ജെൻ എഐ കോൺക്ലേവ് : ഹാക്കത്തോണിൽ ഒന്നാം സ്ഥാനം അമൽജ്യോതിക്ക്
Sunday, July 14, 2024 12:51 AM IST
കാഞ്ഞിരപ്പള്ളി: സംസ്ഥാന സർക്കാരും കെഎസ്ഐഡിസിയും ഐബിഎമ്മും ചേർന്നു കൊച്ചിയിൽ സംഘടിപ്പിച്ച രാജ്യാന്തര ജനറേറ്റീവ് ആർട്ടിഫിഷൽ ഇന്റലിജൻസ് കോൺക്ലേവിൽ നടന്ന ഐബിഎം വാട്സൺ എക്സ് ചലഞ്ച് ഹാക്കത്തോണിൽ അമൽജ്യോതി എൻജിനിയറിംഗ് കോളജ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
കംപ്യൂട്ടർ സയൻസ് വിഭാഗം വിദ്യാർഥികളായ ആദിൽ സലിം, ജോയൽ ജോൺ, ആരോൺ സാമുവൽ മാത്യു, റെയിനൽ രാജീവ് എന്നിവർ ചേർന്ന് വികസിപ്പിച്ച മായ എന്ന ഡയറ്റീഷൻ അസിസ്റ്റന്റിനാണ് സമ്മാനം ലഭിച്ചത്. വിജയികൾക്ക് വ്യവസ്ഥകൾക്ക് അനുസൃതമായി കെഎസ്ഐഡിസി ഒരു കോടി രൂപവരെ സ്കെയിൽ അപ്പ് ഫണ്ട് ലഭ്യമാക്കും.
ഓരോരുത്തർക്കും ചേരുന്ന ഭക്ഷണക്രമം കൃത്യമായി പറഞ്ഞു തരുന്ന എഐ ടൂളാണ് മായ. ആരോഗ്യവിവരങ്ങൾ ഫീഡ് ചെയ്താൽ പ്രമേഹമുള്പ്പെടെയുള്ള രോഗങ്ങളുമുള്ളവർക്ക് അതനുസരിച്ച് ഭക്ഷണം നിർദേശിക്കും. പുറത്തു പോകുമ്പോൾ അനുയോജ്യമായ ഹോട്ടലുകളും പറഞ്ഞുതരും. കൂടാതെ അസിസ്റ്റന്റ് ഭക്ഷണ പദ്ധതികളും കൺസൾട്ടൻസി സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു.
ജീവിത ശൈലീ രോഗമുള്ളവർക്കു പ്രയോജനപ്രദമായ ആപ്ലിക്കേഷനാണിത്. ആരോഗ്യപരിരക്ഷാ വിഷയങ്ങളിൽ നിരവധി ആർട്ടിഫിഷൽ ഇന്റലിജൻസ് ടൂളുകൾ കംപ്യൂട്ടർ സയൻസ് വിഭാഗം വിദ്യാർഥികൾ വികസിപ്പിക്കുന്നുണ്ട്.
ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ടീം അംഗങ്ങളെ കോളജ് ഡയറക്ടർ (അഡ്മിനിസ്ട്രേഷൻ) റവ.ഡോ. റോയി പി. ഏബ്രഹാം, പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബ്, കംപ്യൂട്ടർ എൻജിനിയറിംഗ് മേധാവി ഡോ. ജൂബി മാത്യു എന്നിവർ അഭിനന്ദിച്ചു.