റിവേഴ്സ് ബ്രെയിന്‍ ഡ്രെയിന്‍ അകലെയല്ല
Friday, July 12, 2024 12:00 AM IST
സിജോ പൈനാടത്ത്
‘‘നിര്‍മിതബുദ്ധി (എഐ) സാങ്കേതികവിദ്യയില്‍ രാജ്യത്ത് ഒരുപടി മുമ്പേ സഞ്ചരിക്കുന്ന കേരളത്തിന്, ആഗോള ഐടി രംഗം അനന്തമായ സാധ്യതകളാണു തുറന്നുവയ്ക്കുന്നത്. ലോകത്തിലെ എഐ ഉത്പന്നങ്ങളുടെ നിരയില്‍ മേഡ് ഇന്‍ കൊച്ചി, മേഡ് ഇന്‍ കേരള എന്നു രേഖപ്പെടുത്താനുള്ള സാങ്കേതികവൈഭവം കേരളത്തിനു കൈവരിക്കാനാകുമെന്നതില് സംശയം വേണ്ട. അതിനാവുന്ന സാഹചര്യം ഇവിടെയുണ്ട്.
ബ്രെയിന്‍ ഡ്രെയിനിനെക്കുറിച്ച് ആകുലപ്പെട്ടിരുന്ന കേരളത്തിനും ഇന്ത്യക്കാകെയും ഇനി ഒരു ‘റിവേഴ്സ് ബ്രെയിന്‍ ഡ്രെയിന്‍’ ഏറെ അകലെയൊന്നുമല്ല...’’ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ ലോകത്തിലെതന്നെ വമ്പന്‍ കമ്പനിയെന്നു വിശേഷിപ്പിക്കപ്പെടുന്ന ഐബിഎമ്മിന്റെ സീനിയർ വൈസ് പ്രസിഡന്റ് (ഗ്ലോബല്‍) ദിനേശ് നിര്മലിന്റേതാണ്, മലയാളികള്‍ക്കാകെയും ആത്മവിശ്വാസം പകരുന്ന വാക്കുകള്‍.
ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ ഐടി കമ്പനിയായ ഐബിഎമ്മിന്റെ തലപ്പത്തെ തലച്ചോറുകളിലെ മലയാളിപ്പെരുമ കൂടിയാണ് ദിനേശ് നിര്‍മല്‍.
യുഎസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇദ്ദേഹം, ഇന്ത്യയിലെ ആദ്യത്തെ ജെൻ എഐ കോൺക്ലേവിനു കൊച്ചി വേദിയാകുന്പോൾ അതിന്റെ സംഘാടകനിരയില് മുന്നിലുണ്ട്. ഐടി, എഐ മേഖലകളിലെ മാറ്റങ്ങളും പ്രതീക്ഷകളും കേരളത്തിന്റെ സാധ്യതകളും ദിനേശ് നിർമൽ പങ്കുവയ്ക്കുന്നു.
കൊച്ചി @ എഐ
ഐബിഎം കൊച്ചിയില്‍ ആരംഭിച്ച ഐടി ലാബ് (സോഫ്റ്റ്വേര്‍ ഡെവലപ്മെന്റ് സെന്റര്‍) രണ്ടു വർഷത്തോടടുക്കുന്പോൾ, വലിയ മുന്നേറ്റമാണു സാധ്യമായത്. ഇവിടെ രൂപം നൽകിയ എഐ സോഫ്റ്റ്വേറായ ‘വാട്സൺ ഓർക്കസ്ട്രേറ്റ്’ ഇതിനകം വിവിധ രാജ്യങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. കൊച്ചി ഐബിഎമ്മിന്റെ മാത്രം സൃഷ്ടിയാണിതെന്നു പറയാം.
ഓട്ടോമേഷൻ രംഗത്ത് ഉപയോഗിക്കുന്ന ‘വാട്സൺ ഓർക്കസ്ട്രേറ്റ്’ ഇന്ന് ബഹുരാഷ്ട്ര ഐടി കന്പനികൾ പ്രയോജനപ്പെടുത്തുന്നുണ്ട്. കൂടുതൽ എഐ മോഡലുകൾ രൂപപ്പെടുത്താനുള്ള ശ്രമങ്ങൾ കൊച്ചി ലാബിൽ പുരോഗമിക്കുന്നു.
