എഥിലീൻ ഓക്സൈഡ് ഉപയോഗം; സുഗന്ധവ്യഞ്ജന വ്യവസായത്തിൽ കൺഫ്യൂഷൻ
Friday, May 17, 2024 11:41 PM IST
കൊച്ചി: ഭക്ഷ്യവസ്തുക്കളെ അണുവിമുക്തമാക്കുന്ന എഥിലീൻ ഓക്സൈഡിന്റെ (ഇടിഒ) ഉപയോഗം സുഗന്ധവ്യഞ്ജന വ്യവസായ, കയറ്റുമതി രംഗങ്ങളിലുണ്ടാക്കിയ ആശങ്കകൾക്കു വിരാമമായില്ല.
ഇടിഒയുടെ ഉപയോഗത്തിന്റെ പേരിൽ സിംഗപ്പുരും ഹോങ്കോംഗും ഇന്ത്യയിൽനിന്നുള്ള സുഗന്ധവ്യഞ്ജന കയറ്റുമതിക്കു നിയന്ത്രണം ഏർപ്പെടുത്തിയതിനെത്തുടർന്നുണ്ടായ ആശയക്കുഴപ്പം ഈ മേഖലയെ പ്രതികൂലമായി ബാധിക്കുകയാണെന്നു കയറ്റുമതിക്കാർ ചൂണ്ടിക്കാട്ടുന്നു.
സുഗന്ധദ്രവ്യങ്ങളിലും ഭക്ഷ്യ ഉത്പന്നങ്ങളിലും അടങ്ങിയിരിക്കുന്ന സാൽമൊണെല്ല, ഇ കോളി രോഗാണുക്കളെയും സൂക്ഷ്മജീവികളെയും നിയന്ത്രിക്കുന്നതിനും ഭക്ഷ്യവസ്തുക്കളെ അണുവിമുക്തമാക്കുന്നതിനുമാണ് ഇടിഒ ഉപയോഗിക്കുന്നത്. വിപണിയിലെത്തുന്ന സുഗന്ധവ്യഞ്ജനങ്ങളുടെ തനിമയും സ്വാദും ഗുണങ്ങളും നിലനിർത്തുന്നതിൽ ഇതിനു വലിയ പങ്കുണ്ട്. അതേസമയം, പരിധിയിൽ കവിഞ്ഞ ഇടിഒ ഉപയോഗിച്ച ഭക്ഷ്യവസ്തുക്കൾ ആരോഗ്യത്തിനു ഹാനികരമാണെന്നും ചൂണ്ടിക്കാട്ടുന്നു.
യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇടിഒ അനുവദനീയമായ പരിധിയിൽ ഉപയോഗിക്കുന്നുണ്ടെന്ന് ഓൾ ഇന്ത്യ സ്പൈസസ് എക്സ്പോർട്ടേഴ്സ് ഫോറം (എഐഎസ് ഇഎഫ്) ചെയർമാൻ സഞ്ജീവ് ബിഷ്ത് പറഞ്ഞു.
സുഗന്ധവ്യഞ്ജനങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ ഭക്ഷ്യസുരക്ഷാ, ഗുണനിലവാര നിബന്ധനകൾ പാലിച്ച് ഇടിഒ പ്രയോഗം നിയമപ്രകാരം അനുവദിക്കേണ്ടതാണ്. ഇടിഒ ഉപയോഗിച്ച് സംസ്കരിച്ച സുഗന്ധവ്യഞ്ജനങ്ങൾ വിതരണം ചെയ്യാൻ ഇന്ത്യൻ കയറ്റുമതിക്കാരെ അനുവദിച്ചില്ലെങ്കിൽ അത് ആഗോള സുഗന്ധവ്യഞ്ജന വിപണിയിൽ ഇന്ത്യയെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സുഗന്ധവ്യഞ്ജന ഉത്പന്നങ്ങൾ ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനു ഗുണനിലവാര മാനദണ്ഡങ്ങളും പരമാവധി അവശിഷ്ട പരിധികളും (എംആർഎൽ) നിശ്ചയിച്ചിട്ടുണ്ടെന്ന് എഐഎസ്ഇഎഫ് വൈസ് ചെയർമാൻ ഇമ്മാനുവൽ നമ്പുശേരിൽ പറഞ്ഞു.
