വിപണി തിരിച്ചുവരും, വര്ധിതവീര്യത്തോടെ
ഓഹരി അവലോകനം / സോണിയ ഭാനു
Monday, July 22, 2024 2:18 AM IST
വാരാന്ത്യം വിപണി കാഴ്ചവച്ച സാങ്കേതികതിരുത്തൽ പൂർത്തിയാകുന്നതോടെ ഇരട്ടിവീര്യവുമായി വിപണിയുടെ തിരിച്ചുവരവ് പ്രതീക്ഷിക്കാം. രണ്ടാഴ്ചയായി ഓവർബോട്ടായ സൂചികകളെ പിടിച്ചുയർത്തിയ ധനകാര്യസ്ഥാപനങ്ങൾക്ക് പിന്നിട്ടവാരത്തിൽ മനംമാറ്റമുണ്ടായി. ആഭ്യന്തര മ്യൂച്വൽഫണ്ടുകൾ എല്ലാ ദിവസവും വില്പനക്കാരായി മാറി.
വിദേശ ഓപ്പറേറ്റർമാർ രണ്ടും കല്പിച്ചു രംഗത്തു കച്ചകെട്ടിനിൽക്കുകയാണ്. ആഭ്യന്തരഫണ്ടുകൾ നടത്തിയ വില്പനയുടെ മൂന്നിരട്ടി വാങ്ങൽ നടത്തി വിദേശഫണ്ടുകൾ വിപണിയെ സർവകാല റിക്കാർഡിലേക്കു കൈപിടിച്ചുയർത്തി.
ബുൾ ഓപ്പറേറ്റർമാരുടെ കരുത്തിൽ നിഫ്റ്റി കഴിഞ്ഞലക്കം സൂചിപ്പിച്ച 24,842 പ്രതിരോധം തകർത്ത് 24,854 വരെ ഉയർന്നു. 24,502ൽനിന്നുള്ള മുന്നേറ്റമാണു സർവകാല റിക്കാർഡിലേക്കു വിപണിയെ നയിച്ചത്. ഉയർന്ന നിലവാരത്തിൽ ലാഭമെടുപ്പിന് അവർ ഉത്സാഹിക്കും.
ബജറ്റ് ഭാരം
ബജറ്റ് ഭാരം ഏതു വിധമെന്നു വ്യക്തമാക്കുംവരെ പുതിയ ബാധ്യതകളിൽനിന്ന് ഒഴിഞ്ഞുമാറാം. കേന്ദ്രബജറ്റിനെ അടിമുടി വിശകലനം നടത്തിയാകും വിദേശ ഓപ്പറേറ്റർമാർ ഓരോ ചുവടും വയ്ക്കുന്നത്. പ്രദേശിക നിക്ഷേപകർ പുതിയ ബാധ്യതകളിൽനിന്ന് അകലുന്നതാണ് അഭികാമ്യം. എല്ലാത്തിനും വ്യക്തത വന്നശേഷം വലതുകാൽ വയ്ക്കുന്നത് ഉചിതം.
നിഫ്റ്റി വാരാന്ത്യം 24,530 പോയിന്റിലാണ്. ഈ വർഷം ഇതാദ്യമായി ഇന്ത്യൻ മാർക്കറ്റ് തുടർച്ചയായി ഏഴാഴ്ചകളിൽ മുന്നേറി. സൂചികയ്ക്ക് 24,310ൽ ആദ്യ താങ്ങ്, ബജറ്റ് അനുകൂലമായാൽ 24,802ൽ ആദ്യ പ്രതിരോധം, അതു മറികടന്നാൽ 25,074-25,556 പോയിന്റിലേക്കു വിപണിയുടെ ദൃഷ്ടി തിരിയും. ആദ്യ സപ്പോർട്ട് നഷ്ടപ്പെട്ടാൽ 24,090ലേക്കു സാങ്കേതികപരീക്ഷണം തുടരാം.
ബുള്ളിഷ്
ഡെയ്ലി ചാർട്ടിൽ സൂപ്പർ ട്രെൻഡും പരാബൊളിക്കും ബുള്ളിഷാണ്. എംഎസിഡി പുൾ ബാക്ക് റാലിക്കു സൂചന നൽക്കുന്പോഴും ട്രെൻഡ് ലൈനിനു മുകളിൽ കരുത്തു നിലനിർത്തി. മറ്റു സൂചികകൾ പലതും വാരാവസാനത്തിലെ തിരുത്തലിൽ ഓവർബോട്ടിൽനിന്ന് ന്യൂട്രലായി.