മിടുക്കർ മടങ്ങിയെത്തും
എഐ വരുന്പോൾ നിരവധി തൊഴിലവസരങ്ങൾ ഇല്ലാതായേക്കുമെന്ന ആശങ്ക നിലനിൽക്കുന്പോൾതന്നെ, മാറിയ കാലത്ത് അതിന്റെ സാധ്യതകളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താൻ സാധിക്കേണ്ടതുണ്ട്. കാത്തുനിൽക്കുകയല്ല വേണ്ടത്; ഇപ്പോഴാണ് അതിനുള്ള സമയം. എഐ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിലൂടെ കൂടുതൽ പുതിയ അവസരങ്ങൾ ഉണ്ടാകും.
വിദേശരാജ്യങ്ങളിലെ ഐടി കന്പനികളിൽ ജോലി ചെയ്യുന്ന മിടുക്കരായ എത്രയോ ഇന്ത്യക്കാരുണ്ട്. അതിൽ വലിയൊരു ശതമാനം മലയാളികളുണ്ട്. അവിടെയുള്ളതുപോലുള്ള ജോലി അവസരങ്ങൾ ഇവിടെ ഒരുങ്ങിയാൽ അവർ ജന്മനാട്ടിലേക്കു മടങ്ങിയെത്തുകതന്നെ ചെയ്യും. കൊച്ചിയിൽ അത്തരമൊരു മുന്നേറ്റത്തിനാണ് കളമൊരുങ്ങുന്നത്.
വിദ്യാർഥികളേ ഇതിലേ...
എഐ രംഗത്ത് ഇന്നത്തെ വിദ്യാർഥികൾക്ക് ഏറെ കാര്യങ്ങൾ ചെയ്യാനാകും. അവരിലാണ് എഐ മേഖലയുടെ ശോഭനമായ ഭാവിയുള്ളത്. പഠനത്തിലും സോഫ്റ്റ്വേര്‍ രംഗങ്ങളിലും എഐ ടൂളുകൾ പ്രയോജനപ്പെടുത്താനും പുതിയ ടെക്നോളജിയുടെ സൃഷ്ടാക്കളാകാനും അവർക്കു സാധിക്കും.
കേരളത്തില്‍ നിന്നു പ്രതിവർഷം മുന്നൂറോളം പേരെ ഐബിഎം റിക്രൂട്ട് ചെയ്യുന്നുണ്ട്. കൂടാതെ അത്രയും പേർക്ക് ഇന്റേൺഷിപ്പിനുള്ള സൗകര്യങ്ങളുമുണ്ട്.
177 രാജ്യങ്ങളിലായി 300 സെന്ററുകളും രണ്ടു ലക്ഷത്തിലേറെ പ്രഫഷനലുകളുമുള്ള ഐബിഎമ്മിന്റെ ഇന്ത്യയിലെ ആസ്ഥാനം ബംഗളൂരുവിലാണ്.
കേരളത്തിൽ നിക്ഷേപം നടത്താൻ മുന്നോട്ടുവന്ന ആദ്യത്തെ ബഹുരാഷ്ട്ര വൻകിട ഐടി കന്പനികൂടിയാണ് ഐബിഎം. കൊച്ചി ഇൻഫോപാർക്കിലാണ് കേരളത്തിലെ ആദ്യത്തെ ഐബിഎം സെന്റർ. ഐബിഎമ്മിന്റെ രാജ്യത്തെ അഞ്ചാമത്തെ സോഫ്റ്റ്വേര്‍ ഡെവലപ്മെന്റ് ലാബാണു കൊച്ചിയിലേത്.
കോട്ടയത്തു ജനിച്ചുവളർന്ന ദിനേശ് നിർമൽ, എഐ രംഗത്തെ ഐബിഎമ്മിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിൽ സവിശേഷ ശ്രദ്ധ പതിപ്പിക്കുന്നു.