ക്രിസ്മസ് കാത്ത് കർഷകർ
Monday, November 27, 2023 1:37 AM IST
വിപണിവിശേഷം / കെ.ബി. ഉദയഭാനു
ടെർമിനൽ മാർക്കറ്റിലേക്കുള്ള മുഖ്യ ഉത്പന്നങ്ങളുടെ വരവിൽ കാര്യമായ വർധനയില്ല. കുരുമുളകിനെ തളർത്താൻ ആഭ്യന്തര വാങ്ങലുകാർ ശ്രമം തുടരുകയാണ്. ശൈത്യം ശക്തമായിട്ടും ചുക്ക് മുന്നേറിയില്ല.
ജാതിക്ക, ജാതിപത്രി വിലകളിൽ മാറ്റമില്ല. പച്ചത്തേങ്ങയും കരിക്കും മികവ് കാഴ്ചവച്ചിട്ടും കൊപ്രയും വെളിച്ചെണ്ണയും മാന്ദ്യത്തിലാണ്. പ്രമുഖ വിപണികളിൽ റബർ ലഭ്യത ചുരുങ്ങിയതു കന്പനി സ്പ്ലെയർമാരെ സമ്മർദത്തിലാക്കി. ആഭരണകേന്ദ്രങ്ങളിൽ സ്വർണം മുന്നേറ്റത്തിൽ.
മുന്നേറാതെ കുരുമുളക്
കാർഷിക മേഖല ക്രിസ്മസിനായി കാത്തിരിക്കുകയാണ്. പിന്നിട്ടവാരത്തിൽ ഉത്പന്നങ്ങളിറക്കാതെ ഉത്സവദിനങ്ങളിലെ ആവശ്യങ്ങൾക്കുവേണ്ട പണം സ്വരൂപിക്കുന്നതിനായി കർഷകരും ഇടനിലക്കാരും കഴിഞ്ഞവാരം ചരക്കുനീക്കം നിയന്ത്രിച്ചു. വാങ്ങൽ താത്പര്യം ചുരുങ്ങിയതു കുരുമുളകിന്റെ മുന്നേറ്റത്തിനു തടസമായി. പിന്നിട്ടവാരം 157 ടണ് മുളക് വിൽപ്പനയ്ക്കു വന്നു. ഇതിനിടയിൽ അടുത്ത സീസണിലെ ഉത്പാദനം സംബന്ധിച്ച വ്യക്തമായ ചിത്രം ഇനിയും കർഷകർക്കു ലഭ്യമായിട്ടില്ല.
അന്തർസംസ്ഥാന വാങ്ങലുകാർ ക്രിസ്മസ് വേളയിലെ ഡിമാൻഡ് മുന്നിൽക്കണ്ട് ചരക്കുസംഭരണത്തിനുള്ള നീക്കത്തിലാണ്. ഇതു മനസിലാക്കി കുരുമുളക് വിൽപ്പനയ്ക്കിറക്കാതെ കർഷകർ ഉയർന്ന വിലയ്ക്കായി ശ്രമം നടത്തുന്നുണ്ട്. കൊച്ചിയിൽ അണ് ഗാർബിൾഡ് കുരുമുളക് 59,400 രൂപയാണ്. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 7550 ഡോളർ വരും.
മഞ്ഞുവീഴ്ച തിരിച്ചടി
ശൈത്യം തോട്ടം മേഖലയ്ക്കു മുകളിൽ കൂടചൂടിയതോടെ കൊളുന്ത് നുള്ളുന്നതിൽനിന്ന് അൽപ്പം പിന്തിരിയാൻ തൊഴിലാളികളും കർഷകരും നിർബന്ധിതരായി.
