റബർ കൃഷി വ്യാപകമാക്കാൻ ടയർ നിർമാതാക്കൾ
Wednesday, June 12, 2024 12:19 AM IST
കൊച്ചി: ടയർ നിർമാണത്തിനാവശ്യമായ സ്വാഭാവിക റബർ ക്ഷാമം പരിഹരിക്കാൻ ടയർ നിർമാതാക്കളുടെ സംഘടനയുടെ നേതൃത്വത്തിൽ റബർ കൃഷി വ്യാപകമാക്കുന്നു. നിലവിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ബംഗാളിലും അസോസിയേഷന്റെ മേൽനോട്ടത്തിൽ കൃഷി ചെയ്യുന്നുണ്ട്.
റബറിന്റെ വർധിച്ച ആവശ്യകത കണക്കിലെടുത്താണു കൂടുതൽ സംസ്ഥാനങ്ങളിലേക്കു കൃഷി വ്യാപിപ്പിക്കാൻ പദ്ധതിയിടുന്നതെന്ന് ഓട്ടോമോട്ടീവ് ടയർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ (ആത്മ) ഭാരവാഹികൾ പറയുന്നു.
കൃഷി വ്യാപിപ്പിക്കാൻ 1100 കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. രാജ്യത്തെ അഞ്ചു മുൻനിര ടയർ നിർമാതാക്കളുടെയും സർക്കാരിന്റെയും സഹകരണത്തോടെയാണു പദ്ധതി നടപ്പാക്കുകയെന്ന് ആത്മ ചെയർമാൻ അർണബ് ബാനർജി പറഞ്ഞു.
ടയർ കയറ്റുമതിയിൽ 12 ശതമാനം വർധന
കൊച്ചി: 2023-24 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ ഇന്ത്യയിൽ നിന്നുള്ള ടയർ കയറ്റുമതി വർധിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് 12 ശതമാനം വർധനയാണ് രേഖപ്പെടുത്തിയതെന്ന് ആത്മ ഭാരവാഹികൾ പറഞ്ഞു.
നിലവിൽ ലോകത്തെ 170 രാജ്യങ്ങളിലേക്ക് ഇന്ത്യൻ ടയറുകൾ കയറ്റുമതി ചെയ്യുന്നുണ്ട്. പരിസ്ഥിതി സൗഹൃദവും ഇന്ധനക്ഷമതയുള്ളതുമായ ടയറുകൾ എന്നത് ആഗോള ഉപയോക്താക്കളിൽ ഇന്ത്യൻ ടയറുകൾക്കു സ്വീകാര്യതയുണ്ടാക്കിയെന്നാണ് വിലയിരുത്തൽ.
2023-24 സാമ്പത്തിക വർഷം ഇന്ത്യയിൽ നിന്നുള്ള മൊത്തം ടയർ കയറ്റുമതി 23,073 കോടി രൂപയുടേതായിരുന്നെന്ന് ആത്മ ഡയറക്ടർ ജനറൽ രാജീവ് ബുധരാജ പറഞ്ഞു.
രാജ്യത്തിന്റെ മൊത്തം ടയർ കയറ്റുമതിയുടെ 18 ശതമാനവും യുഎസിലേക്കാണ്. ജർമനി, ബ്രസീൽ, ഫ്രാൻസ്, നെതർലാൻഡ്സ്, ഇറ്റലി, യുഎഇ എന്നിവയാണ് ഇന്ത്യൻ നിർമിത ടയറുകളുടെ മറ്റു പ്രധാന വിപണികൾ.
രാജ്യത്തെ സ്വാഭാവിക റബർ ഉപഭോഗത്തിന്റെ 70 ശതമാനം ടയർ വ്യവസായത്തിലാണെന്നാണു കണക്ക്. കയറ്റുമതിയിലെ വളർച്ച കർഷകർക്കും റബർ മേഖലയ്ക്കും ഗുണകരമാകുമെന്ന് നിർമാതാക്കൾ അവകാശപ്പെട്ടു.