ഏലക്ക കോടതി കയറുന്നു; വ്യവസായം തകരും
കെ.എസ്. ഫ്രാൻസിസ്
Monday, July 15, 2024 1:03 AM IST
ഒട്ടും ആശാസ്യമല്ലാത്ത കോടതി വ്യവഹാരങ്ങളിൽ പെടുത്തി ഏലം വ്യവസായത്തെയും പ്രതിസന്ധിയിലാക്കുന്നു. വിവിധ കാരണങ്ങളാൽ പൊന്നുംവില ലഭിക്കുന്ന പച്ചപ്പൊന്നിന്റെ ഇന്നത്തെ നിയമയുദ്ധം തുടർന്നാൽ വ്യവസായം തകരുന്ന അവസ്ഥയുണ്ടാകും.
റബർ പോലെതന്നെ ഏലവും വ്യവസായങ്ങളുടെ പട്ടികയിലാണ്. കേന്ദ്ര വാണിജ്യ മന്ത്രാലയമാണ് ഏലത്തിന്റെ ഉത്പാദനവും വിപണനവും നിയന്ത്രിക്കുന്നത്. നിലവിൽ സംസ്ഥാന കൃഷിവകുപ്പിന് ഈ വ്യവസായത്തിൽ സാങ്കേതികമായി ഇടപെടലുകളില്ല. അതിനാൽ ഉത്പാദകരായ കർഷകരും വിപണനക്കാരായ വ്യാപാരികളും തമ്മിൽ ഇപ്പോൾ നിലനിൽക്കുന്ന നിയമയുദ്ധം വ്യവസായത്തിന്റെ അടിവേരു തോണ്ടും എന്നതാണു സ്ഥിതി.
തര്‍ക്കം പൂളിംഗില്
ഏലക്ക പൂളിംഗ് (പതിവ്) സംബന്ധിച്ച തർക്കമാണ് ഇപ്പോൾ കോടതിയിൽ നടക്കുന്നത്. നിലവിൽ കോടതിയിൽ നിലനിൽക്കുന്ന പരാതികൾ നിയമത്തിന്റെ വ്യാഖ്യാനത്തിനപ്പുറമാണ്. ഇത് സമവായത്തിലൂടെ പരിഹരിക്കപ്പെടേണ്ടതാണ്. ഇതിനെ കോടതി കയറ്റി കോടതി വിധികളുടെ അടിസ്ഥാനത്തിൽ പരിഹരിക്കപ്പെടാമെന്നത് ഗുണകരമാകില്ല. കാരണം കർഷകരും വ്യാപാരികളും ലേല ഏജൻസികളും ചേർന്നാലേ വ്യവസായം നടക്കൂ. ഉത്പന്നം വിറ്റഴിക്കാൻ കഴിയാതെ വന്നാൽ കൃഷിയെ ദോഷമായി ബാധിക്കും എന്നതുപോലെ ഇത് വിപണനം നടത്തി ഉപജീവനം നടത്തുന്ന ആയിരക്കണക്കിനു വ്യാപാരികളെയും ഹൈറേഞ്ചിന്റെ സമ്പദ്വ്യവസ്ഥയെയും ദോഷകരമായി ബാധിക്കും. ഏലക്ക വിപണനത്തിനായി ഡസൻകണക്കിനു ലേലകേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്.
ഏലക്കായുടേതു ദിവസവും വ്യത്യാസപ്പെടുന്ന വിലയാണ്. ലേലത്തിലെ ശരാശരി വിലയാണ് അടിസ്ഥാന വില. ഏലക്കായ്ക്ക് മറ്റു നാണ്യവിളകൾ പോലെതന്നെ പല തരം ഇനങ്ങളുണ്ട്. വലിപ്പം, നിറം, കായയുടെ തൂക്കം എന്നിവയൊക്കെയാണു വില നിശ്ചയിക്കുന്നതിൽ പരിഗണിക്കുന്നത്. ആവശ്യക്കാരുടെ എണ്ണവും സാധനത്തിന്റെ ലഭ്യതയും വിലയിൽ ഘടകമാണ്. അതുപോലെ തന്നെ വിലയും ഡിമാൻഡും ലഭ്യതയും തമ്മിലും ബന്ധമുണ്ട്.
