്കുമതിക്ക് ടയർ ലോബി മത്സരിക്കുകയാണ്. ദക്ഷിണേന്ത്യൻ തുറമുഖത്ത് കഴിഞ്ഞ ദിവസം ചരക്ക് എത്തിയെന്ന് വിവരം.
ഇതിനിടയിൽ ഷീറ്റ് ക്ഷാമത്തിൽ ടയർ കന്പനികൾ നാലാം ഗ്രേഡ് വില 22,000 രൂപയിൽ നിന്നും വാരാന്ത്യം 23,800 ലെത്തിച്ചു. അഞ്ചാം ഗ്രേഡ് 21,000 - 21,700 ൽ നിന്നും 22,800 -23,400ലേക്ക് ഉയർന്നു. ലാറ്റക്സ് വില 16,500 രൂപ.
ജപ്പാനിലെ ഒസാക്ക എക്സ്ചേഞ്ചിൽ റബർ കിലോ 310 യെന്നിലേക്ക് ഇടിഞ്ഞത് അവസരമാക്കി ഓപ്പറേറ്റർമാർ വിൽപ്പനകൾ തിരിച്ചുപിടിക്കാൻ ഉത്സാഹിച്ചു. ഉൗഹക്കച്ചവടക്കാരുടെ നീക്കംകണ്ട് നിക്ഷേപകർ പുതിയ വാങ്ങലിന് താത്പര്യം കാണിച്ചു. ഡിസംബർ അവധിയുടെ ചലനങ്ങൾ വിലയിരുത്തിയാൽ പുൾബാക്ക് റാലിക്കുള്ള സാധ്യത റബറിനെ 325-330 യെന്നിലേക്ക് അടുപ്പിക്കാം. വിപണിക്ക് 310 യെന്നിൽ താങ്ങുണ്ട്. പുതിയ സാഹചര്യത്തിൽ ഫണ്ടുകൾ സിംഗപ്പൂർ, ചൈനീസ് മാർക്കറ്റുകളിലും പിടിമുറുക്കാം. തായ്ലൻഡിൽ മഴ ടാപ്പിംഗിനെ ബാധിച്ചതോടെ ഷീറ്റ് വില 18,534 രൂപയിൽനിന്ന് 19,557 രൂപയായി.
ആഭരണകേന്ദ്രങ്ങളിൽ വിവാഹപ്പാർട്ടികൾ സജീവം. പവന്റെ വില ആകർഷകമായത് ഉപഭോതാക്കളെ വിപണിയിലേക്ക് അടുപ്പിച്ചു. പവൻ 50,600 രൂപയിൽനിന്നു 51,840ലേക്കു കയറിയശേഷം വാരാന്ത്യം 51,760 രൂപയിലാണ്.