ഇന്ത്യയില്‍ വില്ക്കുന്നതില് 80 ശതമാനവും 22 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍
Saturday, July 20, 2024 11:48 PM IST
കൊച്ചി: ഇന്ത്യയില്‍ വില്‍ക്കുന്ന സ്വര്‍ണാഭരണങ്ങളിൽ 80 ശതമാനവും 22 കാരറ്റാണെന്ന് ഓള് ഇന്ത്യ ജം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ ദേശീയ ഡയറക്ടര്‍ എസ്. അബ്ദുല്‍ നാസര്‍. സ്വര്‍ണാഭരണങ്ങളില്‍ ഹാള്‍മാര്‍ക്കിംഗ് എച്ച്യുഐഡി നിര്‍ബന്ധമാക്കിയത് 2021 ജൂലൈ മുതലാണ്.
2024 മേയ് 31 അവസാനിക്കുമ്പോള്‍ ഇന്ത്യയിലൊട്ടാകെ 36 കോടി 79 ലക്ഷം ആഭരണങ്ങളില്‍ ഹാള്‍ മാര്‍ക്കിംഗ് എച്ച്യുഐഡി മുദ്ര പതിച്ചിട്ടുണ്ട്. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സിന്റെ നിയമമനുസരിച്ച് 14 മുതല്‍ 24 കാരറ്റ് വരെയുള്ള ആഭരണങ്ങള്‍ വില്‍ക്കുന്നതിനാണ് അനുമതിയുള്ളത്.
ഒമ്പത് കാരറ്റ് ആഭരണങ്ങള്‍ കൂടി എച്ച്യുഐഡി നിര്‍ബന്ധമാക്കുന്നതിനുള്ള നിര്‍ദേശം വന്നിട്ടുണ്ട്. വെള്ളി ആഭരണങ്ങളിലും മറ്റും ഹാള്‍ മാര്‍ക്കിംഗ് എച്ച്യുഐഡി മുദ്ര പതിക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.