റീപൂളിംഗ് വില കുറയ്ക്കുന്നെന്ന് കർഷകർ
ലേല കേന്ദ്രങ്ങളിൽനിന്ന് ഏലക്ക വാങ്ങുന്ന വ്യാപാരികളും ചെറുകിട കർഷകരിൽനിന്നു കായ വാങ്ങുന്ന (കൈവിലയ്ക്ക്) വ്യാപാരികളും ലേല കേന്ദ്രങ്ങളിലൂടെ വിൽപന നടത്തുന്നുണ്ട്. ഇങ്ങനെ വാങ്ങുന്ന ഏലക്ക വീണ്ടും ലേലത്തിൽ വയ്ക്കുന്നതാണ് കർഷകരെ പ്രകോപിപ്പിക്കുന്നത്. കൂടാതെ ഒരിക്കൽ വാങ്ങുന്ന കായയിൽനിന്നു തരംതിരിവ് നടത്തി (സോർട്ടിംഗ്) മെച്ചപ്പെട്ട ഇനം വേർതിരിച്ച് വേറേ വിൽപന നടത്തുന്നു, റിജക്ടട് ക്വാളിറ്റി (വലിപ്പവും നിറവും കുറഞ്ഞവ) വീണ്ടും ലേലത്തിൽവച്ച് ശരാശരി വില കുറയ്ക്കുന്നു, ചരക്കുവരവ് വർധിപ്പിച്ചുകാട്ടി വിലയിടിക്കുന്നു തുടങ്ങിയ ആക്ഷേപങ്ങളും കർഷകർ ഉന്നയിക്കുന്നു.
ലേലത്തിലൂടെയേ ഏലം വിൽക്കാനാകൂ എന്നാണ് വ്യാപാരികളുടെ പക്ഷം. റിജക്ടട് ക്വാളിറ്റി ലേലത്തിനെത്തുന്പോൾ ശരാശരി വില കുറയുന്നെന്നും ബൾക്ക് (എല്ലാത്തരവും ചേർന്നത്), ലോട്ട് എന്നിവയ്ക്ക് ന്യായവില ലഭിക്കുന്നില്ലെന്നുമാണ് കർഷകരുടെ ആക്ഷേപം. വ്യാപാരികളുടെ ഏലക്ക ലേലത്തിൽ എത്തുന്നതിനാൽ ഉത്പാദനത്തിന്റെ യഥാർഥ ചിത്രം മറയ്ക്കപ്പെടുന്നെന്നും കർഷകരുടെ ഏലക്ക ലേലത്തിൽ പൂൾ ചെയ്യാൻ സാധിക്കാതെ വരുന്നെന്നുമാണു കർഷകർ പറയുന്നത്.
പെരുകി ഏജന്‍സികള്‍
ഒരോ ലേലത്തിനും പൂൾ ചെയ്യുന്നതിന് സ്പൈസസ് ബോർഡ് അളവു നിശ്ചയിച്ചിട്ടുണ്ട്. ലേലകേന്ദ്രങ്ങൾ ബാങ്ക് ഗാരന്റി നൽകിയാണ് ലേലത്തിനുള്ള ലൈലസൻസ് എടുക്കുന്നത്. നിലവിൽ മൂന്നരക്കോടി രൂപയാണ് ബാങ്ക് ഗാരന്റി. ഇപ്പോഴത്തെ വിലയനുസരിച്ച് 20,000 കിലോയേ ഒരു ലേലത്തിൽ വിൽക്കാൻ കഴിയൂ. മുന്‍പ് ബാങ്ക് ഗാരന്റി ഏഴു കോടിയും 10 കോടിയുമായിരുന്നു. സമ്മർദത്തെ തുടർന്ന് 3.5 കോടിയാക്കുകയായിരുന്നു. ലേലത്തിൽ വിൽക്കുന്ന സാധനത്തിന്റെ വില ലേല ഏജൻസിയുടെ ഉത്തരവാദിത്വമാണ്.
ലേലത്തിൽ സാധനം വാങ്ങുന്ന വ്യാപാരി 12 ദിവസത്തിനുള്ളിൽ പണം നൽകണമെന്നാണ് വ്യവസ്ഥ. ഇതിനാണു ലേല ഏജൻസികൾ ബാങ്ക് ഗാരന്റി വയ്ക്കുന്നത്. ലേലത്തിൽ വിൽക്കുന്ന സാധനത്തിന്റെ പണത്തിന് ഇങ്ങനെ ഒരു ഉറപ്പുള്ളതാണ് ലേലത്തിന്റെ ആകർഷണം. ഇതിന് ലേല ഏജൻസിക്ക് ഒരു ശതമാനമാണ് കമ്മീഷൻ, അതാണ് ലേല ഏജൻസികൾ തുടങ്ങാനുള്ള ആകർഷണം.
സ്പൈസസ് ബോർഡിന്റെ നിയമമനുസരിച്ച് ലേലത്തിൽ ഏലക്ക പൂൾ ചെയ്യാൻ കർഷകർക്കുമാത്രമേ അവകാശമുള്ളു എന്ന് കോടതി ഉത്തരവുണ്ടായാൽ അത് അപ്പീലിലേക്കും സംഘർത്തിലേക്കും നീളും. മറിച്ച് വ്യാപാരികൾക്ക് ഇഷ്ടാനുസരണം ഏലക്ക പൂൾ ചെയ്യാം എന്ന് കോടതി വിധിച്ചാൽ അതും വിദ്വേഷത്തിലേക്കു നീങ്ങും.