ശാസ്ത്രീയമായി അപകടസാധ്യത വിലയിരുത്തേണ്ടത് അതിന്റെ അടിസ്ഥാനത്തിലാണ്. സുഗന്ധവ്യഞ്ജനങ്ങളിൽ ഇടിഒ അനുവദിക്കാതിരിക്കുന്നതു മൈക്രോ ബയോളജിക്കൽ രോഗാണുക്കൾ വഴിയുള്ള അപകടസാധ്യത വർധിപ്പിക്കും.
എഥിലീൻ ഓക്സൈഡിന്റെ ഉപയോഗത്തിനു പരിധി നിശ്ചയിക്കാൻ സുഗന്ധവ്യഞ്ജനങ്ങളുടെ ഗുണനിലവാരം നിശ്ചയിക്കുന്ന അന്താരാഷ്ട്ര സമിതിയോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
സർക്കാർ ഇടപെടണമെന്നു സംഘടനകൾ
എഥിലീൻ ഓക്സൈഡ് ഉപയോഗം സംബന്ധിച്ച് ഇന്ത്യൻ സുഗന്ധവ്യഞ്ജന വ്യവസായരംഗത്തുണ്ടായ ആശങ്കകൾ പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സ്പൈസസ് എക്സ്പോർട്ട് സംഘടനകൾ ആവശ്യപ്പെട്ടു.
ഇന്ത്യൻ സുഗന്ധവ്യഞ്ജന വ്യവസായത്തിന്റെ വിശ്വാസ്യത തകർക്കുന്ന പ്രചാരണങ്ങൾക്കെതിരേ ഓൾ ഇന്ത്യ സ്പൈസസ് എക്സ്പോർട്ടേഴ്സ് ഫോറത്തിനു (എഐഎസ്ഇഎഫ്) പുറമെ, ഇന്ത്യൻ സ്പൈസ് ആൻഡ് ഫുഡ് സ്റ്റഫ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ (ഐഎസ്എഫ് ഇഎ), ഇന്ത്യൻ പെപ്പർ ആൻഡ് സ്പൈസ് ട്രേഡ് അസോസിയേഷൻ (ഐപിഎസ്ടിഎ), ഫെഡറേഷൻ ഓഫ് ഇന്ത്യൻ സ്പൈസ് സ്റ്റോക്ക് ഹോൾഡേഴ്സ് (എഫ്ഐഎസ്എസ്) എന്നീ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
ഇടിഒ വഴി സംസ്കരിച്ച സുഗന്ധവ്യഞ്ജനങ്ങളുടെ മേൽനോട്ടവും പരിശോധനയും സർട്ടിഫിക്കേഷനും ഉൾപ്പെടുന്ന ശക്തമായ നിയന്ത്രണ ചട്ടക്കൂട് ആവശ്യമാണെന്നു സംഘടനകൾ ചൂണ്ടിക്കാട്ടി. സംസ്കരിച്ച സുഗന്ധവ്യഞ്ജനങ്ങളുടെ ഗുണങ്ങളെയും സുരക്ഷയെയും കുറിച്ചു ബോധവത്കരണം നടത്തണം. എഥിലീൻ ഓക്സൈഡിന്റെ ഉപയോഗം സംബന്ധിച്ചു തെറ്റിദ്ധാരണകളും ആശങ്കകളും നീക്കേണ്ടതുണ്ടെന്നും സംഘടനാ പ്രതിനിധികൾ ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷം കയറ്റുമതി 14.26 ലക്ഷം ടൺ
സുഗന്ധവ്യഞ്ജനങ്ങളുടെ ഉത്പാദനത്തിലും കയറ്റുമതിയിലും മുൻനിരയിലാണ് ഇന്ത്യ. കഴിഞ്ഞ സാന്പത്തിക വർഷം ഏകദേശം 4.2 ബില്യൺ ഡോളറിന്റെ (14.26 ലക്ഷം ടൺ) സുഗന്ധവ്യഞ്ജനങ്ങൾ രാജ്യം കയറ്റുമതി ചെയ്തു. ഇത്രയും അളവിൽ കയറ്റുമതി ചെയ്യപ്പെടുന്ന സുഗന്ധവ്യഞ്ജനങ്ങളിൽ ചെറിയ ശതമാനമെങ്കിലും പല കാരണങ്ങളാൽ നിരസിക്കപ്പെടുന്നതു
തിരിച്ചടിയാണ്.