റിക്കാർഡുകൾക്കൊടുവിൽ തിരുത്തൽ
ഓഹരി അവലോകനം / സോണിയ ഭാനു
Monday, August 5, 2024 12:08 AM IST
റിക്കാര്ഡ് പ്രകടനങ്ങൾക്ക് ഒടുവിൽ ഇന്ത്യൻ ഓഹരി സൂചികകൾ സാങ്കേതിക തിരുത്തലിലേക്കു പ്രവേശിച്ചു. എട്ട് ആഴ്ചകളിലെ തുടർച്ചയായ മുന്നേറ്റത്തിനുശേഷം വാരാന്ത്യം വിപണി ദീർഘനിശ്വാസത്തിനു മുതിർന്നതു മുൻനിര സൂചികകളിൽ വിള്ളലുളവാക്കി.
നിഫ്റ്റി സൂചിക കാൽ ലക്ഷത്തിലേക്കു ചുവടുവയ്ക്കുമെന്നു കഴിഞ്ഞ ലക്കം വ്യക്തമാക്കിയത് ശരിവച്ചുകൊണ്ട് 25,078 പോയിന്റുവരെ ഉയർന്നു. എന്നാൽ, നിഫ്റ്റി 117 പോയിന്റും സെൻസെക്സ് 350 പോയിന്റും പ്രതിവാര നഷ്ടത്തിലാണ്.
ഇന്ത്യൻ മാർക്കറ്റ് ശക്തിപ്രകടനം കാഴ്ച്ചവച്ചവേളയിൽ വിദേശത്തുനിന്നുള്ള പ്രതികൂലവാർത്തകൾ വാരാന്ത്യം പുറത്തുവന്നു. യുഎസ് തൊഴിൽ മേഖലയിലെ മരവിപ്പ് അമേരിക്കൻ മാർക്കറ്റിനെ മാത്രമല്ല, യൂറോപ്യൻ വിപണികളെയും പിടിച്ചുലച്ചതിന്റെ ആഘാതം ഏഷ്യൻ മാർക്കറ്റിനെയും പ്രകന്പനം കൊള്ളിച്ചു. ജാപ്പാനീസ് മാർക്കറ്റായ നിക്കി സൂചിക അഞ്ചു ശതമാനം ഇടിഞ്ഞ് എട്ടു മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ്. ഇതിന്റെ പ്രതിഫലനം ഇന്നും മുഖ്യവിപണികളെ സമ്മർദത്തിലാക്കാം.
നിഫ്റ്റി 24,834ൽനിന്നു മികവോടെയാണ് ഇടപാടുകൾ തുടങ്ങിയത്. വാരത്തിന്റെ തുടക്കത്തിൽ 25,000 പോയിന്റ് മറികടക്കാനുള്ള സൂചികയുടെ നീക്കത്തെ വിദേശ ഓപ്പറേറ്റർമാർ ചെറുത്തുതോൽപ്പിച്ചു. ഒരവസരത്തിൽ 24,999 വരെ കയറിയ നിഫ്റ്റി വിദേശഫണ്ടുകളിൽനിന്നുള്ള വിൽപ്പന സമ്മർദത്തിൽ 24,777ലേക്ക് ഇടിഞ്ഞു. എന്നാൽ, ആഭ്യന്തരഫണ്ടുകളും ആവേശത്തോടെ വീണ്ടും വിപണിയെ വാരിപുണർന്നതോടെ 25,000 പോയിന്റ് മറികടന്നു സൂചിക 25,078.30 വരെ സഞ്ചരിച്ചു.
മുൻവാരം ഇതേ കോളത്തിൽ സൂചിപ്പിച്ച പ്രതിരോധമായ 25,082 പോയിന്റ് അരികിലെത്തിയ അവസരത്തിൽ വീണ്ടും വിൽപ്പനക്കാരുടെ പിടിയിലകപ്പെട്ടു. അന്നു സൂചിപ്പിച്ച പ്രതിരോധം മറികടന്നിരുന്നങ്കിൽ ഈ വാരം 25,330 വരെ ഉയരാനുള്ള ഉൗർജം ലഭിക്കുമായിരുന്നു. വ്യാഴാഴ്ച ഇടപാടുകളുടെ രണ്ടാം പകുതിയിൽതന്നെ വിപണിയുടെ അടിയൊഴുക്കിൽ മാറ്റം കണ്ടുതുടങ്ങിയത്. വാരാന്ത്യദിനത്തിൽ വിപണി പൂർണമായി വിൽപ്പനക്കാർക്ക് അടിയറവു പറഞ്ഞു.