റീ പൂളിംഗ് തടയണമെന്നുള്ളത് കർഷകരുടെ വർഷങ്ങളായുള്ള ആവശ്യമാണ്. റീപൂളിംഗാണ് വിലയിടിവിനു കാരണമെന്നാണ് ഇവരുടെ ആക്ഷേപം. പരാതിയിന്മേൽ 2022ൽ ഒരു ലേലത്തിൽ 65 ടണ്‍ മാത്രമേ പതിയാവൂ എന്നും ഇതിൽ 25 ടണ്‍ വ്യാപാരികൾക്കു പതിയാമെന്നും സ്പൈസസ് ബോർഡ് ഉത്തരവിറക്കി.
ഈ ഉത്തരവിനെതിരേ വ്യാപാരികളായ ഷിഹാബുദീൻ നാസർ, നിബിൻ മോബിൻ, സന്തോഷ് എന്നിവർ ഹൈക്കോടതിയെ സമീപിച്ചു. കർഷകരും വ്യാപാരികളുമായി ചർച്ചചെയ്തു പരിഹാരം നിശ്ചയിക്കാൻ കോടതി സ്പൈസസ് ബോർഡിന് ഉത്തരവ് നൽകി. ഇതനുസരിച്ച് 65 ടണ്‍ എന്ന സീലിംഗ് എടുത്തുകളഞ്ഞു. വ്യാപാരികൾക്ക് 25 ടണ്‍വരെ പതിയാമെന്ന നില നിലനിർത്തി. അപ്പോൾ ബാങ്ക് ഗാരന്റി പ്രശ്നം മൂലം പല ലേല ഏജൻസികൾക്കും 35 ടണ്ണിൽ കൂടുതൽ പൂൾ ചെയ്യാനാകുന്നില്ലെന്ന സ്ഥിതി പ്രശ്നമായി.
വ്യാപാരികളുടെ 25 ടണ്ണും കർഷകരുടെ 10 ടണ്ണും പതിയുന്ന സ്ഥിതി ഉണ്ടായെന്നു കർഷകർ പരാതിയുമായി എത്തി. മേയ് 31ന് റീപൂളിംഗ് 25 ശതമാനം എന്നാക്കി. ഇതിനെതിരേയാണ് ഇപ്പോൾ വ്യാപാരികൾ കോടതിയിലെത്തിയിരിക്കുന്നത്. കർഷക സംഘടനകളും കേസിൽ കക്ഷി ചേർന്നു.
അളവിനെച്ചൊല്ലി മൂപ്പിളമതർക്കം
ലേലകേന്ദ്രങ്ങളിൽ പൂൾ ചെയ്യുന്ന ഏലക്കായുടെ അളവിനെ സംബന്ധിച്ചാണ് ഇപ്പോൾ മൂപ്പിളമ ത്തർക്കം നടക്കുന്നത്. ചെറുകിട നാമമാത്ര കർഷകരും വ്യാപാരികളും ഇതിൽ നിസഹായരാണ്. നഷ്ടം ഉണ്ടാകാൻപോകുന്നതും ഇവർക്കാണ്. കേരളത്തിലും തമിഴിനാട്ടിലുമായി ദിവസവും രണ്ടുവീതം ഫിസിക്കൽ ലേലങ്ങളാണ് പ്രധാനമായും നടക്കുന്നത്. ഒണ്‍ ലൈൻ ലേലങ്ങൾ വേറെയുമുണ്ട്. ഫിസിക്കൽ ലേലകേന്ദ്രങ്ങളിൽ കൂടുതൽ അളവിൽ ഏലക്ക പൂൾ ചെയ്യാൻ (പതിയാൻ) അനുവദിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
ലേല കേന്ദ്രങ്ങൾ കർഷകർക്കു ഏലക്ക വില്പന നടത്തുന്നതിനായി ആരംഭിച്ചിട്ടുള്ളതാണെന്നും അവിടെ വ്യാപാരികൾ വില്പനയ്ക്കായി കായ പൂൾ ചെയ്യുന്നതു നിയമ വിരുദ്ധമാണെന്നുമാണ് കർഷകരുടെ വാദം.
ഒരേ സമയം കർഷകരും വ്യാപാരികളുമായവർ ഇതിനിടയിലുണ്ടെന്നതും ഈ വ്യവസായത്തിന്റെ പ്രത്യേകതയാണ്. വ്യാപാരികൾ ലേല കേന്ദ്രങ്ങളിൽനിന്നു വാങ്ങുന്ന ഏലക്കായ് അവർതന്നെ അടുത്ത ലേലത്തിൽ പൂൾ ചെയ്യുകയും വില്പന നടത്തുകയും ചെയ്യുന്നുണ്ട്.
(തുടരും)