ഉയരങ്ങള്‍ താണ്ടി നിഫ്റ്റിയുടെ കുതിപ്പ്
Saturday, December 2, 2023 1:09 AM IST
മുംബൈ: ആഭ്യന്തര ഓഹരിവിപണിയിൽ മുന്നേറ്റം തുടരുന്നു. ഓഹരിസൂചികയായ നിഫ്റ്റി 50 പുതിയ റിക്കാർഡ് കൈവരിച്ച് 20,291.55 പോയിന്റിൽ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചു; 135 പോയിന്റിന്റെ വർധന.
സാന്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ രാജ്യത്തിന്റെ ജിഡിപി വളർച്ച പ്രതീക്ഷിച്ചതിലും ഉയർന്നതാണ് ഓഹരിവിപണിയിലെ കുതിപ്പിനു കാരണമെന്നാണു വിലയിരുത്തൽ.
മിഡ്-സ്മോൾ ക്യാപ് സൂചികകളും റിക്കാർഡ് ഉയരത്തിലാണ്. നിഫ്റ്റി മിഡ്ക്യാപ്പ് 100 സൂചിക 43,469.30 പോയിന്റിലും നിഫ്റ്റി സ്മോൾക്യാപ് 100 സൂചിക 14,305.10 പോയിന്റിലുമാണ്.
സെൻസെക്സിലും കുതിപ്പ് ദൃശ്യമാണ്. 493 പോയിന്റ് വർധിച്ച സെൻസെക്സ് 67,481.19 പോയിന്റിൽ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചു. എന്നിരുന്നാലും സർവകാല റിക്കാർഡായ 67,927.23 പോയിന്റിലേക്ക് 446 പോയിന്റിന്റെ ദൂരമുണ്ട്. ഈ വർഷം സെപ്റ്റംബർ 15നാണ് സെൻസെക്സ് സർവകാല റിക്കാർഡ് കുറിച്ചത്.
കുതിപ്പിനു പിന്നിൽ
1. ജിഡിപി കരുത്ത്
7.6 ശതമാനമാണു രണ്ടാം പാദത്തിലെ ഇന്ത്യയുടെ ജിഡിപി വളർച്ച. ഇത് പ്രതീക്ഷിച്ചതിനേക്കാൾ കൂടുതലാണ്. 6.8 ശതമാനം വളർച്ചയാണ് നടപ്പുപാദത്തിലെ പ്രവചനം. ആഗോള സന്പദ്വ്യവസ്ഥയിൽ മാന്ദ്യമാണെങ്കിലും ഇത് ഇന്ത്യയുടെ വളർച്ചയെ ബാധിച്ചില്ലെന്നു സാന്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
2. രാഷ്ട്രീയ സ്ഥിരത
അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനുശേഷം പുറത്തുവന്ന എക്സിറ്റ് പോളുകൾ സ്ഥിരതയുള്ള സർക്കാരുകളാണു പ്രവചിക്കുന്നത്; ചിലയിടങ്ങിൽ ബിജെപിക്കു മേൽക്കൈയുമുണ്ട്. അടുത്ത വർഷം പൊതു തെരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യത്തിൽ ഈ സ്ഥിരത വിപണിക്കു നിർണായകമാണ്. സംസ്ഥാനങ്ങളിലെ നിലവിലെ സ്ഥിതി തുടർന്നാൽ കേന്ദ്രത്തിൽ ബിജെപി വീണ്ടും അധികാരത്തിൽ വരുമെന്നും നിലവിലെ സാന്പത്തികനയങ്ങൾക്കു തുടർച്ചയുണ്ടാകുമെന്നും വിപണി കരുതുന്നു.
3. ചെറുകിട നിക്ഷേപകർ
സമീപകാലത്തു ചെറുകിട നിക്ഷേപകരുടെ ഒരു കുത്തൊഴുക്ക് വിപണിയിൽ ദൃശ്യമാണ്. ബിഎസ്ഇയിൽ രജിസ്റ്റർ ചെയ്ത നിക്ഷേപകരുടെ എണ്ണം മൂന്നു കോടി കവിഞ്ഞതായാണു കണക്കുകൾ. വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽനിന്നു മാറിനിൽക്കുന്പോൾ ആഭ്യന്തര ചെറുകിട നിക്ഷേപകരുടെ സഹായം വിപണിക്ക് ആവശ്യമായിവരും. നിലവിൽ ഈ സഹായം തുടരുന്നതു വിപണിയുടെ കുതിപ്പിനു കാരണമായിട്ടുണ്ട്.
4. നിരക്ക് വർധനയില്ല
നിലവിൽ വളരെ ഉയരത്തിലുള്ള യുഎസ് പലിശനിരക്ക് അടുത്ത വർഷം മേയ്-ജൂണ്‍ മാസത്തോടെ കുറയുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. ഇത് ഇന്ത്യൻ വിപണിയിലേക്കു വിദേശ നിക്ഷേപകരുടെ കുത്തൊഴുക്കിനു കാരണമാകും. രണ്ടു മാസത്തെ വില്പനയ്ക്കുശേഷം വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരികൾ വാങ്ങാൻ തുടങ്ങിയിട്ടുണ്ട്. നവംബറിൽ 9,001 കോടി രൂപയുടെ ഓഹരികൾ വിദേശ നിക്ഷേപകർ സ്വന്തമാക്കിയെന്നാണു കണക്ക്.
5. സാങ്കേതിക കാരണങ്ങൾ
കാളകൾക്ക് അനുകൂലമായാണു നിഫ്റ്റിയുടെ നിലവിലെ ദിശ. 20,089-19,909 പോയിന്റിൽ പിന്തുണയും 20,500-20,751 പോയിന്റിൽ പ്രതിരോധവുമുണ്ട്. നിലവിലെ കുതിപ്പ് തുടർന്നാൽ നിഫ്റ്റി വീണ്ടും പുതിയ ഉയരങ്ങൾ കീഴടക്കും.