കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: ഇഡി റെയ്ഡില്‍ കോടികളുടെ രേഖകള്‍ പിടിച്ചെടുത്തു
Tuesday, September 19, 2023 11:45 PM IST
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്കിലെ കോടികളുടെ ക്രമക്കേടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ കോടികള്‍ വില വരുന്ന രേഖകള്‍ പിടിച്ചെടുത്തു. സംസ്ഥാനത്തെ ഒമ്പത് ഇടങ്ങളില്‍ നടത്തിയ റെയ്ഡിന്റെ വിവരങ്ങള്‍ ഇഡി പുറത്തുവിട്ടു.
കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി സതീഷ് കുമാറുമായി പണമിടപാട് നടത്തിയ അനില്‍കുമാറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 15 കോടി രൂപ മൂല്യം വരുന്ന അഞ്ച് രേഖകളും അനിലിന്റെ ബന്ധുവും ജ്വല്ലറി ഉടമയുമായ സുനില്‍ കുമാറിന്റെ വീട്ടില്‍ നിന്ന് 800 ഗ്രാം സ്വര്‍ണവും 5.5 ലക്ഷം രൂപയും പിടിച്ചെടുത്തു.
കേസിലെ രണ്ടാം പ്രതിയായ പി.പി. കിരണ്‍കുമാറിന്റെ സുഹൃത്ത് എസ്. ദീപക്കിന്റെ എറണാകുളം കോമ്പാറയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ അഞ്ചു കോടി മൂല്യം വരുന്ന 19 രേഖകള്‍ പിടിച്ചെടുത്തതായും ഇഡി പത്രകുറിപ്പില്‍ അറിയിച്ചു. കൂടാതെ വിവിധ ആധാരം എഴുത്തുകാരുടെ ഓഫീസില്‍ നിന്നായി സതീഷ്കുമാറിന്റെ ബെനാമി സ്വത്തുക്കളുടെ 25 രേഖകളും ഇഡി പിടിച്ചെടുത്തു.
അതിനിടെ കേസുമായി ബന്ധപ്പെട്ട് തൃശൂര്‍ സഹകരണ ബാങ്ക് സെക്രട്ടറി എന്‍.വി. ബിനുവിനെ ഇഡി ഇന്നലെ ചോദ്യം ചെയ്തു. കൂടാതെ തൃശൂര്‍ കോര്പറേഷന് കൗണ്‍സിലറും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായ അനൂപ് ഡേവിസ് കാട, കരുവന്നൂര്‍ ബാങ്ക് മുന്‍ സെക്രട്ടറി ടി.ആര്.സുനില്‍കുമാര്‍ എന്നിവരെയും ഇന്നലെ വീണ്ടും ചോദ്യം ചെയ്തു.