വിദ്യാർഥി സ്റ്റാർട്ടപ്പുകൾക്ക് ധനസഹായം നൽകും: പി. രാജീവ്
Saturday, July 20, 2024 11:48 PM IST
കൊച്ചി: എൻജിനിയറിംഗ് കോളജുകളിൽ ആരംഭിക്കുന്ന വിദ്യാർഥി സ്റ്റാർട്ടപ്പുകൾക്ക് സർക്കാർ ധനസഹായം നൽകുമെന്ന് മന്ത്രി പി. രാജീവ്. എപിജെ അബ്ദുൾ കലാം സാങ്കേതികശാസ്ത്ര സർവകലാശാല കൊച്ചി മേക്കർ വില്ലേജിൽ സംഘടിപ്പിച്ച ത്രിദിന സ്റ്റാർട്ടപ്പ് ബൂട്ട് ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്റേൺഷിപ്പിനൊപ്പം പഠനകാലത്ത് ജോലിയിലേർപ്പെടുന്ന വിദ്യാർഥികൾക്ക് അതു ക്രെഡിറ്റ് ആക്കാനുള്ള സംവിധാനമൊരുക്കാൻ സർവകലാശാലകൾ തയാറാകണമെന്നും മന്ത്രി പറഞ്ഞു.
നൂതനാശയങ്ങൾ സംരംഭമാക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് സർവകലാശാലയുടെ സ്റ്റാർട്ടപ്പ് സെല്ലിൽ ഇൻക്യൂബേറ്റ് ചെയ്യാൻ അവസരമൊരുക്കുമെന്ന് സർവകലാശാലാ സ്റ്റാർട്ടപ്പ് സെൽ വൈസ് ചെയർമാനും ബിഒജി അംഗവുമായ ഡോ. ജി. വേണുഗോപാൽ പറഞ്ഞു. സർവകലാശാല നടത്തിയ ഐഡിയ പിച്ചിംഗ് മത്സരത്തിൽനിന്നു തെരഞ്ഞെടുത്ത 65 വിദ്യാർഥികളാണ് സ്റ്റാർട്ടപ്പ് ബൂട്ട് ക്യാമ്പിൽ പങ്കെടുത്തത്.
കേരള സ്റ്റാർട്ടപ്പ് മിഷൻ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അനൂപ് അംബിക, സിൻഡിക്കറ്റ് അംഗങ്ങളായ ഡോ. വിനോദ് കുമാർ ജേക്കബ്, പ്രഫ. ജി. സഞ്ജീവ്, ആഷിക് ഇബ്രാഹിംകുട്ടി എന്നിവർ പ്രസംഗിച്ചു.