കെൽട്രോണിന് നേവിയിൽനിന്ന് 97 കോടിയുടെ ഓർഡർ
Wednesday, June 19, 2024 11:55 PM IST
തിരുവനന്തപുരം: സമുദ്രാന്തർ മേഖലയ്ക്ക് ആവശ്യമായ വിവിധ പ്രതിരോധ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ നിർമിച്ചുനൽകുന്നതിനായി കെൽട്രോണിന് ഇന്ത്യൻ നാവികസേനയിൽനിന്നും 97 കോടി രൂപയുടെ പുതിയ ഓർഡർ ലഭിച്ചു.
കെൽട്രോണിന്റെ തിരുവനന്തപുരം കരകുളത്തുള്ള കെൽട്രോണ്‍ എക്യുപ്മെന്റ് കോംപ്ലക്സ്, അരൂരിലുള്ള കെൽട്രോണ്‍ കണ്ട്രോൾസ്, സബ്സിഡിയറി കന്പനിയായ കെൽട്രോണ്‍ ഇലക്ട്രോ സെറാമിക്സ് ലിമിറ്റഡ് എന്നീ യൂണിറ്റുകളാണ് ഓർഡർ അനുസരിച്ചുള്ള ഉത്പന്നങ്ങൾ നാവികസേനയ്ക്ക് നിർമിച്ചുനൽകുന്നത്.
നാവികസേനയിൽ നിന്ന് തന്ത്രപ്രധാന ഉപകരണങ്ങൾക്കുള്ള ഓർഡറുകൾ തുടർച്ചയായി ലഭിക്കുന്നത് കെൽട്രോണ്‍ കൈവരിച്ച പ്രവർത്തനമികവിന്റെ ഫലമായാണെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു.
സോണർ അറെകൾക്കുവേണ്ടി കെൽട്രോണ്‍ സ്വന്തമായി രൂപകൽപന ചെയ്ത ലോ ഫ്രീക്വൻസി പ്രോസസിംഗ് മോഡ്യൂളുകളാണ് ഈ ഓർഡറിൽ പ്രധാനപ്പെട്ടവ. അന്തർവാഹിനികളെയും കപ്പലുകളെയും കണ്ടെത്തുന്നതിനും തിരിച്ചറിയുന്നതിനും വേണ്ടിയുള്ള സംവിധാനമാണ് സോണാറുകൾ. കെൽട്രോണ്‍ നിർമിച്ചുനൽകിയ പ്രോട്ടോടൈപ്പുകൾ പരിശോധിച്ചു ഗുണനിലവാരം ഉറപ്പാക്കിയ ശേഷം നിലവിൽ രണ്ട് പ്രോസസിംഗ് മോഡ്യൂളുകൾക്കാണ് ഓർഡർ നൽകിയിട്ടുള്ളത്.
കൂടുതൽ ദൂരത്തിലുള്ള ടാർഗറ്റുകളെ കണ്ടെത്തുന്നതിന് കെൽട്രോണിന്റെ ലോ ഫ്രീക്വൻസി പ്രോസസിംഗ് മോഡ്യൂളുകൾ സഹായകമാകും. ഉപയോഗിച്ച് മികവ് തെളിയിക്കുന്നതോടെ സമുദ്രാന്തർ സാങ്കേതികസംവിധാനങ്ങളിൽ ഈ മോഡ്യൂളുകൾക്ക് അനവധി സാധ്യതകൾ ഭാവിയിൽ ഉണ്ടാവുകയും ചെയ്യും.
ഇതോടൊപ്പം നാവികസേനയുടെ വിവിധതരം കപ്പലുകളിൽ സ്ഥാപിക്കുന്നതിനു സമുദ്രജലത്തിന്റെ ആഴം അളക്കുന്നതിനുള്ള എക്കോ സൗണ്ടർ, കപ്പലുകളുടെയും മറ്റും വേഗം കണക്കാക്കുന്നതിനുള്ള ഇലക്ട്രോ മാഗ്നെറ്റിക് ലോഗ്, ഡാറ്റാ ഡിസ്ട്രിബ്യൂഷൻ യൂണിറ്റുകൾ, ആന്റി സബ്മറൈൻ ഷാലോ വാട്ടർ ക്രാഫ്റ്റുകൾക്കുള്ള സോണാറിന് ആവശ്യമായ പവർ ആംപ്ലിഫയറുകൾ തുടങ്ങിയ ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഈ ഓർഡറിന്റെ അടിസ്ഥാനത്തിൽ കെൽട്രോണ്‍ നിർമിച്ചുനൽകും.