ജൂലൈ സീരീസ് സെറ്റിൽമെന്റ് വ്യാഴാഴ്ചയാണ്, മുൻവാരത്തിലെ 24,529ൽനിന്ന് 24,750ലെ പ്രതിരോധം തകർത്ത് 24,826 വരെ ഉയർന്നെങ്കിലും 24,529ൽ ഫ്ളാറ്റ് ക്ലോസിംഗ്. ഓഗസ്റ്റ് സീരീസ് 24,657ലാണ്, 20 ദിവസങ്ങളിലെ ശരാശരിയായ 24,370ൽ താങ്ങുണ്ട്. ഓഗസ്റ്റ് ആദ്യം 25,000നെ ഉറ്റുനോക്കാം.
സെൻസെക്സ് 80,519ൽനിന്ന് 80,893 റിക്കാർഡ് തകർത്തു പുതിയ ചരിത്രമായ 81,587 വരെ കുതിച്ചതോടെ ലാഭമെടുപ്പിന് ഇടപാടുകാർ മത്സരിച്ചു. വാരാന്ത്യം 80,604ലാണ്. ഈ വാരം 81,478-82,353ൽ പ്രതിരോധം. ബജറ്റ് പ്രതികൂലമായാൽ സൂചികയ്ക്ക് 79,837-79,071ൽ താങ്ങുണ്ട്. വിദേശഫണ്ടുകൾ മൊത്തം 10,945.98 കോടി രൂപയുടെ വാങ്ങൽ നടത്തി. ആഭ്യന്തരഫണ്ടുകൾ ഇടപാടുകൾ നടന്ന നാലു ദിവസവും വില്പനക്കാരായി നിലകൊണ്ട് 4226.29 കോടി രൂപയുടെ ഓഹരികൾ വിറ്റു.
രൂപയ്ക്ക് ഇടിവ്
രൂപയുടെ മൂല്യം മുൻവാരം ഇതേ കോളത്തിൽ സൂചിപ്പിച്ച പ്രതിരോധമായ 83.80ലേക്ക് ഇടിഞ്ഞു. 83.54ൽനിന്ന് രൂപ റിക്കാർഡ് തകർച്ചയിലേക്കു നീങ്ങിയതിനിടെ റിസർവ് ബാങ്ക് കരുതൽധനം ഇറക്കി രൂപയുടെ മുഖം ഒന്നിലധികം തവണ മിനുക്കിയതോടെ 83.65ലേക്കു മെച്ചപ്പെട്ടെങ്കിലും ക്ലോസിംഗിൽ 83.69ലാണ്. ഈ വാരം 83.90ലേക്കും തുടർന്ന് 84ലേക്കും മൂല്യം സഞ്ചരിക്കാം. ഇന്ന് ബജറ്റ് വേളയിലെ ചാഞ്ചാട്ടം നിയന്ത്രിക്കാനാവശ്യമായ ഒരുക്കങ്ങൾ ആർബിഐ നടത്തിയിട്ടുണ്ട്.
അന്താരാഷ്ട്ര സ്വർണവിലയിൽ റിക്കാർഡ്. ട്രോയ് ഒൗണ്സിന് 2410 ഡോളറിൽനിന്ന് 2454 പ്രതിരോധം തകർത്ത് 2484 ഡോളർ വരെ കുതിച്ചു. ഈ അവസരത്തിൽ ഫണ്ടുകൾ ലാഭമെടുപ്പിനു മത്സരിച്ചതിനാൽ 2392 ഡോളറിലേക്ക് ഇടിഞ്ഞങ്കിലും വാരാന്ത്യം 2400 ഡോളറിലാണ്.
സാങ്കേതികമായി വിലയിരുത്തിയാൽ വിപണി ദുർബലാവസ്ഥയിലേക്കു മുഖംതിരിക്കുന്ന സാഹചര്യത്തിൽ മുന്നിലുള്ള മൂന്നു മാസങ്ങളിൽ 2700 ഡോളർ മറികടക്കാൻ ക്ലേശിക്കും.
പൊന്നാണ്!
ഡോളറും ജാപ്പനീസ് യെന്നുമായുള്ള യുദ്ധം മുന്നിലുള്ള ദിവസങ്ങളിൽ സ്വർണത്തിൽ പ്രതിഫലിക്കും. ഈ വാരം 2376 ഡോളറിലെ സപ്പോർട്ട് നിർണായകമാണ്. 50 ദിവസങ്ങളിലെ ശരാശരിവില ഈ റേഞ്ചിലാണ്. ഈ താങ്ങ് നിലനിർത്തിയാൽ 2500ലേക്ക് അതിവേഗം ഉയരാനാകും. അത്തരമൊരു കുതിപ്പിനു വിപണി സാക്ഷ്യംവഹിച്ചാൽ ചിങ്ങത്തിൽ നമ്മുടെ ആഭരണകേന്ദ്രങ്ങളിൽ പവൻ ചരിത്രനേട്ടം സ്വന്തമാക്കും.