മഞ്ഞുവീഴ്ചയിൽ കൊളുന്തിലകൾ പിടിച്ചുനിൽക്കാൻ ക്ലേശിക്കുകയാണ്. പകൽ സൂര്യപ്രകാശം താങ്ങാനാവാതെ വാടിക്കരിയുന്ന അവസ്ഥയുമുണ്ട്. തേയില ഉത്പാദനം ഇനിയുള്ള ഏതാനും ആഴ്ചകളിൽ ചുരുങ്ങുമെന്നാണു തൊഴിലാളികളുടെ വിലയിരുത്തൽ. രാത്രി താപനില ഇനിയും കുറഞ്ഞാൽ ഉൽപാദനം സ്തംഭിക്കാം. ദീപാവലിക്കുശേഷം ദക്ഷിണേന്ത്യൻ തേയില ലേലകേന്ദ്രങ്ങളിൽ വാങ്ങൽ താത്പര്യം അൽപ്പം ചുരുങ്ങിയത് ഇല, പൊടി തേയില വിലകളെ ബാധിച്ചു.
ആഭ്യന്തര വിദേശ ഡിമാൻഡ് ചുരുങ്ങുന്ന സാഹചര്യത്തിൽ തോട്ടം മേഖല ചരക്കുനീക്കം നിയന്ത്രിക്കാം. അതേസമയം, അടുത്ത രണ്ടുമൂന്ന് ആഴ്ചകളിൽ ക്രിസ്മസിനുള്ള വാങ്ങലുകൾ ആഭ്യന്തര മാർക്കറ്റിനെ സജീവമാക്കിയാൽ വിലത്തകർച്ചയെ തടയാനാകും.
മണ്ഡലകാലം കാത്ത്
മണ്ഡലകാലത്തിനു തുടക്കം കുറിച്ചതോടെ ശബരിമല തീർഥാടകരിൽനിന്ന് നാളികേരത്തിനു ഡിമാൻഡ് ഉയരുകയാണ്. കേരളത്തിലും അയൽ സംസ്ഥാനങ്ങളിലും നാളികേരം ശ്രദ്ധിക്കപ്പെടുന്നതിനാൽ അതു വിലയിലും പ്രതിഫലിക്കും. പച്ചത്തേങ്ങ വില കിലോ 40 രൂപയിലെത്തി. എന്നാൽ ഈ മൂന്നേറ്റം കൊപ്രയിൽ പ്രതിഫലിച്ചില്ല. എണ്ണ വിപണിയിലെ മാന്ദ്യം മുന്നിൽക്കണ്ട് വ്യവസായികൾ കൊപ്ര സംഭരണം കുറച്ചു. ഇതിനിടെ, സംഭരിച്ച കൊപ്ര നാഫെഡ് വിൽപനയ്ക്കൊരുങ്ങുന്നത് ഉത്പാദകരിൽ ആശങ്ക പരത്തി. കൊച്ചിയിൽ എണ്ണ 13,500ലും കൊപ്ര 9100 രൂപയിലുമാണ്.
ക്രിസ്മസ്-ന്യൂ ഇയർ ബയിംഗിന് ഏലം കയറ്റുമതിക്കാർ ഉത്സാഹിച്ചെങ്കിലും ഉത്പന്നവില മുന്നേറിയില്ല. ലേലത്തിൽ ചരക്കുനീക്കം നിയന്ത്രിച്ചാൽ നിരക്കു മെച്ചപ്പെടുത്താനാകുമെന്ന നിലപാടിലാണ് ചെറുകിട കർഷകർ. വൻകിട തോട്ടങ്ങളും ഇക്കാര്യത്തിൽ യോജിച്ചു നീങ്ങിയാൽ മുന്നിലുള്ള മൂന്നാഴ്ചകളിൽ വിലയുയരാം. വാരാന്ത്യം നടന്ന ലേലത്തിനു ശരാശരി ഇനങ്ങൾ കിലോ 1591 രൂപയിലും മികച്ചയിനങ്ങൾ 2151 രൂപയിലും കൈമാറി.
