അദാനി-ഹിൻഡൻബർഗ് കേസിലെ അന്വേഷണം; പുതിയ സമിതി വേണമെന്ന് ഹർജി
Monday, September 18, 2023 10:33 PM IST
ന്യൂഡൽഹി: അദാനി-ഹിൻഡൻബർഗ് കേസിലെ അന്വേഷണത്തിന് സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ പുതിയ വിദഗ്ധ സമിതി രൂപീകരിക്കണമെന്ന് പരാതി.
അദാനി സംരംഭങ്ങളുടെ ഓഹരി വിലകളും അക്കൗണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ടിനെ തുടർന്ന് നിക്ഷേപകർക്ക് കോടികളുടെ നഷ്ടമുണ്ടായ സംഭവത്തിൽ അന്വേഷണം നടത്തുന്നതിന് മാർച്ച് രണ്ടിന് സുപ്രീംകോടതി നിയോഗിച്ച ജസ്റ്റീസ് സാപ്രെ കമ്മിറ്റിയുടെ അന്വേഷണം നിഷ്പക്ഷമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുൻ ചെയർമാൻ ഒ.പി. ഭട്ട്, റിട്ടയേർഡ് ബോംബെ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ജെ.പി. ദേവധർ, ന്യൂ ഡെവലപ്മെന്റ് ബാങ്ക് ഓഫ് ബ്രിക് രാജ്യങ്ങളുടെ മുൻ മേധാവി കെ.വി. കാമത്ത്, ഇൻഫോസിസിന്റെ സഹസ്ഥാപകനും ഓഹരി വിദഗ്ധനുമായ നന്ദൻ നിലേകനി, അഭിഭാഷകനായ സോമശേഖർ സുന്ദരേശൻ എന്നിവരാണ് വിദഗ്ധ സമിതി അംഗങ്ങൾ.
അദാനി-ഹിൻഡൻബർഗ് ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിൽ സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)ക്കെതിരേ വിദഗ്ധ സമിതി രൂക്ഷമായ വിമർശനങ്ങളാണ് ഉയർത്തിയത്. അദാനി സംരംഭങ്ങളുമായി ബന്ധപ്പെട്ട 12 വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്പിഐകൾ) ഉൾപ്പെടെ 13 വിദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയെക്കുറിച്ചുള്ള വിദഗ്ധ സമിതിയുടെ റിപ്പോർട്ടിൽ അവ്യക്തതകൾ ഉണ്ടായിരുന്നതായി പരാതിക്കാരിയായ അനാമിക ജയ്സ്വാൾ ചൂണ്ടിക്കാട്ടി.
വിദഗ്ധ സമിതിയിലെ അംഗമായ എസ്ബിഐ മുൻ ചെയർമാൻ ഒ.പി. ഭട്ട് നിലവിൽ അദാനി ഗ്രൂപ്പുമായി വ്യാപാര ബന്ധങ്ങളുള്ള പുനരുപയോഗ ഊർജ കന്പനിയായ ഗ്രീൻകോയുടെ ചെയർമാനായി പ്രവർത്തിക്കുന്നതായും മുൻ മദ്യവ്യവസായി വിജയ് മല്യക്ക് വായ്പ വിതരണം ചെയ്തതിൽ വഴിവിട്ട് പ്രവർത്തിച്ചുവെന്ന കേസിൽ ഒ.പി. ഭട്ടിനെ 2018 മാർച്ചിൽ സിബിഐ ചോദ്യം ചെയ്തിരുന്നതായും പരാതിക്കാരിക്കു വേണ്ടി ഹാജരായ അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്, ചെറിൽ ഡിസൂസ എന്നിവർ ചൂണ്ടിക്കാട്ടി.