മാർക്കറ്റ് ക്ലോസിംഗ് നടക്കുന്പോൾ നിഫ്റ്റി 24,717 പോയിന്റിലാണ്. ഈ വാരം വിപണിയുടെ ആദ്യ താങ്ങ് 24,576 പോയിന്റിലാണ്. ഈ സപ്പോർട്ട് നിലനിർത്താനായാൽ തിരിച്ചുവരവിൽ 24,968ലേക്കും തുടർന്ന് 25,219ലേക്കും മുന്നേറാൻ നിഫ്റ്റിക്കാവും. എന്നാൽ, ആദ്യ താങ്ങിൽ കാലിടറിയാൽ സൂചിക 24,435ലേക്കും തുടർന്ന് 24,043 പോയിന്റിലേക്കും പരീക്ഷണങ്ങൾ നടത്താം. മുൻ വാരങ്ങളെ അപേക്ഷിച്ച് സൂചികയിലെ ചാഞ്ചാട്ടം ശക്തമാകാം.
സെൻസെക്സ് വീണ്ടും ചരിത്രം തിരുത്തിക്കുറിച്ചു. മുൻ വാരത്തിലെ ക്ലോസിംഗായ 81,332 പോയിന്റിൽനിന്നു മികവോടെയാണു തുടക്കംകുറിച്ചത്. ഒരവസരത്തിൽ 80,924ലേക്കു താഴ്ന്ന സൂചിക പിന്നീട് 82,129ലേക്കു കുതിച്ചശേഷം വാരാന്ത്യം 80,981ലാണ്. ഈ വാരം സെൻസെക്സിന് 81,784-82,587 പോയിന്റിൽ പ്രതിരോധമുള്ളതിനാൽ തുടക്കത്തിൽ താഴ്ന്നതലങ്ങളിൽ വിപണി ശക്തിപരീക്ഷണങ്ങൾക്കു മുതിരാം. തിരുത്തലിൽ വിപണിക്ക് 80,523ലെ ആദ്യ സപ്പോർട്ട് ലഭിച്ചില്ലെങ്കിൽ അടുത്ത താങ്ങായ 80,065 പോയിന്റുവരെ താഴാം.
രൂപയുടെ മൂല്യം 83.69ൽനിന്ന് 83.90 പ്രതിരോധത്തിലേക്ക് അടുത്തെങ്കിലും 83.88ലേക്ക് ഇടിഞ്ഞതിനിടെയിൽ കേന്ദ്രബാങ്ക് വിപണി ഇടപെടൽ നടത്തിയതായി ഫോറെക്സ് വൃത്തങ്ങളിൽനിന്നുള്ള വിവരം. ഇതിനെ തുടർന്നു വാരാന്ത്യം അൽപ്പം മെച്ചപ്പെട്ട് 83.75ൽ ക്ലോസിംഗ് നടന്നങ്കിലും 83.90ലെ പ്രതിരോധം തകർത്ത് 84ലേക്കു രൂപ ദുർബലമാകാൻ സാധ്യത. രൂപ കരുത്തു നേടിയാൽ 83.60ൽ തടസം നേരിടാം.
വിദേശഫണ്ടുകൾ 14,844 കോടി രൂപയുടെ ഓഹരികൾ വിറ്റു, ഒരു ദിവസം അവർ 2089 കോടി രൂപയുടെ വാങ്ങലും നടത്തി. ആഭ്യന്തര ഫണ്ടുകൾ വാങ്ങലുകൾക്ക് മുൻതൂക്കം നൽകി. അവർ മൊത്തം 11,896 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചതിനിടയിൽ 337 കോടി രൂപയുടെ വിൽപ്പന നടത്തി.
ആഗോള സ്വർണവില കൂടുതൽ കരുത്തു നേടാനുള്ള തയാറെടുപ്പിൽ. പിന്നിട്ട രണ്ടാഴ്ചകളിൽ വ്യക്തമക്കിയ 2376 ഡോളറിലെ സപ്പോർട്ട് നിലനിർത്താനായത് വരും ആഴ്ചകളിൽ മഞ്ഞലോഹത്തിന്റെ തിളക്കം വർധിപ്പിക്കാം. ട്രോയ് ഒൗണ്സിന് 2478 ഡോളർ വരെ ഉയർന്നശേഷം ക്ലോസിംഗിൽ 2442ലാണ്.
രാജ്യാന്തര സ്വർണവിപണിയുടെ നിലവിലെ ചലനങ്ങൾ വിലയിരുത്തിയാൽ 2353 ഡോളറിലെ താങ്ങ് നിലനിൽക്കുവോളം 2527 ഡോളർ വരെ ഉയരാം. വർഷാന്ത്യം വരെയുള്ള സ്വർണത്തിന്റെ മുന്നേറ്റം ആ നിലയ്ക്കു വീക്ഷിച്ചാൽ 2566 ഡോളറിലേക്കും തുടർന്ന് 2666 ഡോളറിലേക്കും കുതിക്കാം. പുതിയ ചരിത്രം സൃഷ്ടിച്ചാൽ പുതു വർഷവേളയിൽ സ്വർണം 2735 ഡോളറിനെ ഉറ്റുനോക്കാം.