കെ.ജി. അനില്‍കുമാര്‍ ലാറ്റിന്‍ അമേരിക്കന്‍ ഗുഡ്വില് അംബാസഡര്‍
Sunday, May 26, 2024 12:50 AM IST
കൊച്ചി: പ്രമുഖ ധനകാര്യ സ്ഥാപനമായ ഐസിഎല്‍ ഫിന്‍കോര്‍പ് ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ. കെ.ജി. അനില്‍കുമാര്‍ ലാറ്റിന്‍ അമേരിക്കന്‍ കരീബിയന്‍ (എല്‍എസി) മേഖലയുടെ ഗുഡ്വില് അംബാസഡറായി.
ലാറ്റിന്‍ അമേരിക്കന്‍ കരീബിയന്‍ ട്രേഡ് കൗണ്‍സിലിന്റേതാണു (എല്‍എസിടിസി) തീരുമാനം. ഇന്ത്യ, മിഡില്‍ ഈസ്റ്റ്, 33 എല്‍എസി മേഖലകള്‍ തമ്മിലുള്ള വ്യാപാര, ടൂറിസം ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുകയാണു ലക്ഷ്യം.
ഇന്ത്യയും ലാറ്റിനമേരിക്കന്‍ കരീബിയന്‍ മേഖലയും തമ്മില്‍ ചരിത്രപരമായും സാംസ്കാരികമായും ബന്ധമുണ്ട്. ഭാഷാപരമായ തടസങ്ങളും ദൂരക്കൂടുതലും നേരിട്ടുള്ള വിമാനസര്‍വീസുകള്‍ ഇല്ലാത്തതും ടൂറിസം, വ്യാപാര മേഖലകളിലെ വിപണന സാധ്യതകള്‍ കാര്യക്ഷമമായി പ്രയോജനപ്പെടുത്തുന്നതിനു തടസമായി. ഇതു പരിഹരിക്കുക എന്നതാണ് ഗുഡ്വില് അംബാസഡറായുള്ള അഡ്വ. കെ.ജി. അനില്‍കുമാറിന്റെ ആദ്യത്തെ ചുവടുവയ്പ്.
അഡ്വ. കെ.ജി. അനില്‍കുമാറിന്റെ സ്ഥാനാരോഹണത്തെ വളരെ പ്രതീക്ഷയോടെയാണു നോക്കിക്കാണുന്നതെന്ന് ലാറ്റിനമേരിക്കന്‍ കരീബിയന്‍ ട്രേഡ് കൗണ്‍സില്‍ (എല്‍എസിടിസി) പ്രസിഡന്റ് ഡോ. ആസിഫ് ഇക്ബാല്‍ പറഞ്ഞു.
എല്‍എസി രാജ്യങ്ങള്‍ക്ക് പരസ്പരം പ്രയോജനം ലഭിക്കത്തക്കവിധത്തില്‍ ശക്തമായ വ്യാപാര, ടൂറിസം ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിന് തന്നാലാവും വിധം ശ്രമിക്കുമെന്ന് ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഗുഡ്വില് അംബാസഡര്‍ സ്ഥാനം ഏറ്റെടുത്ത് അഡ്വ. കെ.ജി. അനില്‍കുമാര്‍ പറഞ്ഞു.