ന്യായവില പ്രഖ്യാപിച്ച് സംഭരണം ഉറപ്പാക്കാത്ത പദ്ധതികള്‍ റബർ കർഷകർക്ക് ഗുണം ചെയ്യില്ല: വി.സി. സെബാസ്റ്റ്യന്‍
Wednesday, February 21, 2024 1:39 AM IST
കോട്ടയം: റബറിന് ന്യായവില പ്രഖ്യാപിച്ച് സംഭരണം ഉറപ്പാക്കാത്ത കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സഹായ പദ്ധതികള്‍ നിലവിലുള്ള റബര്‍ കര്‍ഷകര്‍ക്ക് യാതൊരു നേട്ടവുമുണ്ടാക്കില്ലെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ വി.സി. സെബാസ്റ്റ്യന്‍.
റബര്‍ മേഖലയ്ക്കുള്ള സാമ്പത്തിക സഹായം 23 ശതമാനം വര്‍ധിപ്പിക്കുമെന്ന കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം രാജ്യം തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ കേള്‍ക്കാന്‍ ഇമ്പമുള്ളതാണെങ്കിലും കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്ക് ആഹ്ലാദിക്കാന്‍ വകയൊന്നുമില്ല.
ഗോഹട്ടിയില്‍ നടക്കുന്ന ഇന്ത്യ റബര്‍ മീറ്റിന്റെ മുന്നോടിയായി വടക്കുകിഴക്കന്‍ റബര്‍ വ്യാപന പദ്ധതിക്ക് ഉത്തേജനമേകുന്നതാണ് ഈ പ്രഖ്യാപനം. വിലത്തകര്‍ച്ചമൂലം ഒരു പതിറ്റാണ്ടിലേറെയായി പ്രതിസന്ധിയിലായിരിക്കുന്ന കേരളത്തിലെ പരമ്പരാഗത റബര്‍മേഖലയ്ക്ക് പുതിയ പ്രഖ്യാപനങ്ങള്‍ നേട്ടമാകില്ലെന്നുമാത്രമല്ല വടക്കുകിഴക്കന്‍ റബര്‍ പ്രോത്സാഹന പദ്ധതികള്‍ കൂടുതല്‍ സജീവമാകുമ്പോള്‍ സംസ്ഥാനത്ത് നിലവില്‍ തുടരുന്ന വിലത്തകര്‍ച്ചയുടെ ആക്കം കൂടുകയും ചെയ്യുമെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.