വിലയിടിക്കാൻ ശ്രമം
ആഭ്യന്തര-വിദേശ വിപണികളിൽനിന്ന് ജാതിക്ക, ജാതിപത്രി എന്നിവയ്ക്ക് ആവശ്യമുയർന്നെങ്കിലും വിലയിൽ മാറ്റമില്ല. നടപ്പുവർഷം ജാതി ഉത്പാദനത്തിലെ വർധനയും നിരക്ക് ഉയർത്തുന്നതിൽനിന്ന് വ്യവസായികളെ പിന്തിരിപ്പിച്ചു. ഉത്തരേന്ത്യൻ വ്യവസായികൾ സാന്പത്തിക ഞെരുക്കത്തിന്റെ പേരിൽ വിലക്കയറ്റം തടഞ്ഞു.
മധ്യകേരളത്തിലെ ഒരു വിഭാഗം വാങ്ങലുകാർ പിന്നിട്ട ഏതാനും മാസങ്ങളായി വിലയിടിക്കാൻ സംഘടിതനീക്കം നടത്തുന്നുണ്ട്. ഈ നീക്കം അവസാനിപ്പിച്ചാൽ, കിലോ 225 രൂപയ്ക്കുമുകളിൽ പിടിച്ചുനിൽക്കാനാകുമെന്നാണു കാർഷികമേഖലയുടെ വിലയിരുത്തൽ. ഇതിനിടെ, വാങ്ങലുകാർ താഴ്ന്നറേഞ്ചിൽനിന്ന് പ്രാദേശികനിരക്ക് ഉയർത്താൻ അണിയറനീക്കം തുടങ്ങിയെന്നും ഒരു വിഭാഗം വ്യാപാരികൾ പറയുന്നു.
പുതിയ ജാതിക്ക സീസണിന് മാർച്ച് വരെ കാത്തിരിക്കണം. ജനുവരിയോടെ ഉത്പന്നവില ഉയർന്നുതുടങ്ങുമെന്നാണു പെരുന്പാവൂർ, കാലടി മേഖലയിൽനിന്നു ലഭ്യമാവുന്ന സൂചന. വൻകിട വ്യാപാരികളും ഇടനിലക്കാരും അവരുടെ പരമാവധി ചരക്കു സംഭരിച്ചു. ഇത്, വിപണിയുടെ ദിശ തിരിക്കാൻ അവരെ പ്രേരിപ്പിക്കുന്നുണ്ടെന്നാണു സൂചന.
സ്വര്ണക്കുതിപ്പ്
ആഭരണ വിപണികളിൽ സ്വർണ വില ഉയർന്നു. പവൻ 45,240 രൂപയിൽനിന്ന് 45,680 രൂപയായി. ഗ്രാമിന് 5655 രൂപയിൽനിന്ന് 5710 രൂപയായി വർധിച്ചിട്ടുണ്ട്.
കളിച്ച് ടയർ ലോബി
കന്പനി സപ്ലെയർമാർക്ക് ആവശ്യാനുസരണം റബർ ഷീറ്റ് ലഭിക്കുന്നില്ലെങ്കിലും ടയർ നിർമാതാക്കൾ വിലയുയർത്താൻ തയാറല്ല. കാർഷിക മേഖല ടാപ്പിംഗിന് ഉത്സാഹിച്ചു, എന്നാൽ, കുറഞ്ഞ വിലയ്ക്കു ഷീറ്റും ലാറ്റക്സും വിൽപ്പനയ്ക്കിറക്കാൻ തയാറല്ല. ചെറുകിട കർഷകർ അടുത്ത വാരത്തോടെ വിപണികളിലേക്കു തിരിയും.
ക്രിസ്മസ് ആവശ്യങ്ങൾക്കുള്ള പണം കണ്ടത്താൻ ചെറുകിടക്കാർ ചരക്കുമായി വിപണിയെ സമീപിക്കുമെന്ന പ്രതീക്ഷയിലാണു ടയർ ലോബിയും. ആർഎസ്എസ് നാലാം ഗ്രേഡ് റബർ വില കിലോ 153 രൂപയാണ്. അഞ്ചാം ഗ്രേഡ് 150 രൂപയിലും ഒട്ടുപാൽ 100ലും ലാറ്റക്സ് 102ലും നിൽക്കുന്നു.